എന്റെ സുഖം ഇവളിലാ
അപ്പൊ മുറിയിൽ ഈ ഒച്ചയുടെയും ബഹളത്തിന്റേം ഇടയിൽ ചെറിയ ശബ്ദത്തിൽ പ്ലേയായിക്കൊണ്ട് നിന്ന സീരിയലിലേക്ക് ഒന്ന് നോക്കിയശേഷം ദേവു അമ്മുനെ കണ്ണുരുട്ടി നോക്കിയപ്പോൾ പെണ്ണിന് അബദ്ധം പറ്റിയെന്ന് മനസ്സിലായി.
അതോടെ അവള് വേഗം വിഷയം മാറ്റാൻ വേണ്ടി
അല്ലാ, അപ്പൊ എന്താ ഇന്നത്തെ പ്ലാൻ?
എന്ന് ചോദിച്ചു…
വിഷയം മാറ്റിയതാണെന്ന് മനസ്സിലായെങ്കിലും ഞാനതിൽ കടിച്ച് തൂങ്ങാൻ നിന്നില്ല.
ഔട്ടിങ് പോണോ?
ഞാൻ രണ്ടാളേം മാറിമാറി നോക്കിക്കൊണ്ട് സംശയത്തോടെ ചോദിച്ചു.
വേണ്ട.. അമ്മയ്ക്ക് വയ്യാത്തതല്ലേ, പാർട്ടി നമ്മക്ക് ഇവിടെ ആക്കാം..
അമ്മു ചാടിക്കേറി പറഞ്ഞു. പൊതുവെ പുറത്ത് പോവാൻ പ്ലാനിട്ടിട്ട് അത് നടന്നില്ലേൽ മുഖം വീർപ്പിച്ച് നടക്കുന്ന പെണ്ണാണ് ഔട്ടിങ് വേണ്ട പാർട്ടി ഇവിടെ തന്നെയാക്കാമെന്ന് പറഞ്ഞത്, ഞാനൊന്ന് ഞെട്ടിപ്പോയി.
പിന്നെ അമ്മൂസിന്റെ ആഗ്രഹത്തിന് എതിരഭിപ്രായം ഇല്ലാത്തത്കൊണ്ട് ഇന്ന് രാത്രി ഇവിടെ ഈ ഫ്ലാറ്റിൽവെച്ച് തന്നെ ആഘോഷിക്കാൻ ഞങ്ങൾ തീരുമാനിച്ചു.
കല്യാണം കഴിഞ്ഞിട്ട് മൂന്ന് മാസം തികയുന്ന ദിവസമാണ് ആഘോഷിക്കാൻ ആദ്യം പ്ലാൻ ചെയ്തിരുന്നതെങ്കിലും ഇപ്പൊ ഞങ്ങള് ആഘോഷിക്കാൻ പോവുന്നത് ദേവൂന്റെ ഉള്ളിൽ എന്റെ ജീവന്റെ തുടിപ്പ് മൊട്ടിട്ടത് തിരിച്ചറിഞ്ഞ ദിവസമാണ്. ഈ ജീവിതത്തിലെ ഒരിക്കലും മറക്കാൻ കഴിയാത്ത ദിവസം.