പെണ്ണ് കരുത്തുള്ളവളായില്ലെങ്കിൽ
സ്വപ്നങ്ങൾ സത്യമാവണമെന്ന് ഒരിക്കലും അവൾ ആഗ്രഹിച്ചിട്ടില്ല, കാരണം അവളുടെ സ്വപ്നങ്ങൾക്കുമേൽ പുസ്തകത്തിന്റെ ഒരു കൂടാരം തന്നെ അവർ തീർത്തിരുന്നു
പലപ്പോഴും കൊഴിയാൻ മടിച്ച മോഹങ്ങൾ പറിച്ചെറിയുമ്പോൾ, ഒരു തീക്കനലായി അവ, അവളുടെ മനസ്സിൽ പടർന്നു കയറുമായിരുന്നു. അതിൽ അവസാനത്തേതായിരുന്നു ഈ തിരുവോണദിവസവും.
അവൾ ഒരുപാട് ആഗ്രഹിച്ചതാണ് ഈ തിരുവോണദിവസം അച്ഛന്റെയും, അമ്മയുടെയും, ഒപ്പമിരുന്നു ഓണസദ്യയുണ്ണാനും, പിന്നീട് അസോസിയേഷൻ നടത്തുന്ന ഓണാഘോഷപരിപാടികളിൽ പങ്കുചേരാനും
കൂട്ടുകാരോടൊത്ത് ഓണവിശേഷങ്ങൾ പങ്കുവെക്കാനും മറ്റുമായി ഈ നല്ല സുദിനം മറക്കാൻ പറ്റാത്ത ഒന്നാകണമെന്ന്.
പക്ഷെ അവളുടെ പ്രതീക്ഷകൾ എല്ലാം തന്നെ നിഷ്പ്രഭമാക്കിക്കൊണ്ടാണ് അമ്മയുടെയും അച്ഛന്റെയും വാക്കുകൾ അവളുടെ മനസ്സിൽ മുറിവേല്പിക്കും വിധം തുളച്ചുകയറിയത്.
കമ്പനിയുടെ എന്തോ അത്യാവശ്യ കാര്യത്തിനായി അവർക്ക് ഇന്ന് തന്നെ ബാംഗ്ലൂർവരെ പോണമെന്ന്. അതുകൊണ്ട് അടുത്ത തവണ ഓണം ഗംഭീരമായി കൊണ്ടാടാമെന്ന സ്ഥിരം പല്ലവിയും.
എന്തെല്ലാം പ്രതീക്ഷകളായിരുന്നു അവളുടെ മനസ്സിൽ, പക്ഷെ അതെല്ലാം ഒറ്റനിമിഷം കൊണ്ട് അസ്തമിച്ചു. ആ വലിയ വിശാലമായ ഫ്ലാറ്റിൽ ഇനി രണ്ടു ദിവസം ഒറ്റയ്ക്ക്.
ഒറ്റയ്ക്ക് നില്ക്കാൻ അവൾക്ക് ഒരു പേടിയും ഇല്ലായിരുന്നു. കാരണം, അവൾ ഇങ്ങനത്തെ സാഹചര്യങ്ങളുമായി ഇതിനോടകം തന്നെ പൊരുത്തപ്പെട്ടുകഴിഞ്ഞിരുന്നു.