രമ്യംവരുൺ എല്ലാവരേയും നോക്കി . അച്ഛൻ , അമ്മ , ചേട്ടൻ , ചേട്ടത്തി . കളിയും ചിരിയുമായി ടി.വി പ്രോഗ്രാം ആസ്വദിച്ചിരുന്നവരോട് വരുൺ പ്രയാസപ്പെട്ട് ആ വാക്കുകൾ പറഞ്ഞൊപ്പിച്ചു .
“ഞാൻ ഇന്ന് രാത്രി സഖിലിൻറെ കൂടെ ബോംബൈയിലേക്ക് പോകും”
ഹാളിൽ നിശബ്ദത പടർന്നു .
ചേട്ടൻ കസേരയിൽ നിന്നും എഴുന്നേറ്റു .
“അവൻ പോകുന്നിടത്ത് നീ എന്തിനു പോകണം, നീ ഒരിടത്തും പോകുന്നില്ല”
ചേട്ടൻ ദേഷ്യത്തിലാണ് . ഏടത്തിയുടെ മുഖത്ത് പ്രസന്നത . അവർക്ക് എല്ലാവരും എന്നെ വഴക്ക് പറയുന്നത് ഒരിഷ്ടമാണ് . അതിൽ നിന്നും അവർക്ക് കിട്ടുന്ന ലഹരി എന്താണെന്ന് ഇതുവരെയും എനിക്ക് മനസ്സിലായിട്ടില്ല .
“ഞാൻ പോകും, എനിക്ക് പോയേ പറ്റു “ഞാനും പറഞ്ഞു.
“നിൻറെ പഠിപ്പ് പോലും കഴിഞ്ഞിട്ടില്ല, പിന്നെ എന്തിനാ അവൻറെ കൂടെ പോകുന്നേ?” അമ്മ ചോദിച്ചു.
” എനിക്ക്…… എനിക്ക് സഖിലിനെ ഒരുപാട് ഇഷ്ടമാണ് “
” ഇഷ്ടമെന്ന് വെച്ചാൽ? അമ്മ ഭീതിയോടെ ചോദിച്ചു . “
“എന്നും സഖിലിൻറെ കൂടെ നിൽക്കാനാണ് എനിക്കിഷ്ടം”
അമ്മ നെഞ്ചിൽ കൈ വെച്ചു . ഏട്ടത്തിയുടെ മുഖത്ത് പരിഹാസ ചിരി . അച്ഛൻ ഒന്നും മിണ്ടാതെ കേട്ടു നിൽക്കുന്നു . ദേഷ്യം കയറി പാഞ്ഞ് വന്ന ചേട്ടൻ വരുണിൻറെ മുഖത്തടിച്ചു . ശരീരത്തിലും അടി തുടങ്ങിയപ്പോൾ അമ്മ തടഞ്ഞു .
“ഇപ്പൊ തൃപ്തി ആയില്ലേ? പുതിയ ചങ്ങാത്തം ഉണ്ടാക്കി മോൻ ആ തെണ്ടിയെ വീട്ടിൽ കൊണ്ടു വന്നപ്പോൾ അന്നേ ഞാൻ പറഞ്ഞതാണ് . ഇവനും ആ തെണ്ടിയും കൂടി എന്തോ എടപാടുണ്ട്, അവനെ ഈ വീട്ടിൽ കയറ്റരുതെന്ന് . ആരും അത് കേട്ടില്ല . പുന്നാര മോനേ ബ്രയ്ൻ വാഷ് ചെയത് വെച്ചിരിക്കുന്നത് കണ്ടോ ?”
ചേട്ടൻ വരുണിൻറെ നേരേ തിരിഞ്ഞു .
“അവൻ ഇനി എന്തെക്കൊ പഠിപ്പിച്ച് തന്നിട്ടുണ്ട്”
“സഖിലിനെ കുറ്റം പറയണ്ട. അയാളൊരു പാവമാണ് “
” ഓ…… പാവം”
“ചേട്ടന് ഇഷ്ടപ്പെട്ട വിഷയം പഠിച്ചു. ഇഷ്ടപ്പെട്ട ജോലി തെരഞ്ഞെടുത്തു . ഇഷ്ടപ്പെട്ട പെണ്ണിനെ കല്യാണം കഴിച്ചു .ചേട്ടൻ ചേട്ടൻറെ ഇഷ്ടങ്ങൾ തെരഞ്ഞെടുത്ത പോലെ എനിക്ക് എൻറെ ഇഷ്ടങ്ങൾ ഉണ്ട് “
“ഈ വൃത്തികെട്ട ബന്ധം ആണോടാ ഇത്ര വല്യ കാര്യം”
വരുൺ മറുപടി പറഞ്ഞില്ല . അച്ഛന് നേരേ തിരിഞ്ഞു ചേട്ടൻ
” അച്ഛന് ഒന്നും പറയാനില്ലേ ?”
അച്ഛൻ വരുണിൻറെ അടുത്ത് വന്നു .
“മോനേ, നിൻറെ ഈ അച്ഛന് അത്ര വലിയ ലോക പരിചയമൊന്നുമില്ല. വാർത്തയിലോക്കെ രണ്ട് ആണുങ്ങൾ വിവാഹം കഴിച്ച് ജീവിക്കുന്നത് കണ്ടിട്ടുണ്ട് എന്നല്ലാതെ അതെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല. ഒരു കുടുംബ ജീവിതം എന്നു പറഞ്ഞാൽ ഒരു ആണിന് പെണ്ണ് എന്ന രീതിയിലേ മുൻപോട്ടു പോകു. ഈ മോശപ്പെട്ടതെല്ലാം മനസ്സിൽ നിന്ന് കളഞ്ഞേക്ക്”
അച്ഛൻറെ സംസാരം സൗമ്യമായിരുന്നു .
“ഇതിൽ എന്താണച്ഛാ മോശം, അത് പറഞ്ഞു താ. എനിക്ക് ഇന്ന് ആരോടും പറയാതെ സഖിലിൻറെ കൂടെ പോകാമായിരുന്നു . പക്ഷേ ഇതാണ് എല്ലാവരുടെയും ഇല്ലെങ്കിലും അച്ഛൻറെയും അമ്മയുടേയും സമ്മതത്തോടെ പോകുന്നതാണ് നല്ലതെന്ന് തോന്നി . എനിക്ക് പോയേ പറ്റു അച്ഛാ . “
ചേട്ടൻ വന്ന് വരുണിൻറെ കൈയ്യിൽ പിടിച്ച് അവൻറെ മുറിയിൽ കയറ്റി പുറത്തു നിന്ന് വാതിൽ പൂട്ടി .
“നീ പോകുന്നത് എനിക്കൊന്ന് കാണണം”
വരുൺ വാതിലിൽ ആഞ്ഞിടിച്ചു . ബഹളം വെച്ചു .
“ചെക്കനെ തലയിൽ കയറ്റിയിട്ടാണ്, അവിടെ കിടക്കട്ടെ” ഏട്ടത്തി പറഞ്ഞു.
“നീ ആവാതിൽ തുറക്ക് ” അച്ഛൻ ചേട്ടനോട് പറഞ്ഞു.
“അച്ഛാ അത്…..”
“നീ തുറക്ക് ” വാതിൽ തുറന്നു.
“അടച്ചും പൂട്ടിയിട്ടും തിരുത്താൻ പറ്റിയ ഒന്നല്ല ഇത്. അവൻ പോട്ടെ . പറഞ്ഞിട്ട് പഠിക്കാത്തവൻ കൊളളുമ്പോൾ പഠിച്ചോളും “, അച്ഛൻ പറഞ്ഞു .
ചേട്ടൻ മുറുമുറുത്തു കൊണ്ട് അവരുടെ മുറിയിലേക്ക് പോയി . അച്ഛനും അമ്മയും ഹാളിൽ വിഷമിച്ചിരുന്നു . വരുൺ സമയം നോക്കി . 5 മണി. മുക്കാൽ മണിക്കൂർ യാത്ര റേയിൽവേ സ്റ്റേഷനിലേക്ക് . വണ്ടി 8 മണിക്കാണ് . സഖിൽ റേയിൽവേ സ്റ്റേഷനിൽ ഉണ്ടായിരിക്കും . ഇവിടെ ഇരുന്നിട്ട് സ്വസ്ഥതയില്ല . എല്ലാവരോടും എല്ലാം തുറന്നു പറഞ്ഞപ്പോൾ വലിയൊരു ആശ്വാസം തോന്നിയെങ്കിലും മറ്റൊരു പ്രശ്നം മനസ്സിൽ കിടപ്പുണ്ട് . എല്ലാത്തിനും ഒരു തീരുമാനം ഇന്നുണ്ടാകും . ഇപ്പോൾ തന്നെ ഇവിടെ നിന്നും ഇറങ്ങാം . അവശ്യസാധനങ്ങൾ മാത്രം ബാഗിൽ നിറച്ച് മുറിക്കു പുറത്തിറങ്ങി .
“അച്ഛാ ഞാൻ പോവാണ് ” അച്ഛൻ നോക്കിയില്ല.
“അമ്മേ”
അമ്മ കരഞ്ഞു.
ഒന്നും പറയാനില്ല . പുറത്തിറങ്ങിയപ്പോൾ ചേട്ടൻ വിളിച്ചു പറഞ്ഞു .
“പോകുന്നത് കൊളളാം, ഇനി ഇവടേക്ക് തിരിച്ച് വന്നേക്കരുത്. കുടുംബത്തിന് മാനക്കേട് ഉണ്ടാക്കാനുണ്ടായ ……” അയാൾ വാക്കുകൾ പൂർത്തിയാക്കാതെ സംസാരം നിർത്തി .
“എൻറെ അച്ഛനേയും അമ്മയേയും കാണാൻ എപ്പോൾ തോന്നുന്നോ അപ്പോഴെല്ലാം ഞാൻ വരും അതിന് എനിക്ക് ആരുടെയും അനുവാദം ആവശ്യമില്ല”
ഒന്നു തിരിഞ്ഞ് നോക്കാതെ നടന്നു . ബസ്സ് സാന്റിൽ ചെന്ന് റേയിൽവേ സ്റ്റേഷൻ വഴി പോകുന്ന ബസ്സിൽ കയറിയിരുന്നു . വലിയൊരു കൊടുങ്കാറ്റ് കഴിഞ്ഞതിൻറെ ശാന്തത . പക്ഷേ ആ കാറ്റിൽ തനിക്ക് പലതും നഷ്ടപ്പെട്ടിരിക്കുന്നു .
മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനാണ് താൻ ആദ്യമായി സഖിലിനെ കാണുന്നതെന്ന് വരുൺ ഓർത്തു . കൂടെ പഠിക്കുന്ന അനൂപും റാഫിയും പൂരത്തിന് വരാമെന്ന് പറഞ്ഞെങ്കിലും അവർ എത്തിയില്ല . ആ ഒരു വിഷമത്തോടെ തനിയെ പൂരപറമ്പിൽ അലഞ്ഞു നടന്നു . അങ്ങനെ നടത്തത്തിൻറെ ഇടയ്ക്കാണ് ഒരു ചിത്രപ്രദർശന സ്റ്റാൾ ശ്രദ്ധയിൽപ്പെട്ടത് . അധികം ആളുകളൊന്നുമില്ല . അവിടേക്ക് ചെന്നു . ചിത്രരചനയുടെ എല്ലാ തന്ത്രങ്ങളും അറിയാവുന്ന മട്ടിൽ ഓരോ ചിത്രങ്ങളും നോക്കി നോക്കി നടന്നു . ഒരു ചിത്രത്തിനു മുൻപിൽ കുറച്ച് നേരം നിന്നു . ഒന്നും മനസ്സിലാകുന്നില്ല .
“എന്തുട്ട് കോപ്പാണ് വരച്ച് വെച്ചിരിക്കുന്നത് ” വരുൺ അറിയാതെ വായിൽ നിന്നും വന്നു പോയി.
“അർത്ഥം മനസ്സിലാകാത്ത ചിത്രങ്ങൾക്ക് നിങ്ങളുടെ നാട്ടിൽ കോപ്പ് എന്നാണോ പറയുക ” വരുണിൻറെ തൊട്ടു പിറകിൽ നിന്നാണ് ചോദ്യം.
അവൻ തിരിഞ്ഞു നോക്കി . സുമുഖനായ ഒരു ചെറുപ്പക്കാരൻ . മുഖം പ്രസന്നമാണ് . അവനിൽ നിന്ന് ഇലഞ്ഞിപ്പൂവിൻറെ ഗന്ധം . വരുൺ ജാള്യതയോടെ തല കുമ്പിട്ട് അടുത്ത ചിത്രം നോക്കി . ഇടയ്ക്ക് ഒന്ന് തിരിഞ്ഞ് നോക്കി , ചെറുപ്പക്കാരൻ അവിടെ ഇട്ടിരുന്ന കസേരയിൽ ഇരുന്ന് വരുണിനെ തന്നെ നോക്കുന്നുണ്ട് .
“ആ ചിത്രം മഴവെളള സംഭരണത്തിൻറെ ആവശ്യകഥ പറയുന്നതാണ്. വറ്റിവരണ്ട പുഴയും കിണറും അതിൽ കാണാം ” ചെറുപ്പക്കാരൻ വരുണിനോട് പറഞ്ഞു .
“ഒന്നു വരു ” അവൻ അയാളുടെ അടുത്ത് ചെന്നു. അയാൾ വിസിറ്റിംഗ് കാർഡ് നീട്ടി . വരുൺ അത് വാങ്ങി . രമ്യം ചിത്രക്കളരി സഖിൽ , സ്ഥലം , ഫോൺനംബർ .
“ഇതിനെല്ലാം എന്ത് വിലയാണ്? ഇതെല്ലാം ആളുകൾ വാങ്ങിക്കുമോ ? “. വരുൺ ചോദിച്ചു .
“ഇതിൻറെ അർത്ഥവും ഭംഗിയും തിരിച്ചറിയുന്നവർ വാങ്ങിക്കും”
വരുൺ മുഖം കനപ്പിച്ച് തിരിഞ്ഞു നടന്നു.
സഖിൽ അവനെ വീണ്ടും വിളിച്ചു . സഖിൽ ഒരു പുസ്തകം അവന് നേരേ നീട്ടി . ഇതിൽ എന്തെങ്കിലും കുറിച്ചിട്ടിട്ട് പോകു . വരുൺ പുസ്തകം തുറന്നു . ചിത്രപ്രദർശനം കണ്ടവരുടെ അഭിപ്രായങ്ങൾ . വരുൺ പേനയെടുത്ത് കുറിച്ചു . പുസ്തകം മടക്കി വെച്ച് പുറത്തേക്ക് നടന്നു . പുറത്തെ വെയിലിലേക്ക് ഇറങ്ങും മുൻപേ വരുൺ തിരിഞ്ഞു നോക്കി . സഖിൽ വരുൺ എഴുതിയത് വായിക്കുകയായിരുന്നു .
“നന്ദി” സഖിൽ വിളിച്ചു പറഞ്ഞു. സഖിൽ ചിരിച്ചു . മനോഹരമായ ചിരി വരുണും തിരിച്ച് സമ്മാനിച്ചു . വരുൺ അന്ന് രാത്രി കണ്ട സ്വപ്നത്തിൽ സഖിൽ നിറഞ്ഞു നിന്നു . അവിടെ ഒരു ഇഷ്ടം ആരംഭിക്കുകയായിരുന്നു .
പിന്നത്തെ ഒരാഴ്ച കോളേജ് ഇൽ ഉള്ള തിരക്കായിരുന്നു . കോളേജിൽ പോകുന്നുണ്ടെങ്കിലും പ്രണയത്തിൽപ്പെട്ടു പോയ മനസ്സുമായാണ് ആ ഒരാഴ്ച തളളി നീക്കിയത് . ഞായറാഴ്ച എന്തായാലും സഖിലിനെ കാണണം വരുൺ മനസ്സിലുറപ്പിച്ചു . ഞായറാഴ്ചയും ചിത്രകളരി തുറക്കുമെന്ന് അറിയാം , അവിടെ ചെന്ന് സഖിലിനെ കാണാം . എന്തിനാ വന്നതെന്ന് ചോദിച്ചാൽ ചിത്രം വര പഠിക്കാനാണെന്ന് കളളം പറയാം . എല്ലാ തെയ്യാറെടുപ്പുമായി വരുൺ ഞായർ പുലരിക്ക് വേണ്ടി കാത്തിരുന്നു . അതിരാവിലെ എഴുന്നേറ്റു . കുളി കഴിഞ്ഞു . സമയം ഇഴഞ്ഞു നീങ്ങുന്ന പോലെ . സെക്കന്റുകർക്ക് മണിക്കുറുകളുടെ ദൈർഘ്യം പോലെ . ഒൻപത് മണി ആയപ്പോൾ പുറപ്പെട്ടു . ചെല്ലുമ്പോൾ ചിത്രകളരി തുറന്നിട്ടുണ്ട് . ഉളളിൽ കുറച്ച് കുട്ടികൾ ചിത്രം വരയ്ക്കുന്നു .
“എന്തിനാ വന്നേ?” ഒരു കുട്ടി ചോദിച്ചു.
“സഖിൽ ഇല്ലേ”
”ചേട്ടൻ ഇപ്പോൾ വരും എന്തോ വാങ്ങാൻ പോയതാ “കുട്ടി വരയിലേക്ക് ശ്രദ്ധ കൊടുത്തു.
വരുൺ പുറത്തിറങ്ങി വഴിയിലേക്കും നോക്കി നിന്നു . കുറച്ച് സമയത്തിനു ശേഷം ഒരു ബൈക്കിൻറെ ശബ്ദം കേട്ട് നോക്കി . സഖിൽ തന്നെ . വരുൺ പരിചയത്തിൽ ചിരിച്ചു . സഖിൽ വണ്ടിയിൽ നിന്നും ഇറങ്ങി വാങ്ങിച്ച സാധനങ്ങളും എടുത്ത് വരുണിൻറെ നേരേ വന്നു .
“എന്താ മാഷേ ഇവിടെ എന്നുള്ള സഖിലിൻറെ ചോദ്യം വരുൺ കേട്ടില്ല. അവനാകെ തളർന്നു പോയിരുന്നു. സഖിലിൻറെ ഒരു കാൽപാദം വളഞ്ഞിരിക്കുന്നു , നടക്കുമ്പോൾ ഞൊണ്ടൽ വ്യക്തമായി അറിയാം . സഖിലിൻറെ സൗന്ദര്യം നഷ്ടപ്പെട്ട പോലെ തോന്നിവരുണിന് . സഖിൽ അടുത്ത് വന്നപ്പോൾ ഇലഞ്ഞിപ്പൂവിൻറെ ഗന്ധം , അന്നത് ആസ്വദിച്ചു . ഇന്നത് വീർപ്പുമുട്ടൽ ഉണ്ടാക്കുന്നു . സഖിൽ പലതും ചോദിച്ചു . വരുൺ വ്യക്തമല്ലാത്ത മറുപടികൾ നൽകി . തിരക്ക് ഉണ്ടെന്നും പറഞ്ഞ് വരുൺ പോയി . സഖിലിന് ഒന്നും മനസ്സിലായില്ല . വല്ലാത്തൊരു മനസ്സോടെയാണ് വരുൺ വീട്ടിൽ എത്തിയത് . വന്നപാടെ മുറിയിൽ കയറി കിടന്നു . സഖിലിന് ഇങ്ങനെ ഒരു വൈകല്യം ഉളളത് അറിഞ്ഞിരുന്നില്ല . അന്ന് കാണുമ്പോഴെല്ലാം ഇരിക്കുകയായിരുന്നു . വരുണിൻറെ മനസ്സിൽ ഒരുപാട് കുട്ടിക്കിഴിക്കലുകൾ നടന്നു . പെട്ടെന്ന് കണ്ട ഷോക്കിൻറെ തീവ്രത കുറഞ്ഞപ്പോൾ മനസ്സിൽ സഹാനുഭൂതി നിറഞ്ഞു . ഒന്നും പറയാതെ ഓടി പോന്നത് മോശമായെന് വരുണിന് തോന്നി . അവൻ സഖിലിൻറെ നംബറിലേക്ക് വിളിച്ചു . സംസാരിച്ചു . ഫോൺ വെയ്ക്കുമ്പോൾ വരുണിന് ഉറപ്പായി തൻറെ ഈ സ്നേഹം ഭ്രമമല്ല യഥാർത്ഥ്യം തന്നെയാണ് .
കാരണങ്ങൾ ഉണ്ടാക്കി ചിത്രകളരിയിൽ ചെല്ലാൻ തുടങ്ങി വരുൺ . സഖിലിനെ രണ്ടു തവണ വീട്ടിലേക്കും ക്ഷണിച്ചു . അച്ഛനെയും അമ്മയേയും പരിചയപ്പെടുത്തി . ചേട്ടത്തിയമ്മ മുറിക്ക് പുറത്ത് ഇറങ്ങിയില്ല . ഒരു തവണ സഖിൽ യാത്ര പറഞ്ഞ് ഇറങ്ങിയ നേരത്ത് ചേട്ടൻ കയറി വന്നു . സഖിലിനെ വൈരാഗ്യത്താൽ നോക്കി ഗൗരവത്തിൽ അകത്തേക്ക് പോയി . അന്ന് വീട്ടിൽ വഴക്ക് നടന്നു . വീട്ടിൽ ആദ്യമായി വരുണിൻറെ ശബ്ദവും ഉയർന്നു . പിറ്റെന്ന് ചേട്ടൻറെ ഇഷ്ടക്കേടിനെക്കുറിച്ച് സഖിൽ പറഞ്ഞു .
“എൻറെ വീട്ടിൽ വന്നാലല്ലേ പ്രശ്നം നമുക്ക് ഇനി സഖിലിൻറെ വീട്ടിൽ പോകാം, സഖിലിൻറെ ബന്ധുക്കാരെയെല്ലാം എനിക്ക് കാണണം”
“അതിനെന്താ കാണിക്കാമല്ലോ, നാളെ രാവിലെ വരുമോ എൻറെ കൂടെ ‘
അങ്ങനെ ഒരു വിളി കാത്തിരിക്കുകയായിരുന്നു വരുൺ. അന്ന് പിരിയാൻ നേരം വരുൺ ചോദിച്ചു .
“ഇത് പെർഫ്യൂം ആണോ അതോ അത്തറോ, ഇലഞ്ഞിപ്പുവിൻറെ അതേ മണം”
“കൈ ഒന്നു നീട്ടൂ”, സഖിൽ പറഞ്ഞു. വരുൺ കൈനീണ്ടി സഖിൽ ഷർട്ടിൻറെ പോക്കറ്റിൽ നിന്നും ഇലഞ്ഞിപ്പൂക്കൾ എടുത്ത് വരുണിൻറെ കയ്യിൽ ഇട്ടു കൊടുത്തു .
“ഇതായിരുന്നോ?”
പിറ്റെന്ന് വരുൺ കുളിച്ചൊരുങ്ങി വീടിനു മുൻപിൽ കാത്തുനിന്നു . സഖിൽ വണ്ടിയുമായി വന്നു . നോക്കി നിന്ന ചേട്ടനെ പരിഹാസത്തിൽ നോക്കി സഖിലിൻറെ വണ്ടിയുടെ പുറകിൽ കയറി പോയി .
“എന്നെ കാണുമ്പോൾ നിൻറെ ചേട്ടന് ദേഷ്യമാണ്. എന്താ കാര്യം ? “, സഖിൽ തിരക്കി.
“ചേട്ടൻ പൊതുവേ എല്ലാവരോടും അങ്ങനെയാണ്”
ക്രിസ്ത്യൻ പളളിക്ക് മുൻപിലാണ് വണ്ടി കൊണ്ടുചെന്ന് നിറുത്തിയത് . ഇരുവരും ഇറങ്ങി .
“എൻറെ ആൾക്കാരേ കാണണ്ടേ ഇവിടെയാണ് അവരെല്ലാം ഉള്ളത് “
സഖിൽ ഫാദർ ക്രിസ്റ്റിയെ വരുണിന് പരിചയപ്പെടുത്തി.
” ഫാദറാണ് എൻറെ അച്ഛനും അമ്മയും ബന്ധുക്കാരും എല്ലാം ‘ സഖിലിൻറെ അച്ഛനും അമ്മയും വേർപിരിഞ്ഞ് അവർ വേവ്വെറെ വിവാഹം ചെയതു. കുഞ്ഞിനെ രണ്ടു പേർക്കും വേണ്ടാ . അവർ പള്ളിവക ഓർഫനേജിൽ ആക്കി . അവർ ഒരിക്കലും മകനേ തേടി വന്നില്ല .
“ഇത് വരുൺ, ഞാൻ പിടിച്ച പുതിയ പുലിവാലാണ് ഫാദർ ഇത് “
“കൊളളാം. ഉം ചെല്ല് മൂപ്പര് കാത്തിരിക്കുന്നുണ്ടാകും ” , ഫാദർ പറഞ്ഞു .

സഖിൽ വരുണിനെ കൂട്ടി പള്ളി കടന്ന് ഓർഫനേജ് കെട്ടിടത്തിലേക്ക് നടന്നു. കുറച്ച് നടന്ന് സംശയിച്ച് മുറ്റത്ത് ഇറങ്ങി . അവിടെ കുറേ കുട്ടികൾ കളിക്കുന്നുണ്ട് .. സഖിൽ അവിടെയുള്ള ഇലഞ്ഞിമരച്ചോട്ടിലെ തറയിൽ ചെന്നിരുന്നു . കൂടെ വരുണും . കുട്ടികളുടെ കൂട്ടത്തിൽ നിന്നും മൂന്ന് വയസ്സ് പ്രായമുളള ഒരു ഒരാൺകുട്ടി വന്ന് സഖിലിൻറെ മടിയിൽ ഇരുന്നു . വരുൺ എല്ലാം ആശ്ചര്യത്തോടെ നോക്കി ഇരിക്കുകയാണ് . താൻ കാണുന്നതും കേൾക്കുന്നതും വിശ്വസിക്കാനാവാതെ . കുട്ടി തൻറെ പോക്കറ്റിൽ നിന്നും ഇലഞ്ഞിപ്പൂക്കൾ എടുത്ത് സഖിലിൻറെ പോക്കറ്റിൽ ഇട്ടു കൊടുത്തു .
“ഇത് എൻറെ മോനാണ്, ആൽബി”
വരുൺ ഒരു ഞെട്ടലോടെ സഖിലിനെ നോക്കി . സഖിൽ തുടർന്നു .
“ഈ പള്ളിമുറ്റത്ത് അരോ ഉപേക്ഷിച്ചു പോയ ഇവണെ’ ആദ്യം കണ്ടതും വാരിയെടുത്തതും ഞാനാണ് ‘ എനിക്ക് വേണ്ടി പാവം ഫാദർ നിയമത്തിൽ ഒരു കള്ളക്കളി കാണിച്ചു. ഇവനെ എനിക്ക് സ്വന്തമായി കിട്ടാൻ വേണ്ടി . ഫാദറിൻറെ ഒരു സുഹൃത്ത് ബോംബെയിൽ പള്ളിവക സ്കൂളിൽ ഒരു ജോലി ശരിയാക്കിയിട്ടുണ്ട് അടുത്ത മാസം ഇവനെയും കൊണ്ട് ഞാൻ പോകും . നിന്നിലുള്ള വിശ്വാസം കൊണ്ടാണ് ഇത്രയും വലിയ ഒരു രഹസ്യം പറയുന്നത് “
വരുൺ ഒരു കഥ കേൾക്കും പോലെ കേട്ടിരുന്നു . വരുൺ പെട്ടെന്നനെ സഖിലിനെ കെട്ടിപിടിച്ചു കരഞ്ഞു .
“വരുൺ എന്താ കാണിക്കുന്നേ? കുട്ടികൾ നോക്കുന്നത് കണ്ടില്ലേ?“
സഖിൽ അവനെ പിടിച്ചെഴുന്നെൽപ്പിച്ചു .
“എൻറെ സ്നേഹം മനസ്സിലാകാഞ്ഞിട്ടാണോ അതോ അറിഞ്ഞിട്ടും അറിയാത്ത ഭാവം കാട്ടുകയാണോ? “
“എന്തൊക്കയാണ് നീ പറയുന്നത്”
“ഒരു കുടുംബം ഉണ്ടാകില്ല അത് ആഗ്രഹിക്കുന്നില്ല എന്ന് ഒരു ദിവസം സഖിൽ എന്നോട് പറഞ്ഞിരുന്നു. അപ്പോൾ സഖിലും മോനും മാത്രമുളള കുഞ്ഞു ലോകത്തേക്ക് എന്നേം കൂടി കൂട്ടി കൂടെ ? “
“എന്നെപ്പോലെയാണോ നീ. നിന്നെ കാത്തിരിക്കാൻ ആളുകളുണ്ട് . മനോഹരമായ ജീവിതമുണ്ട് മുന്നിൽ “
“പുറത്ത് നിന്ന് കാണും പോലെ അല്ല എനിക്ക് എൻറെ വീട് കാരാഗൃഹമാണ്. ഞാൻ കാണുന്ന മനോഹര ജീവിതം സഖിലിൻറെ കൂടെയാണ് “
“നിൻറെ പഠിപ്പ്, അത് നശിപ്പിക്കണോ? നല്ലൊരു ജോലി വേണ്ടേ ? “
“എന്നെ ഒഴിവാക്കാൻ ഓരോ കാരണങ്ങൾ കണ്ടെത്തുവാണോ?”
“അല്ല വരുൺ, നീ ശരിക്ക് ചിന്തിക്ക്”
ഇരുവരും തങ്ങളുടെ ഭാഗം വാദിച്ചു . വൈകീട്ട് സഖിൽ തന്നെ വരുണിനെ വീട്ടിൽ എത്തിച്ചു . കാര്യങ്ങൾ വീട്ടിൽ അവതരിപ്പിക്കണം പിന്നെ അതു മാത്രമായി ചിന്ത . പല അവസരങ്ങളിലും പറയാൻ തുനിഞ്ഞു . കഴിഞ്ഞില്ല . ദിവസങ്ങൾ പോയി . ഇന്ന് സഖിൽ ആൽബിയേയും കൊണ്ട് ബോംബൈക്ക് പോകും . ഇന്ന് കാര്യങ്ങൾ അവതരിപ്പിച്ചില്ലെങ്കിൽ എല്ലാം നഷ്ടമാകും . എല്ലാവരും ഹാളിലിരുന്ന് TV കാണുകയായിരുന്നു . മുഖവുരയില്ലാതെ വരുൺ കാര്യം അവതരിപ്പിച്ചു .
ഓർമകളിൽ നിന്ന് വരുൺ തിരിച്ചെത്തി.
റേയിൽവേ സ്റ്റേഷൻ എത്തിയപ്പോൾ വരുൺ ബസ്സിൽ നിന്നും ഇറങ്ങി . പ്ലാറ്റുഫോമിലേക്ക് നടന്നു . സമയം നോക്കി . ഇനിയും സമയം ഉണ്ട് . വരുൺ ചുറ്റും നോക്കി . ഇല്ല സഖിൽ എത്തിയിട്ടില്ല . വീട്ടിലെ കൊടുങ്കാറ്റ് കഴിഞ്ഞിരിക്കുന്നു . പക്ഷേ സഖിൽ തന്നെ കൂട്ടുമോ ? സഖിൽ തന്നെ ഇവിടെ ഉപേക്ഷിച്ചാൽ… ….. ! ഉറച്ച ഒരു തീരുമാനം വരുൺ എടുത്തിരുന്നു . റേയിൽവേ പാളത്തിലേക്ക് അവൻ ഉറ്റുനോക്കിയിരിക്കവേ ഒരു വിളി . വരുൺ നോക്കുമ്പോൾ അടുത്ത് സഖിൽ കൂടെ ആൽബി , അവൻറെ ബാഗുകളും .
“നീ വരുമെന്ന് അറിയാമായിരുന്നു പക്ഷേ ഈ ബാഗല്ലാം കൊണ്ട് ” സഖിൽ ചോദിച്ചു.
” എന്നെയും കൊണ്ടു പോയിക്കൂടെ”
സഖിൽ എന്തോ പറയാൻ തുനിഞ്ഞപ്പോഴെക്കും ഫോൺ ബല്ലടിച്ചു . പരിചയമില്ലാത്ത നംബർ
“വരുൺ അടുത്തുണ്ടോ?”
“ഉണ്ട്.”
“ഫോൺ അവനൊന്ന് കൊടുക്കൊ?”
സഖിൽ ഫോൺവരുണിന് നീട്ടി . ഫോൺ ചെവിയിൽ ചേർത്തു .
“ഹലോ”
” ഈ അച്ഛന്നേട് ദേഷ്യമുണ്ടോ”
“ഞാനല്ലേ അച്ഛാ വിഷമിപ്പിച്ചേ”
“നിൻറെ ചേട്ടൻറെ മുന്നിൽ അച്ഛന് നിന്നെ തള്ളി പറയേണ്ടി വന്നു. നീ സന്തോഷത്തോടെ പോയിക്കോ . നീ ആഗ്രഹിച്ച ജീവിതം നിനക്ക് കിട്ടട്ടെ ……. ഫോണൊന്ന് സഖിലിന് കൊടുക്ക് “
ഫോൺ സഖിൽ വാങ്ങി ചെവിയോട് ചേർത്തു .
“എൻറെ മോനേ നോക്കിക്കോളണേ. അൽപം വാശിയുണ്ടേലും അവനൊരു പാവമാണ് . വേണ്ടാന്ന് തോന്നുമ്പോൾ വഴിയിൽ ഉപേക്ഷിക്കാതെ ഞങ്ങൾക്ക് തന്നെ തിരിച്ചു എൽപ്പിച്ചാൽ മതി” അത്രയും പറഞ്ഞ് അച്ഛൻ ഫോൺ കട്ട് ചെയ്തു.
അച്ഛൻ തൻറെ കയ്യിലിരുന്ന സഖിലിൻറെ പി സിറ്റിംഗ് കാർഡ് വരുൺ ഇരുന്ന് പഠിച്ചിരുന്ന മേശവലിപ്പിലേക്ക് തന്നെ വെച്ചു .
“നീ വീട്ടിൽ പറഞ്ഞോ എല്ലാം?” സഖിൽ ചോദിച്ചു.
“ഉം “
“എനിക്ക് വേണ്ടി നീ!!”
“കാര്യ കാരണങ്ങൾ എനിക്ക് അറിയില്ല, പക്ഷേ നിങ്ങളെ ഒരു പാട് ഇഷ്ടമാണ് “
സഖിൽ വരുണിനെ ചേർത്ത് പിടിച്ചു.
“എങ്കിൽ ഞാനൊന്ന് പറയട്ടെ എനിക്ക് ആദ്യം കണ്ടപ്പോഴെ ഇഷ്ടമായിരുന്നു . പക്ഷേ സ്നേഹിക്കാൻ പേടിയായിരുന്നു . സ്നേഹിച്ചിട്ട് നഷ്ടപ്പെട്ടാൽ അത് സഹിക്കാൻ എനിക്ക് കഴിയില്ലായിരുന്നു . ഇനി നമ്മൾ കാണിച്ചു കൊടുക്കും . ചെറിയമുനയിൽ പൊട്ടി പോകുന്ന ബലൂൺ പോലെയല്ല എല്ലാ സ്വവർഗ പ്രണയങ്ങളും എന്ന് .”
ആശിച്ച ജീവിതത്തിലേക്കുളള നല്ല പ്രതീക്ഷകളുമായി വണ്ടിയുടെ വരവും കാത്ത് സഖിലിൻറെ കരവലയത്തിൽ ഒതുങ്ങി ആൽബിയും വരുണും ഇരുന്നു .
(ശുഭം)

Leave a Reply

Your email address will not be published. Required fields are marked *