നിന്നെ എനിക്ക് വേണം
ദേവകി മെത്തപ്പുറത്തു കൈ തട്ടിയപ്പോൾ രാമൻ രമേഷിനെ അവിടെ ഇരുത്തി.
നിറഞ്ഞ സങ്കോചത്തോടെ ഇരുന്നിരുന്ന രമേഷിന്റെ തോളിൽ ദേവകി കൈ വച്ചു.
അവന്റെ കവിളിൽ കൈ വച്ച് ചിരിച്ചപ്പോൾ അവന്റെ ചുണ്ടിലും പുഞ്ചിരി തിളങ്ങി.
അവനെ കൈ മാടി വിളിച്ചപ്പോൾ അവൻ ദേവകിയുടെ മുഖത്തേക്ക് ചെവിയടുപ്പിച്ചു.
“മോളുടെ കൂടെ എന്നും കാണണം…മോൻ….ഒരിക്കലും അവളെ കൈ വിടരുത്…”
വിക്കിയും ശ്വാസം വലിച്ചും എങ്ങനെയോ അത്രയും ദേവകി പറഞ്ഞൊപ്പിച്ചു.
അവന്റെ കവിളിൽ ഒരു വാത്സല്യ ചുംബനം നൽകുമ്പോൾ അവന്റെ കണ്ണും നിറഞ്ഞിരുന്നു.
പെണ്ണുങ്ങൾ എല്ലാം അടുക്കളയിലും രഘുവും ദേവനും നടുത്തളത്തിലിരുന്നും വെടിവട്ടം തുടങ്ങി.
ശ്രീജിത്തും രാഹുലും രമേഷ് എന്നൊരാളേ ആ വീട്ടിൽ ഇല്ലാതിരുന്നത് പോലെയാണ് പെരുമാറിയത്.
വീട്ടിനുള്ളിലെ ഒറ്റപ്പെടൽ വീർപ്പ് മുട്ടിച്ചപ്പോൾ രമേഷ് പുറത്തേക്കിറങ്ങി തറവാടിന് ചുറ്റുമുള്ള തൊടിയിലൂടെ ചുറ്റി നടന്നു.
വാഴയും തെങ്ങും ജാതിയും മാവും ഒക്കെ നിറഞ്ഞ തൊടി.
“അതേ…”
പിറകിൽ ഒരു വിളി കേട്ട രമേഷ് തിരിഞ്ഞു നോക്കി.
പിറകിൽ വിദ്യ അവനെ നോക്കി നിന്നിരുന്നു.
കണ്ണുകളിൽ സന്ദേഹം,
“എന്താ…?”
പുരികം ഉയർത്തി അവൻ ചോദിച്ചു.
“കുറച്ചു വാഴയില വെട്ടണം.. ഒന്ന് സഹായിക്കുവോ…”
അവളുടെ അപേക്ഷ അവന് നിരസിക്കാനായില്ല.
തറവാട്ടിലെ ദിനങ്ങൾ അവൻ ഏറ്റവും വെറുതിരുന്നത് ഒറ്റപ്പെടലുകൾ കൊണ്ടായിരുന്നു, ആരും ഒരു പരിഗണനയും തനിക്ക് നൽകിയിരുന്നില്ല. തറവാട്ടിലെ തന്റെ പ്രായത്തിലുള്ള കസിൻസ് പോലും തന്നോട് മാത്രം അകലം പാലിച്ചിരുന്നു,
കാരണമൊന്നും അറിഞ്ഞില്ലെങ്കിലും അവന്റെ കുഞ്ഞുമനസ്സിൽ വീണ മുറിവുകൾ കാലക്രമേണ ഉണങ്ങിത്തുടങ്ങിയെങ്കിലും തറവാട്ടിലേക്കുള്ള യാത്രകളും അവിടെ അനുഭവിക്കേണ്ടി വരുന്ന ഒറ്റപ്പെടലുകളും അവൻ വെറുത്തിരുന്നു…