പെണ്ണ് കരുത്തുള്ളവളായില്ലെങ്കിൽ
പെണ്ണ് – ഇന്ന് തിരുവോണം, നാടെങ്ങും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും , സംമ്പൽസമൃദ്ധിയുടെയും ഉത്സവമായ ഓണം ആഘോഷിക്കുന്നു . എല്ലാ മലയാളികളുടെയും നാട്ടിലും, വീട്ടിലും ആരവങ്ങളും ആഘോഷങ്ങളും ചാർത്തി ഓണം കൊണ്ടാടുകയാണ്.
മാവേലി മന്നനെ വരവേൽക്കാൻ നാടും വീടും ഒരുങ്ങിക്കഴിഞ്ഞു.
പകിട്ടാർന്ന പൂക്കളും ,പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും മിഴിവേകുന്ന ഈ ചിങ്ങപ്പുലരി അവൾക്ക് നൽകുന്നത് വേദനാർഹമായ നിമിഷങ്ങളാണ്.
ഓർമ്മകൾ കൂടുകൂട്ടാനും , കൂട്ടുകാരെയെല്ലാമൊന്ന് കാണാനും, ഒന്നുചിരുന്നു വട്ടമിട്ട് സദ്യയുണ്ണാനും, കൈകൊട്ടിക്കളിക്കാനും, ഉഞ്ഞാലാടാനുമൊക്കെ അവളുടെ മനസ്സ് തുടിക്കുകയാണ്.
പക്ഷെ ഇന്നത്തെ മനോഹര സുദിനം ആ വിശാലമായ ഫ്ലാറ്റിന്റെ നാലുചുവരുകൾക്കുള്ളിൽ കഴിച്ചുകൂട്ടാനാണ് അവളുടെ വിധി.
ഇന്ന് അവളുടെ മനസ്സിനെ ഏറ്റവും അധികം വേദനിപ്പിക്കുന്നത് അവളുടെ പ്രിയപ്പെട്ടവർ തന്നെയാണ് . അവളുടെ മാതാപിതാക്കൾ .അവർ രണ്ടുപേരും ജീവിതത്തിൽ അവൾക്കു നൽകിയ ഏറ്റവും വലിയ സമ്മാനമാണ് “ഒറ്റപ്പെടുത്തൽ”.
അവരുടെ ഒറ്റപ്പെടുത്തലിൽ അവളുടെ സ്വപ്നങ്ങളും, മോഹങ്ങളും ചങ്ങലയ്ക്കിട്ട അടിമയെപ്പോലെ ഇരുളിൽ മറഞ്ഞിരുന്നു.
തീർത്തും അർഥശൂന്യമായ ബാല്യമായിരുന്നു അവളുടേത്.
ഒരിക്കലും അവൾ അമ്പിളിയമ്മാവന് വേണ്ടി കരഞ്ഞിട്ടില്ല, കാരണം അവളുടെ അച്ഛൻ അവളെ ഒരിക്കലും മടിയിലിരുത്തി ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെയും, അവർക്കു കാവലായി അരമുറിത്തേങ്ങയുടെ വലുപ്പത്തിൽ പൂർണ്ണ ശോഭയോടെ നിൽക്കുന്ന അമ്പിളിയമ്മാവനെയും കാണിച്ചുകൊടുത്തിട്ടില്ല.