നിന്നെ എനിക്ക് വേണം
അകത്തുനിന്ന് വന്നു കയറിയവരുടെ ചിരിയും വർത്തമാനങ്ങളും ഉറക്കെ കേൾക്കാമായിരുന്നു.
കൈയ്യിൽ കരുതിയ പലഹാരങ്ങൾ എല്ലാം എടുത്തുകൊണ്ട് അകത്തേക്ക് കയറുമ്പോൾ എല്ലാവരും പരസ്പ്പരം വിശേഷങ്ങൾ പങ്കു വെയ്ക്കുന്ന തിരക്കിലായിരുന്നു.
കഷ്ടപ്പെട്ടു മുഖത്ത് ചിരിയുണ്ടാക്കി വിഷമിക്കുന്ന തന്റെ ചേച്ചിയെയും അവൻ കണ്ടു.
“അമ്മ ഉണർന്നിട്ടുണ്ടാവുമോ…
രഘു…വന്നിട്ട് ഒന്ന് കണ്ടില്ല…”
“സുകന്യേ…ഒന്ന് നോക്കിയിട്ട് വരൂ…”
രഘു അടുത്ത് നിന്ന തന്റെ ഭാര്യയോട് പറഞ്ഞപ്പോൾ അവർ ഹാൾ കടന്ന് ഇടനാഴിയിലേക്ക് നടന്നു.
“ഇവൻ ഒത്ത ഒരു ചെക്കൻ ആയല്ലോ…ഇനി ഒരു പെണ്ണിനെ കണ്ടു പിടിക്കാനുള്ള നേരമായി….”
രമേഷിനെ നോക്കിക്കൊണ്ട് രേവതി ചിരിച്ചുകൊണ്ടു പറഞ്ഞു.
“അതോ ഇനി വിദ്യയുടെ കഴിഞ്ഞിട്ടേ ശ്രീക്ക് നോക്കുന്നുള്ളോ…”
ശ്രീജിത്ത് കല്യാണക്കാര്യം കേട്ടപ്പോൾ ഒന്ന് മുണ്ടു നേരെയിട്ട് നിവർന്നു.
“സമയമായി.. മനസ്സിൽ ആരേലും ഉണ്ടേൽ പറയട്ടെ…
ഇപ്പോഴത്തെ പിള്ളേർ അല്ലെ…”
രാമൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ആരേലും ഉണ്ടോടാ…”
രേവതിയുടെ വക ആയിരുന്നു ചോദ്യം.
“ഹ്മ്മ്….തറവാട്ടിൽ ആദ്യം നടക്കേണ്ടത് എന്റെ രമ മോളുടെ വിവാഹം ആയിരുന്നു…”
വിമല പെട്ടെന്ന് പറഞ്ഞത് കേട്ട രമയിലും രേവതിയിലും ഒരു ഞെട്ടൽ ഉണ്ടാവുന്നത് നിമിഷത്തേക്കാണെങ്കിലും രമേഷ് അത് കണ്ടു.
ഒപ്പം ദേവന്റെ മുഖം ഒന്ന് മുറുകി .