പെണ്ണ് കരുത്തുള്ളവളായില്ലെങ്കിൽ.. ഭാഗം – 1
ഈ കഥ ഒരു പെണ്ണ് കരുത്തുള്ളവളായില്ലെങ്കിൽ സീരീസിന്റെ ഭാഗമാണ് , മറ്റ് 3 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
പെണ്ണ് കരുത്തുള്ളവളായില്ലെങ്കിൽ

പെണ്ണ് – ഇന്ന് തിരുവോണം, നാടെങ്ങും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും , സംമ്പൽസമൃദ്ധിയുടെയും ഉത്സവമായ ഓണം ആഘോഷിക്കുന്നു . എല്ലാ മലയാളികളുടെയും നാട്ടിലും, വീട്ടിലും ആരവങ്ങളും ആഘോഷങ്ങളും ചാർത്തി ഓണം കൊണ്ടാടുകയാണ്.

മാവേലി മന്നനെ വരവേൽക്കാൻ നാടും വീടും ഒരുങ്ങിക്കഴിഞ്ഞു.
പകിട്ടാർന്ന പൂക്കളും ,പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും മിഴിവേകുന്ന ഈ ചിങ്ങപ്പുലരി അവൾക്ക് നൽകുന്നത് വേദനാർഹമായ നിമിഷങ്ങളാണ്.

ഓർമ്മകൾ കൂടുകൂട്ടാനും , കൂട്ടുകാരെയെല്ലാമൊന്ന് കാണാനും, ഒന്നുചിരുന്നു വട്ടമിട്ട് സദ്യയുണ്ണാനും, കൈകൊട്ടിക്കളിക്കാനും, ഉഞ്ഞാലാടാനുമൊക്കെ അവളുടെ മനസ്സ് തുടിക്കുകയാണ്.

പക്ഷെ ഇന്നത്തെ മനോഹര സുദിനം ആ വിശാലമായ ഫ്ലാറ്റിന്റെ നാലുചുവരുകൾക്കുള്ളിൽ കഴിച്ചുകൂട്ടാനാണ് അവളുടെ വിധി.

ഇന്ന് അവളുടെ മനസ്സിനെ ഏറ്റവും അധികം വേദനിപ്പിക്കുന്നത് അവളുടെ പ്രിയപ്പെട്ടവർ തന്നെയാണ് . അവളുടെ മാതാപിതാക്കൾ .അവർ രണ്ടുപേരും ജീവിതത്തിൽ അവൾക്കു നൽകിയ ഏറ്റവും വലിയ സമ്മാനമാണ് “ഒറ്റപ്പെടുത്തൽ”.

അവരുടെ ഒറ്റപ്പെടുത്തലിൽ അവളുടെ സ്വപ്നങ്ങളും, മോഹങ്ങളും ചങ്ങലയ്ക്കിട്ട അടിമയെപ്പോലെ ഇരുളിൽ മറഞ്ഞിരുന്നു.

തീർത്തും അർഥശൂന്യമായ ബാല്യമായിരുന്നു അവളുടേത്.
ഒരിക്കലും അവൾ അമ്പിളിയമ്മാവന് വേണ്ടി കരഞ്ഞിട്ടില്ല, കാരണം അവളുടെ അച്ഛൻ അവളെ ഒരിക്കലും മടിയിലിരുത്തി ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെയും, അവർക്കു കാവലായി അരമുറിത്തേങ്ങയുടെ വലുപ്പത്തിൽ പൂർണ്ണ ശോഭയോടെ നിൽക്കുന്ന അമ്പിളിയമ്മാവനെയും കാണിച്ചുകൊടുത്തിട്ടില്ല.

സ്വപ്നങ്ങൾ സത്യമാവണമെന്ന് ഒരിക്കലും അവൾ ആഗ്രഹിച്ചിട്ടില്ല, കാരണം അവളുടെ സ്വപ്നങ്ങൾക്കുമേൽ പുസ്തകത്തിന്റെ ഒരു കൂടാരം തന്നെ അവർ തീർത്തിരുന്നു

പലപ്പോഴും കൊഴിയാൻ മടിച്ച മോഹങ്ങൾ പറിച്ചെറിയുമ്പോൾ, ഒരു തീക്കനലായി അവ, അവളുടെ മനസ്സിൽ പടർന്നു കയറുമായിരുന്നു. അതിൽ അവസാനത്തേതായിരുന്നു ഈ തിരുവോണദിവസവും.

അവൾ ഒരുപാട് ആഗ്രഹിച്ചതാണ് ഈ തിരുവോണദിവസം അച്ഛന്റെയും, അമ്മയുടെയും, ഒപ്പമിരുന്നു ഓണസദ്യയുണ്ണാനും, പിന്നീട് അസോസിയേഷൻ നടത്തുന്ന ഓണാഘോഷപരിപാടികളിൽ പങ്കുചേരാനും
കൂട്ടുകാരോടൊത്ത് ഓണവിശേഷങ്ങൾ പങ്കുവെക്കാനും മറ്റുമായി ഈ നല്ല സുദിനം മറക്കാൻ പറ്റാത്ത ഒന്നാകണമെന്ന്.

പക്ഷെ അവളുടെ പ്രതീക്ഷകൾ എല്ലാം തന്നെ നിഷ്പ്രഭമാക്കിക്കൊണ്ടാണ് അമ്മയുടെയും അച്ഛന്റെയും വാക്കുകൾ അവളുടെ മനസ്സിൽ മുറിവേല്പിക്കും വിധം തുളച്ചുകയറിയത്.

കമ്പനിയുടെ എന്തോ അത്യാവശ്യ കാര്യത്തിനായി അവർക്ക് ഇന്ന് തന്നെ ബാംഗ്ലൂർവരെ പോണമെന്ന്. അതുകൊണ്ട് അടുത്ത തവണ ഓണം ഗംഭീരമായി കൊണ്ടാടാമെന്ന സ്ഥിരം പല്ലവിയും.

എന്തെല്ലാം പ്രതീക്ഷകളായിരുന്നു അവളുടെ മനസ്സിൽ, പക്ഷെ അതെല്ലാം ഒറ്റനിമിഷം കൊണ്ട് അസ്തമിച്ചു. ആ വലിയ വിശാലമായ ഫ്ലാറ്റിൽ ഇനി രണ്ടു ദിവസം ഒറ്റയ്ക്ക്.

ഒറ്റയ്ക്ക് നില്ക്കാൻ അവൾക്ക് ഒരു പേടിയും ഇല്ലായിരുന്നു. കാരണം, അവൾ ഇങ്ങനത്തെ സാഹചര്യങ്ങളുമായി ഇതിനോടകം തന്നെ പൊരുത്തപ്പെട്ടുകഴിഞ്ഞിരുന്നു.

ഈ ഓണം അവൾക്ക് സമ്മാനിച്ച ദുർവിധിയെക്കുറിച്ച് ഓർത്തപ്പോൾ അവളുടെ കുഞ്ഞു മനസ്സ് തെല്ലൊന്നു തേങ്ങി. പക്ഷെ തന്റെ വിഷമം ഉള്ളിൽ തന്നെ ഒതുക്കിക്കൊണ്ട് അവൾ അവരെ യാത്രയാക്കാൻ പോയി. ഇറങ്ങുമ്പോൾ അമ്മയുടെ വക ഒരു നേർത്ത തലോടൽ.

‘മോളുട്ടി സൂക്ഷിക്കണേ..ഉം.. അമ്മ എത്രയും വേഗം വരാട്ടോ..”
(അങ്ങനെ പറയുമ്പോഴും സുമിത്രയുടെ വാക്കുകൾ ഇടറിയിരുന്നു. പക്ഷെ തനിക്കും രവിയേട്ടനും ഇന്ന് പോയെ മതിയാകു .ഇറങ്ങുമ്പോഴും രവി തന്റെ കഴിവിന്റെ പരമാവധി ഫോണിലുടെ കാര്യങ്ങൾ ഇവിടെ നിന്ന് നിയന്ത്രിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. അങ്ങനെ അവർ യാത്രയായി. അവൾ ഡോർ ലോക്ക് ചെയ്തു തന്റെ ബാല്കണിയിലേക്ക് പോയി.

‘നിമ്യ ‘ അതായിരുന്നു അവളുടെ പേര്. നഗരത്തിലെ ഏറ്റവും ഉന്നത നിലവാരമുള്ള ഒരു സ്കൂളിൽ പ്ലസ്ടുവിന് പഠിക്കുന്നു.
വിലകൂടിയ വസ്ത്രങ്ങളും, ആഡംബര കാറും, മറ്റുമൊക്കെയായി സുഖ സൗകര്യങ്ങൾ നിരനിരയായി പോവുന്നെങ്കിലും അവളുടെ ജീവിതം നൂലുപൊട്ടിയ ഒരു പട്ടം പോലെ ഏകാന്തതയിൽ അലഞ്ഞു നടക്കുകയാണ്.

രവിയും, സുമിത്രയും പോയതിനു ശേഷം അവൾ നേരെപോയതു ബാൽക്കണിയിലൂടെയുള്ള ദൂരെക്കാഴ്ചകൾ ആസ്വദിക്കാനാണ്. ദൂരെ നോക്കെത്താ ദൂരത്തു പരന്നു കിടക്കുന്ന നീലാകാശം. പക്ഷിക്കൂട്ടങ്ങൾ ഒരു ദിക്കിൽ നിന്നും മറ്റൊരു ദിശയിലേക്ക് പറന്നു പോകുന്നു.

തന്റെ ജീവിതത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ആ പക്ഷിക്കൂട്ടത്തിന്റെ ജീവിതം എത്ര സുന്ദരമാണെന്നു അവൾക്ക് തോന്നിപ്പോയി. എത്ര ഭാഗ്യവാന്മാരാണ് അവറ്റകൾ. ഒരു വിലക്കുകളുമില്ലാതെ ഭൂമിയിലെ ഏതൊരു കോണിലേക്കും സഞ്ചരിക്കാൻ അവർക്ക് കഴിയും.

താഴേക്ക് നോക്കുമ്പോൾ അവിടെ ഉത്സവതുലയമായ അന്തരീക്ഷമാണ് ഒരുക്കിയിരിക്കുന്നത്. രാത്രിയിലെത്തെ പരിപാടികൾക്കായി
വലിയ ഒരു സ്റ്റേജ് തന്നെ ഒരുങ്ങി കഴിഞ്ഞു.

ഇത്തവണത്തെ ഓണാഘോഷം പൊടിപൊടിക്കുമെന്നു കഴിഞ്ഞ കമ്മറ്റയിൽ മാലതി ചേച്ചി പറഞ്ഞിരുന്നതായി അവൾ ഓർക്കുന്നു. വലിയ ഒരു അത്തപ്പൂക്കളം തന്നെ ഒരുക്കിയിട്ടുണ്ട്. പൂക്കളത്തിന്റെ ഭംഗി അവളുടെ കണ്ണുകൾക്ക് നിറമേകി.

താഴെ പോയി നോക്കിയാലോ….!!.
അല്ലെങ്കിൽ വേണ്ട. അവിടെ ചെന്നാൽ പിന്നെ ചോദ്യങ്ങളായി, രവിസാ റെവിടെ….!!, സുമിത്രേച്ചി എന്താ വരാഞ്ഞേ…!!!….സൊസൈറ്റി ലേഡീസിന്റെ കുശുമ്പും, കുത്തിവെച്ച വാക്കുകളും അലസോരപ്പെടുത്തുമെന്നതിനാൽ അവൾ അവിടെത്തന്നെ നിന്നു .

അല്ലേലും ഇവറ്റകൾ മറ്റുള്ളവരുടെ കാര്യങ്ങളിൽ ആണല്ലോ കൂടുതലും ശ്രദ്ധ പതിപ്പിക്കുന്നെ. മറ്റുള്ളവരെ വാക്കുകളാൽ മനസ്സിൽ മുറിവേൽപ്പിക്കുന്നത് അവർക്കെന്നും ഒരു ലഹരിയാണ് . ഒരുപാട് തവണ അവൾ അത് അനുഭവിച്ചിട്ടുള്ളതുകൊണ്ട് അവൾ അവിടെത്തന്നെ നിന്നു കാഴ്ചകൾ കണ്ടു..
ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് അവൾ തിരിഞ്ഞുനോക്കിയത്. നോക്കുമ്പോൾ ഗായത്രിയാണ്. ഇന്ന് രാത്രിലത്തെ ഓണാഘോഷപരിപാടിയിൽ തങ്ങൾ അവതരിപ്പിക്കേണ്ട ഡാൻസിന്റെ അവസാനഘട്ട റിഹേഴ്സലിന് ചെല്ലാൻവിളിച്ചതാണവൾ.

Leave a Reply

Your email address will not be published. Required fields are marked *