എന്റെ സുഖം ഇവളിലാ
ദേവു കട്ടകലിപ്പിലാണല്ലേ ഡീ കള്ളീ !!
എന്നും ചോദിച്ചുകൊണ്ട് ഞാനവളെ പിടിച്ച് തൂക്കിയെടുത്തു.
പെണ്ണ് തിരിച്ചൊന്നും പറയാതെ കുലുങ്ങിച്ചിരിച്ചുകൊണ്ട് എന്റെ കയ്യിൽ കിടന്ന് പിടഞ്ഞു.
ഏതാ പെണ്ണിന്റെ അഭിനയം!!
അയ്യോ.. വിട് ചേട്ടായീ.. അമ്മൂന് ഇക്കിളിയാവണു.
കിടന്ന് പിടഞ്ഞോണ്ട് അമ്മു ഉറക്കെ പറഞ്ഞപ്പോൾ ഞാൻ പെണ്ണിനെ വേഗം നിലത്തിറക്കി.
എന്റെ കൈപ്പിടിയിൽ നിന്ന് രക്ഷപ്പെട്ടതും മാറിനിന്ന് അമ്മു എന്നെ നോക്കി മുഖംകൊണ്ട് എന്തോ കോക്രി കാണിച്ചു.
ഹാ…. അമ്മ നല്ല പണിയാ കാണിച്ചേ, കുറേനേരം പേടിപ്പിച്ചിട്ട് പറഞ്ഞാ മതീന്ന് ഞാൻ പറഞ്ഞതല്ലേ..!!
അമ്മൂന്റെ ഒച്ചയും ബഹളവും കേട്ട് മുറീന്ന് പുറത്തേക്ക് വന്ന ദേവൂനെ നോക്കി അമ്മു പരിഭവത്തോടെ പറഞ്ഞപ്പോൾ ദേവു ഞങ്ങടെ രണ്ടുപേരുടെയും മുഖത്തേക്ക് മാറി മാറി നോക്കിക്കൊണ്ട് അങ്ങനെ നിന്നു…
അതേ… ദേവു നിന്നെപ്പോലെ ഈയുള്ള ഹിന്ദി സീരിയലുകൾ മൊത്തം ഇരുന്ന് കാണാത്തോണ്ട് ആ ക്ലീഷേടെ പഞ്ച് മനസ്സിലായിക്കാണില്ല.
ഞാൻ അമ്മൂനെ നോക്കി പുച്ഛത്തോടെ പറഞ്ഞപ്പോൾ പെണ്ണ് എന്നെ നോക്കി വീണ്ടും കോക്രി കാണിച്ചു, എന്നിട്ട് ദേവുനെ നോക്കി “ഏയ് ഈ ചേട്ടായി പറയുന്നതൊക്കെ പച്ചകള്ളമാണമ്മേ, ഞാൻ ഇപ്പോ സീരിയലൊന്നും കാണാറില്ല” എന്ന ഭാവത്തിൽ കണ്ണ് അടച്ച് തലകുലുക്കി കാണിച്ചു.