ഇണക്കിളികൾ
അമ്മാവൻ്റെ വീട് പത്ത് ഏക്കർ പറമ്പിലാണ്. റോഡിൽ നിന്നും അമ്പത് മീറ്റർ ഉള്ളിലേക്ക് വീട് നിൽക്കുന്ന സ്ഥലം വരെ പരന്ന പ്രദേശമാണ്. വീടിന് പുറകിലുള്ള വിശാലമായ കൃഷിയിടം അല്പം ഉയർന്ന പ്രദേശമാണ്. വീടിനോട് ചേർന്ന് വലിയൊരു കിണറുണ്ട്. അതിൽനിന്നാണ് കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കുന്നത്. ഉയർന്ന പ്രദേശത്തേക്ക് വെള്ളമെത്തിക്കുന്നതിനുവേണ്ടിയാണ് ഏകദേശം അമ്പതടി ഉയരത്തിൽ കോൺക്രീറ്റ് കാലിൽ വലിയൊരു വാട്ടർ ടാങ്ക് പണികഴിപ്പിച്ചിട്ടുള്ളത്. അഞ്ചടി ആഴത്തിൽ, മേൽക്കൂരയോട് കൂടിയ വാട്ടർ ടാങ്കിലേക്ക് കയറുവാൻ താഴെ നിന്നും ഒരു ഇരുമ്പ് കോണി ഉണ്ട്. ദൂരെനിന്നും ഈ വാട്ടർടാങ്ക് കണ്ടാൽ വലിയ ഒരു ഏറുമാടം ആണെന്നെ ഒറ്റ നോട്ടത്തിൽ തോന്നുകയുള്ളൂ.
താനും അച്ചുവും അജയേട്ടനും ഒരുപാട് കേളികളാടിയ ഒരു സ്ഥലമാണ് അത്. അത് ഓർത്തുകൊണ്ട് അനു കിടക്കയിലേക്ക് ചാഞ്ഞു. യാത്രാക്ഷീണം കൊണ്ട് കിടന്ന പാടെ അവൾ ഉറങ്ങിപ്പോയി.
അനു ഉണർന്നപ്പോൾ ഉച്ചക്ക് രണ്ട് മണിയായിരുന്നു. മുറിയിൽനിന്നും താഴെ വന്നപ്പോൾ അജയൻ താഴത്തെ മുറിയിൽ ഇരിപ്പുണ്ടായിരുന്നു. ഉറക്കച്ചടവോടെ ഇറങ്ങി വന്ന അനുവിനെ കണ്ടപ്പോൾ അജയൻ ചോദിച്ചു.
അനുക്കുട്ടി ഉണർന്നോ? അമ്മയും അമ്മായിയും അമ്പലത്തിൽ പോയിരിക്കുവാ. കുറേനേരം അനുവിനെ കാത്തിരുന്നു. കാണാഞ്ഞപ്പോൾ അനുവിനുള്ള ഭക്ഷണം ഡൈനിങ്ങ് ടേബിളിൽ എടുത്തുവെച്ചിട്ടാണ് അവർ പോയത്. വിശക്കുന്നില്ലേ? വേഗം ഭക്ഷണം കഴിച്ചോളൂ. ഞാൻ ടാങ്കിലേക്ക് പോകുവാ.