നിന്നെ എനിക്ക് വേണം
“അമ്മ ഉണർന്നുട്ടോ…”
സുകന്യ വന്നു പറയുന്നത് കേട്ടതും രാമൻ ഉടനെ എഴുന്നേറ്റു നടന്നു. സുകന്യ രമയെ കൂട്ടിയപ്പോൾ രേവതി രമേഷിന്റെ കരം കവർന്നു.
പഴമ മണക്കുന്ന തടിപ്പാളികളാൽ ചുവരു പൊതിഞ്ഞ തണുപ്പരിക്കുന്ന തറയിൽ ചവിട്ടി അവർ മുത്തശ്ശി കിടക്കുന്ന മുറിയിൽ എത്തി.
ഉള്ളിൽ പ്രവേശിച്ചപ്പോൾത്തന്നെ കഷായത്തിന്റെയും കുഴമ്പിന്റെയും മനം മടുപ്പിക്കുന്ന മണം മൂക്കിലേക്ക് അടിച്ചു കയറി, ആ മുറി മുഴുവൻ കുത്തുന്ന മണം തങ്ങിനിന്നിരുന്നു.
“അമ്മെ…”
ചകിരി മെത്തയിൽ കിടക്കുന്ന ആ ക്ഷീണിച്ച ശരീരത്തിനരികിൽ ഇരുന്നുകൊണ്ട് രാമൻ വിളിച്ചു,
കണ്ണ് തുറന്ന ദേവകി ആളെ മനസ്സിലായപ്പോൾ കണ്ണ് വിടർത്തി. കൈ ഉയർത്തി രാമന്റെ കയ്യിൽ മുറുക്കെ പിടിച്ചു. കൂടെ ഉണ്ടെന്നു കാണിക്കാൻ എന്നവണ്ണം രാമനും ആ ചുളുങ്ങി തുടങ്ങിയ കയ്യിനെ കൈക്കുള്ളിൽ ചേർത്തു.
“മോ….മോ.. മോള്…”
കണ്ണിൽ തെളിഞ്ഞ തിളക്കവുമായി ദേവകി കണ്ണ് പായിച്ചപ്പോൾ രേവതി രമയെ മുന്നിലേക്ക് നീക്കിനിർത്തി.
ദേവകിയുടെ കയ്യിൽ പിടിച്ചുകൊണ്ട് രമ മുഖം താഴ്ത്തി നിന്നു.
അവളുടെ കവിളിൽ ഒന്ന് തലോടിയ ദേവകിയുടെ കൺകോണിലെവിടെയോ ഒരു നനവ് പടർന്നു.
“മോനെവിടെ…”
ദേവകിയുടെ ചോദ്യം കേട്ടപ്പോൾ അത്രയും നേരം മുറിയുടെ മൂലയിൽ ഒതുങ്ങി നിന്നിരുന്ന രമേഷിനെ രാമൻ കണ്ണ് കാട്ടി വിളിച്ചു.