ഒരു കീറാമുട്ടി പ്രശ്നമായിരുന്നു മാലിനി.
ആരോടും അധികം അടുപ്പമില്ല. പ്രേമം മുതലായ മൃദുലവികാരങ്ങൾ ഒന്നും ഇല്ല. എടുത്തടിച്ചതു പോലെ സംസാരിക്കും. വെട്ടൊന്ന് മുറി രണ്ട് അതാണ് പ്രകൃതം.
ശാലിനിയേക്കാൾ മുമ്പും പിമ്പും അനിയത്തിയായ മാലിനിക്ക് ഉണ്ടായിരുന്നു.
ഞാനും ശാലിനിയുമായ ബന്ധം ആദ്യം മനസിലാക്കിയത് മാലിനിയായിരുന്നു. അവളത് നേരിട്ട് പറഞ്ഞൊന്നുമില്ല, എന്നാൽ അർത്ഥഗർഭ്ഭമായ ഒരു ചിരിയാൽ എനിക്ക് ശാലിനിയോടുള്ള അനുരാഗം അവൾ കടിച്ചു കുടഞ്ഞിട്ടിരുന്നു പലപ്പോഴും.
“ശാലിനി താഴെ കടവിലേയ്ക്ക് പോയി”,
“അവൾ കിടന്നുറക്കമാണെന്നാണ് തോന്നുന്നത്”,
“വീട്ടിലെ കുറച്ച് പണി ചെയ്യാൻ കൂടി ഒന്ന് ശാലിനിയോട് പറയണം”,
“അവളെ കെട്ടുന്നവന്റെ കാര്യം പോക്കാണ്”,
“പിണങ്ങിയാണെന്ന് തോന്നുന്നു പിന്നാലേ വിട്ടോ”
എന്നിങ്ങിനെ ഞങ്ങൾ തമ്മിലുള്ള ബന്ധം ആ വീട്ടിൽ ആരെങ്കിലും അറിയുന്നതിന് മുമ്പേ മാലിനി അറിഞ്ഞതിനാൽ എന്നോട് കോളും കൊളുത്തും ചേർത്ത് മുകളിൽ വിവരിച്ചതു പോലെ സംസാരിച്ചിരുന്നു.
അതിൽ നിന്നെല്ലാം മാലിനിക്ക് ഞങ്ങൾ തമ്മിലുള്ള ബന്ധം താൽപ്പര്യമാണ് എന്ന് എനിക്ക് മനസിലായി. അതുകൊണ്ട് തന്നെ ഞങ്ങൾ പിണങ്ങുമ്പോൾ ഇടനിലക്കാരിയായി നിന്നിരുന്നതും മാലിനിയായിരുന്നു.
മാലിനിയെ ഞാൻ എന്റെ സഹോദരിയേപ്പോലെ കണ്ടു എന്നൊക്കെ പറഞ്ഞാൽ അത് ശുദ്ധ നുണയായിരിക്കും. എന്തെന്നാൽ ശാലിനിയുടെ അഭൗമസൗന്ദര്യമാകുന്ന വടവൃക്ഷത്തിന് മുകളിൽ പോലും പാറിപ്പറക്കുന്ന സ്വഭാവഗുണങ്ങളുടെ കളിപ്പട്ടമായിരുന്നു മാലിനി.