സഖിൽ വരുണിനെ കൂട്ടി പള്ളി കടന്ന് ഓർഫനേജ് കെട്ടിടത്തിലേക്ക് നടന്നു. കുറച്ച് നടന്ന് സംശയിച്ച് മുറ്റത്ത് ഇറങ്ങി . അവിടെ കുറേ കുട്ടികൾ കളിക്കുന്നുണ്ട് .. സഖിൽ അവിടെയുള്ള ഇലഞ്ഞിമരച്ചോട്ടിലെ തറയിൽ ചെന്നിരുന്നു . കൂടെ വരുണും . കുട്ടികളുടെ കൂട്ടത്തിൽ നിന്നും മൂന്ന് വയസ്സ് പ്രായമുളള ഒരു ഒരാൺകുട്ടി വന്ന് സഖിലിൻറെ മടിയിൽ ഇരുന്നു . വരുൺ എല്ലാം ആശ്ചര്യത്തോടെ നോക്കി ഇരിക്കുകയാണ് . താൻ കാണുന്നതും കേൾക്കുന്നതും വിശ്വസിക്കാനാവാതെ . കുട്ടി തൻറെ പോക്കറ്റിൽ നിന്നും ഇലഞ്ഞിപ്പൂക്കൾ എടുത്ത് സഖിലിൻറെ പോക്കറ്റിൽ ഇട്ടു കൊടുത്തു .
“ഇത് എൻറെ മോനാണ്, ആൽബി”
വരുൺ ഒരു ഞെട്ടലോടെ സഖിലിനെ നോക്കി . സഖിൽ തുടർന്നു .
“ഈ പള്ളിമുറ്റത്ത് അരോ ഉപേക്ഷിച്ചു പോയ ഇവണെ’ ആദ്യം കണ്ടതും വാരിയെടുത്തതും ഞാനാണ് ‘ എനിക്ക് വേണ്ടി പാവം ഫാദർ നിയമത്തിൽ ഒരു കള്ളക്കളി കാണിച്ചു. ഇവനെ എനിക്ക് സ്വന്തമായി കിട്ടാൻ വേണ്ടി . ഫാദറിൻറെ ഒരു സുഹൃത്ത് ബോംബെയിൽ പള്ളിവക സ്കൂളിൽ ഒരു ജോലി ശരിയാക്കിയിട്ടുണ്ട് അടുത്ത മാസം ഇവനെയും കൊണ്ട് ഞാൻ പോകും . നിന്നിലുള്ള വിശ്വാസം കൊണ്ടാണ് ഇത്രയും വലിയ ഒരു രഹസ്യം പറയുന്നത് “
വരുൺ ഒരു കഥ കേൾക്കും പോലെ കേട്ടിരുന്നു . വരുൺ പെട്ടെന്നനെ സഖിലിനെ കെട്ടിപിടിച്ചു കരഞ്ഞു .
“വരുൺ എന്താ കാണിക്കുന്നേ? കുട്ടികൾ നോക്കുന്നത് കണ്ടില്ലേ?“
സഖിൽ അവനെ പിടിച്ചെഴുന്നെൽപ്പിച്ചു .
“എൻറെ സ്നേഹം മനസ്സിലാകാഞ്ഞിട്ടാണോ അതോ അറിഞ്ഞിട്ടും അറിയാത്ത ഭാവം കാട്ടുകയാണോ? “
“എന്തൊക്കയാണ് നീ പറയുന്നത്”
“ഒരു കുടുംബം ഉണ്ടാകില്ല അത് ആഗ്രഹിക്കുന്നില്ല എന്ന് ഒരു ദിവസം സഖിൽ എന്നോട് പറഞ്ഞിരുന്നു. അപ്പോൾ സഖിലും മോനും മാത്രമുളള കുഞ്ഞു ലോകത്തേക്ക് എന്നേം കൂടി കൂട്ടി കൂടെ ? “
“എന്നെപ്പോലെയാണോ നീ. നിന്നെ കാത്തിരിക്കാൻ ആളുകളുണ്ട് . മനോഹരമായ ജീവിതമുണ്ട് മുന്നിൽ “
“പുറത്ത് നിന്ന് കാണും പോലെ അല്ല എനിക്ക് എൻറെ വീട് കാരാഗൃഹമാണ്. ഞാൻ കാണുന്ന മനോഹര ജീവിതം സഖിലിൻറെ കൂടെയാണ് “
“നിൻറെ പഠിപ്പ്, അത് നശിപ്പിക്കണോ? നല്ലൊരു ജോലി വേണ്ടേ ? “
“എന്നെ ഒഴിവാക്കാൻ ഓരോ കാരണങ്ങൾ കണ്ടെത്തുവാണോ?”
“അല്ല വരുൺ, നീ ശരിക്ക് ചിന്തിക്ക്”
ഇരുവരും തങ്ങളുടെ ഭാഗം വാദിച്ചു . വൈകീട്ട് സഖിൽ തന്നെ വരുണിനെ വീട്ടിൽ എത്തിച്ചു . കാര്യങ്ങൾ വീട്ടിൽ അവതരിപ്പിക്കണം പിന്നെ അതു മാത്രമായി ചിന്ത . പല അവസരങ്ങളിലും പറയാൻ തുനിഞ്ഞു . കഴിഞ്ഞില്ല . ദിവസങ്ങൾ പോയി . ഇന്ന് സഖിൽ ആൽബിയേയും കൊണ്ട് ബോംബൈക്ക് പോകും . ഇന്ന് കാര്യങ്ങൾ അവതരിപ്പിച്ചില്ലെങ്കിൽ എല്ലാം നഷ്ടമാകും . എല്ലാവരും ഹാളിലിരുന്ന് TV കാണുകയായിരുന്നു . മുഖവുരയില്ലാതെ വരുൺ കാര്യം അവതരിപ്പിച്ചു .
ഓർമകളിൽ നിന്ന് വരുൺ തിരിച്ചെത്തി.
റേയിൽവേ സ്റ്റേഷൻ എത്തിയപ്പോൾ വരുൺ ബസ്സിൽ നിന്നും ഇറങ്ങി . പ്ലാറ്റുഫോമിലേക്ക് നടന്നു . സമയം നോക്കി . ഇനിയും സമയം ഉണ്ട് . വരുൺ ചുറ്റും നോക്കി . ഇല്ല സഖിൽ എത്തിയിട്ടില്ല . വീട്ടിലെ കൊടുങ്കാറ്റ് കഴിഞ്ഞിരിക്കുന്നു . പക്ഷേ സഖിൽ തന്നെ കൂട്ടുമോ ? സഖിൽ തന്നെ ഇവിടെ ഉപേക്ഷിച്ചാൽ… ….. ! ഉറച്ച ഒരു തീരുമാനം വരുൺ എടുത്തിരുന്നു . റേയിൽവേ പാളത്തിലേക്ക് അവൻ ഉറ്റുനോക്കിയിരിക്കവേ ഒരു വിളി . വരുൺ നോക്കുമ്പോൾ അടുത്ത് സഖിൽ കൂടെ ആൽബി , അവൻറെ ബാഗുകളും .
“നീ വരുമെന്ന് അറിയാമായിരുന്നു പക്ഷേ ഈ ബാഗല്ലാം കൊണ്ട് ” സഖിൽ ചോദിച്ചു.
” എന്നെയും കൊണ്ടു പോയിക്കൂടെ”
സഖിൽ എന്തോ പറയാൻ തുനിഞ്ഞപ്പോഴെക്കും ഫോൺ ബല്ലടിച്ചു . പരിചയമില്ലാത്ത നംബർ
“വരുൺ അടുത്തുണ്ടോ?”
“ഉണ്ട്.”
“ഫോൺ അവനൊന്ന് കൊടുക്കൊ?”
സഖിൽ ഫോൺവരുണിന് നീട്ടി . ഫോൺ ചെവിയിൽ ചേർത്തു .
“ഹലോ”
” ഈ അച്ഛന്നേട് ദേഷ്യമുണ്ടോ”
“ഞാനല്ലേ അച്ഛാ വിഷമിപ്പിച്ചേ”
“നിൻറെ ചേട്ടൻറെ മുന്നിൽ അച്ഛന് നിന്നെ തള്ളി പറയേണ്ടി വന്നു. നീ സന്തോഷത്തോടെ പോയിക്കോ . നീ ആഗ്രഹിച്ച ജീവിതം നിനക്ക് കിട്ടട്ടെ ……. ഫോണൊന്ന് സഖിലിന് കൊടുക്ക് “
ഫോൺ സഖിൽ വാങ്ങി ചെവിയോട് ചേർത്തു .
“എൻറെ മോനേ നോക്കിക്കോളണേ. അൽപം വാശിയുണ്ടേലും അവനൊരു പാവമാണ് . വേണ്ടാന്ന് തോന്നുമ്പോൾ വഴിയിൽ ഉപേക്ഷിക്കാതെ ഞങ്ങൾക്ക് തന്നെ തിരിച്ചു എൽപ്പിച്ചാൽ മതി” അത്രയും പറഞ്ഞ് അച്ഛൻ ഫോൺ കട്ട് ചെയ്തു.
അച്ഛൻ തൻറെ കയ്യിലിരുന്ന സഖിലിൻറെ പി സിറ്റിംഗ് കാർഡ് വരുൺ ഇരുന്ന് പഠിച്ചിരുന്ന മേശവലിപ്പിലേക്ക് തന്നെ വെച്ചു .
“നീ വീട്ടിൽ പറഞ്ഞോ എല്ലാം?” സഖിൽ ചോദിച്ചു.
“ഉം “
“എനിക്ക് വേണ്ടി നീ!!”
“കാര്യ കാരണങ്ങൾ എനിക്ക് അറിയില്ല, പക്ഷേ നിങ്ങളെ ഒരു പാട് ഇഷ്ടമാണ് “
സഖിൽ വരുണിനെ ചേർത്ത് പിടിച്ചു.
“എങ്കിൽ ഞാനൊന്ന് പറയട്ടെ എനിക്ക് ആദ്യം കണ്ടപ്പോഴെ ഇഷ്ടമായിരുന്നു . പക്ഷേ സ്നേഹിക്കാൻ പേടിയായിരുന്നു . സ്നേഹിച്ചിട്ട് നഷ്ടപ്പെട്ടാൽ അത് സഹിക്കാൻ എനിക്ക് കഴിയില്ലായിരുന്നു . ഇനി നമ്മൾ കാണിച്ചു കൊടുക്കും . ചെറിയമുനയിൽ പൊട്ടി പോകുന്ന ബലൂൺ പോലെയല്ല എല്ലാ സ്വവർഗ പ്രണയങ്ങളും എന്ന് .”
ആശിച്ച ജീവിതത്തിലേക്കുളള നല്ല പ്രതീക്ഷകളുമായി വണ്ടിയുടെ വരവും കാത്ത് സഖിലിൻറെ കരവലയത്തിൽ ഒതുങ്ങി ആൽബിയും വരുണും ഇരുന്നു .
(ശുഭം)