പ്രണയലേഖനം എങ്ങിനെ എഴുതണമെന്ന് അവനൊരു രൂപവുമില്ല.. മനോരമ ആഴ്ചപ്പതിപ്പിലുള്ള കഥകളിൽനിന്നും പല വാചകകൾ പകർത്തി ഒരു കത്താക്കി. അതവൾക്ക് കൊടുത്തു. അവളും കൂട്ടുകാരികളും കത്ത് വായിച്ചു. പോൾ ഒരു സാഹിത്യകാരനാണെന്നവർ തെറ്റിദ്ധരിച്ചു. ശ്യാമളക്ക് പോളിനോട് അസ്ഥിയിൽ പിടിച്ച പ്രണയമായി. അവൾ പോളിനും കത്ത്കൊടുത്തു നല്ല ഭാഷാസൗകുമാര്യമുള്ള കത്ത്. അതിനുള്ള മറുപടി എഴുതാൻ പോളിന് പറ്റുന്നില്ല. അങ്ങിനെ അവൻ എന്റെ സഹായം തേടി. അവന് വേണ്ടി കത്തെഴുത്ത്കാരൻ ഞാനായി. അവളുടെ കത്തുകൾ ഞാൻ വായിച്ചു. എന്റെ ഭാവനയ്ക്കനുസരിച്ച് ഞാനെഴുതുന്ന കത്തുകൾ പോൾ പകർത്തി എഴുതും. ഒരു ദിവസം അവന് പകർത്തി എഴുതാൻ സമയം കിട്ടിയില്ല. എന്റെ കൈപ്പടയിലുള്ള കത്ത് വായിച്ച ശ്യാമളയുടെ കൂട്ടുകാരികളിൽ, അവളുടെ ക്ലാസ്സിൽ പഠിക്കുന്ന എന്റെ സഹോദരിയുമുണ്ടായിരുന്നു. അവൾ എന്റെ കൈയ്യക്ഷരം തിരിച്ചറിഞ്ഞു. അതവരോട് പറഞ്ഞതോടൊപ്പം ഇതിനുമുൻപുള്ള കത്തിലൊക്കെ എന്റെ ഭാഷയായിരുന്നുവെന്നും അവൾ ചുണ്ടിക്കാട്ടി.
അടുത്ത ദിവസം സഹോദരിയോടൊപ്പം ശ്യാമള എന്റെവീട്ടിൽ വന്നു. ഞാനന്ന് വരെ ശ്യാമളയെ കണ്ടിട്ടില്ല. അവള് എന്നോട് അടുപ്പത്തിൽ പെരുമാറി. എന്റെ പുസ്തശേഖരം അവൾക്ക് കൗതുകമായി. പല ബുക്കുകളും അവൾ കൊണ്ടുപോകുമായിരുന്നു.. ഈ സമയത്ത് പോളിന് വേണ്ടി ഞാൻ കത്തുകളെഴുതിക്കൊണ്ടുമിരുന്നു. ശ്യാമള എഴുതുന്ന കത്തുകളിൽ ‘പ്രണയം കുറഞ്ഞ് വരുന്നതും എന്നാൽ മറുപടിക്കായി അവള് കാത്ത്കാത്തിരിക്കയാണെന്നും ഞാനറിഞ്ഞു. ശ്യാമളക്ക് പുസ്തകങ്ങളോടുള്ള അടുപ്പം എനിക്ക് അവളോടും തോന്നി. ഞാനതവൾക്ക് മുന്നിൽ തുറന്നില്ലെങ്കിലും പറയാൻ ഒരവസരം ഞാനൊരുക്കിവരികയായിരുന്നു. അപ്പോഴാണ് അവളുടെ കൈയിൽ മൈലാഞ്ചികൊണ്ട് “എസ്സ്” എന്ന് ഇംഗ്ലീഷിൽ എഴുതിയിരിക്കുന്നത് പുസ്തക കൈമാറ്റത്തിനിടയിൽ ഞാൻ കണ്ടത്. കണ്ടതല്ല .. അവൾ കരുതിക്കൂട്ടി കാണിച്ചതാണെന്ന് എനിക്ക് ബോദ്ധ്യമായിരുന്നു. എന്റെ മനസ്സ് ആനന്ദ നിർവൃതിയിലമർന്നു!