പെണ്ണ് കരുത്തുള്ളവളായില്ലെങ്കിൽ
“ഞാൻ …പോവെണ്ടാണ് പറഞ്ഞതല്ലേ അച്ഛാ ….”
അവൾ അയാളെ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു.
അവളുടെ കണ്ണുനീർ അയാളുടെ കൈത്തലം നനയിച്ചു. ആ കണ്ണീരിൽ തന്റെ പിതൃത്വം മുങ്ങിത്താഴുന്നതായി അയാൾക്ക് തോന്നി .
“ഇല്ല മോളെ … ഇല്ല…അച്ഛൻ മോളെ വിട്ടു ഇനി ഒരിടത്തും പോവില്ല…”
അത് പറയുമ്പോൾ അയാളുടെ വാക്കുകൾ ഇടറിയിരുന്നു .
“എന്നെ അവൻ കുറെ ഉപദ്രവിച്ചു അച്ഛാ …, ദേ…നോക്ക് …എന്റെ ഇവിടെ …..ദേ അവിടെ…പിന്നെ ..നോക്കച്ഛാ …ചുണ്ടെല്ലാം കടിച്ചു മുറിച്ചു …ചോര ഒഴുകുന്നു…”
തന്റെ മകളുടെ റോസാപൂപോലത്തെ ശരീര ഭാഗണങ്ങളിൽ രക്തപ്പാടുകൾ കണ്ട ആ അച്ഛന്റെ വായിൽ നിന്ന് അറിയാതെ “മോളെ….” …എന്നൊരു നിലവിളിയുയർന്നു .
അയാൾ അവളെ ഇറുകെ കെട്ടിപ്പിടിച്ചു അലമുറയിട്ടു കരഞ്ഞു .
പതിനേഴു വര്ഷം മുൻപ് ലേബർ റൂമിന്റെ മുൻപിൽ താൻ അക്ഷമനായി നിന്നത് ഇവൾക്ക് വേണ്ടിയായിരുന്നു .
അവസാനം കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ട് ദൈവത്തിന്റെ മാലാഖമാരിൽ നിന്നും ഒരു വെള്ളത്തുണിയിൽ പുതപ്പിച്ചു ഭദ്രമാക്കിയ തന്റെ മകളെ അയാൾ കയ്യിൽ വാങ്ങിയപ്പോൾ നിറഞ്ഞൊഴുകിയതായിരുന്നു അയാളുടെ കണ്ണുകൾ.
അന്ന് തന്റെ മകളെ മാറോടണച്ചു പിടിച്ചതും നെറുകയിൽ മുത്തമിട്ടതും എല്ലാം അയാൾ ഓർമകളിൽ ഒരു നിമിഷം ഓടിയെത്തി.
അന്ന് കൈയ്യിലെടുത്ത ആ പിഞ്ചോമനയാണല്ലോ ഇന്ന് ഒരു കാമഭ്രാന്തന്റെ വികാര ശമനത്തിൽ പിച്ചി ചീന്തപ്പെട്ടു ചോരയൊലിപ്പിച്ചു തന്റെ കയ്യിൽ കിടക്കുന്നതെന്നു ഓർക്കുമ്പോൾ ആ അച്ഛന്റെ മനസ്സ് ചീട്ടുകൊട്ടാരം കണക്കെ തകർന്നു പോയിരുന്നു .