മാഞ്ഞു പോയ മഴവില്ല്
രണ്ടു പേര്ക്കും പരസ്പരം അവർ പ്രതീക്ഷിച്ചതിലും അപ്പുറം കിട്ടി. രാഹുലിന്റെ പ്രത്യേകത അജിത്തിന്റെ ഏതു മാനസീകാവസ്ഥയും മനസിലാക്കി കൈകാര്യംചെയ്യാനുള്ള കഴിവായിരുന്നു. അജിത്തു എത്ര പിണങ്ങിയാലും രാഹുൽ അത് കാര്യമാക്കാറില്ല.കുറച്ചു നേരം കഴിയുമ്പോൾ രാഹുലിന്റെ ഒരു നോട്ടത്തിൽ അജിത്തിന്റെ ശുണ്ടിയെല്ലാം ഉരുകിഇല്ലാതാകും. അതുതന്നെയാണ് തൻറെ ജീവനേകാൾ രാഹുലിനെ അജിത്തു സ്നേഹിക്കാനുള്ള കാരണവും.
അവരുടെ കൂടി കാഴ്ചകൾക്ക് സാക്ഷ്യം വഹിച്ചു കൊണ്ട് ദിവസങ്ങൾ ആഴ്ചകൾ ആയും ആഴ്ചകൾ മാസങ്ങളായും കൊഴിഞ്ഞു വീണു. രാഹുലിന് വെക്കേഷനുള്ള സമയമായി. അജിത്തിനെ പോലെ രാഹുലും വിവാഹിതനാണ്. ഭാര്യയെ ജീവനെ പോലെ രാഹുൽ സ്നേഹിക്കുന്നുണ്ടെന്ന് അജിത്തിനറിയാം. കൂടാതെ അവരുടെ ആദ്യ കുട്ടി പ്രസവത്തോടെ നഷ്ടമായിരുന്നു. അതിന്റെ തീരാ വേദന രാഹുലിനുണ്ട്. എത്രയും വേഗം അടുത്ത കുഞ്ഞു വേണമെന്നാണ് രാഹുലിന്റെ ആഗ്രഹം.
അതു കൊണ്ട് തന്നെ കുറച്ചു വൈകും നാട്ടിൽ നിന്നും മടങ്ങാൻ. തമ്മിൽ പിരിയുന്നത് ഹൃദയം വെട്ടിമുറിക്കുന്ന വേദന ഉണ്ടാക്കുമെങ്കിലും പോകാതിരിക്കാനാവില്ലല്ലോ. അജിത്ത് രാഹുലിന് വേണ്ട ദൈര്യം കൊടുത്തു. എന്നും വിളിച്ചു കൊള്ളാമെന്ന ഉറപ്പിൽ അജിത്ത് രാഹുലിനെ യാത്രയാക്കി. രാഹുൽ ഇല്ലാത്ത അജിത്തിന്റെ ദിനങ്ങൾ വിരസമായിരുന്നു. ജോലി കഴിഞ്ഞെത്തിയാൽ രാഹുലിന്റെ വിളിക്കായി കാത്തിരിക്കും. ആ ശബ്ദം കേട്ടുകഴിഞ്ഞു മാത്രമേ ഡ്രസ്സ് പോലും മാറുകയുള്ളൂ. അധികം വൈകാതെ രാഹുൽ ആ സന്തോഷ വാർത്ത അജിത്തിനോട് പറഞ്ഞു, ഭാര്യ വീണ്ടും ഗർഭിണി ആയെന്നു. അജിത്ത് അവന്റെ സന്തോഷത്തിൽ പങ്കു ചേർന്നു.