നിന്നെ എനിക്ക് വേണം
ഇന്നലെ തങ്ങൾ പറഞ്ഞ കാര്യം ഒന്നും അവന് ഏശിയത്കൂടിയില്ല എന്നുള്ള തിരിച്ചറിവിൽ ഇതെല്ലാം കണ്ട് കലി പൂണ്ട് നിൽക്കുകയായിരുന്നു അഖിലും ബാക്കിയുള്ളവരും.
“എന്താടാ…എല്ലാം കൂടെ മുഖോം കേറ്റിപ്പിടിച്ചോണ്ട് നിക്കണേ…”
കാന്റീനിൽ നിന്ന് അങ്ങോട്ടേക്ക് ഓടി വന്നു മഴ നനഞ്ഞ മുടിയും ഷർട്ടും കുടഞ്ഞുകൊണ്ട് ജിഷ്ണു ചോദിച്ചു.
“ഓഹ് ഒന്നൂല്ല അളിയാ… ജൂനിയേഴ്സിനൊന്നും ഇപ്പോൾ പഴേ പോലെ പേടി ഒന്നും ഇല്ല….”
“അതെന്താടാ…”
“നീ ഇന്നല്ലേ സെം തുടങ്ങിയിട്ട് കയറുന്നെ, നമ്മുടെ അഖിൽ ഫസ്റ്റ് ഡേ ജൂനിയേഴ്‌സ് വന്ന അന്ന് തന്നെ ഒരു കിളിയെ നോട്ടം ഇട്ടതാ ഇപ്പോൾ അവള് അവളുടെ ക്ലാസ്സിൽ തന്നെയുള്ള ഒരുത്തന്റെ ഒപ്പം സെറ്റ് ആയി…”
“അയ്യേ ഇത്ര ഊള കേസിനാണോ നീയൊക്കെ ഇങ്ങനെ ബലം പിടിക്കുന്നെ…അവനെ പിടിച്ചൊന്നു വിരട്ടിയാൽ പോരെ…”
“അതൊക്കെ ചെയ്തതാടാ.. അവന്റെ അപ്പോഴുള്ള ഇരിപ്പും ഭാവോം കണ്ടപ്പോൾ ഏറ്റെന്ന് കരുതീതുമാ….എവിടുന്ന്…”
“ഏതാ…അവൻ…?”
പോക്കെറ്റിൽ നിന്നെടുത്ത കർച്ചീഫിൽ തല ഒന്ന് തോർത്തി ജിഷ്ണു അഖിലിനൊപ്പം നിന്നവനോട് ചോദിച്ചു.
“ദേ ആ ബസിലേക്ക് നടക്കുന്നത് തന്നെ ഐറ്റം…”
“ഏതു ആ രമേഷോ…”
“നിനക്ക് അവനെ എങ്ങനെ അറിയാം…”
അത്രയും നേരം മിണ്ടതിരുന്ന ജിഷ്ണു ആയിരുന്നു ചോദിച്ചത്.
“ഓ.. പ്ലസ്റ്റു വിൽ ഇവനെന്റെ ജൂനിയർ ആയിരുന്നു…അവിടെ ഇട്ടു ഇവന്റെ മെക്കിട്ട് കേറലായിരുന്നു എന്റെ സ്ഥിരം പരിപാടി, ഇവന്റെ കാര്യം ഞാൻ ഇപ്പോൾ തീർത്തു തരാം നീയൊക്കെ വാ…”