നിന്നെ എനിക്ക് വേണം
പിറകിലെ ഡോർ തുറന്നു അപ്പോഴേക്കും ശ്രീജിത്തിന്റെ അനിയത്തി വിദ്യയും, തുടർന്ന് വിമലയുടെ മക്കളായ രാഹുലും നിധിയും ഇറങ്ങി.
എല്ലാവരെയും നോക്കി രമേഷ് പുഞ്ചിരിച്ചു, എന്നാൽ ശ്രീജിത്തിന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞപ്പോൾ വിമലയുടെ മുഖം ഇരുണ്ടു, മുഖത്ത് അവജ്ഞ നിറഞ്ഞു, അമ്മയുടെ പാത പിന്തുടർന്ന് രാഹുലും നിധിയും ഒന്ന് മുഖം കോട്ടി അകത്തേക്ക് പോയപ്പോൾ വിദ്യമാത്രം അവനുനേരെ ഒരു പുഞ്ചിരി എറിഞ്ഞു.
അമ്പലത്തിൽ നിന്ന് വന്നതിനാൽ ശ്രീജിത്തും രാഹുലും മുണ്ടിലും ഷർട്ടിലുമായിരുന്നു, കട്ടിയുള്ള മീശ നിറഞ്ഞ ഒത്ത പുരുഷനായ ശ്രീജിത്തും മീശ മുളച്ചുതുടങ്ങാൻ പ്രായമാവാത്ത രാഹുലും അവനെ പിന്നീട് നോക്കാതെ അകത്തേക്ക് കയറി.
കരിനീല പട്ടുപാവാടയും ബ്ലൗസും ധരിച്ച നിധിയും നീല സാരിയിൽ വിദ്യയും, വെള്ള നേര്യതുടുത്ത വിമലയും അമ്പലത്തിലെ പ്രസാദവും, വഴിപാട് കഴിച്ചതിന്റെ നിവേദ്യവും കയ്യിൽ കരുതിയിരുന്നു,
അവനെ ഒന്ന് നോക്കി മുഖം വലിച്ചുപിടിച്ചുകൊണ്ട് വിമല നടന്നു. അമ്മയുടെ കയ്യും പിടിച്ചു നിധിയും പിന്നാലെ കയറുമ്പോൾ, അവനെ നോക്കിനിന്ന വിദ്യയെ പോകുന്ന പോക്കിൽ ഒന്ന് നീട്ടി വിളിക്കാനും വിമല മറന്നില്ല. വിദ്യ അവനെ ഒന്ന് നോക്കി അതിവേഗം മുന്നോട്ടുപോയി…
കാരണം അറിയില്ലെങ്കിലും ഓർമവെച്ച നാൾ മുതൽ തറവാടിനെ ഇവിടുത്തെ ചുറ്റുപാടിനെ അവൻ അത്ര വെറുക്കാൻ കാരണം ഈ കാരണമറിയാത്ത ഒറ്റപ്പെടുത്തലായിരുന്നു.