ഫസ്റ്റ് ലൗ“ആദ്യ പ്രണയം ഒരിക്കലും മറക്കാനാവാത്ത ഒരോർമ്മയാണ്. ഒരിക്കലെങ്കിലും പ്രണയിച്ചിട്ടില്ലാത്ത ആണുംപെണ്ണുമുണ്ടാകില്ല. പരസ്പരം അറിയാതെ വൺവേ പ്രണയങ്ങളും ഉണ്ടായിട്ടുണ്ടാവാം.. എനിവേ.. പ്രണയമെന്ന വികാരം എല്ലാവർക്കും ഏത് വിധത്തിലായാലും അനുഭവപ്പെട്ടിട്ടുണ്ടാകും… “
പതിവുപോലെ ശ്യാം തന്റെ വാചകമടി തുടരുകയാണ്. അവന്റെ പതിവ് സംഘത്തിനിടയിൽ ഇന്നവൻ അവതരിപ്പിച്ചിരിക്കുന്ന വിഷയത്തിൽ, എതിർത്ത് സംസാരിക്കുവാൻ ആരുമുണ്ടായില്ല.

“നിങ്ങളുടെ ഈ മൗനം എന്റെ അഭിപ്രായത്തെ നിങ്ങൾ അംഗീകരിക്കുന്നു എന്നതിന് തെളിവാണ്.. ഇനി ഇതിൽ ആർക്കൊക്കെ എങ്ങിനെയായിരുന്നു ആദ്യ പ്രണയമെന്ന് തുറന്ന് പറയാനുള്ള ധൈര്യമുണ്ടെന്നാണറിയേണ്ടത്..”
ശ്യാം എല്ലാവരേയും ഒന്ന് പാൻചെയ്ത് നോക്കി. ഒരാളിലും ഒരു ഭാവവ്യത്യാസവുമില്ല. ആരും ഒന്നും പറയാൻ തയ്യാറല്ലെന്ന് അവരുടെ മൗനം അറിയിക്കുന്നുണ്ടായിരുന്നു.
അത് മനസ്സിലാക്കിക്കൊണ്ട് ശ്യാം പറഞ്ഞു. “ആർക്കും അവരുടെ ആദ്യപ്രണയം ഒപ്പണപ്പ് ചെയ്യാൻ താല്പര്യമില്ലെങ്കിൽ വേണ്ട .. ആദ്യം ഞാൻതന്നെ തുടങ്ങിവെക്കാം ..നമ്മളൊന്നും ചെറിയ കുട്ടികളല്ല. നമ്മളിൽ പലരുടേയും മക്കൾക്ക് വിവാഹപ്രായമെത്തുകയും, വിവാഹ ആലോചനകൾ നടക്കുകയും ചെയ്യുമ്പോൾ നമ്മളെന്തിനാണ് ഇത്തരത്തിലൊരു വിഷയത്തിലേക്കിറങ്ങിചെല്ലുന്നത് എന്ന ചോദ്യമാണ് നിങ്ങളുടെയൊക്കെ മനസ്സിലെന്നെനിക്കറിയാം… എന്നാ കേട്ടോളൂ..പലവിധ ജീവിതപ്രശ്നങ്ങളാൽ കലുഷിതമായ നമ്മുടെയൊക്കെ മനസ്സിനെ ഒരുനിമിഷമെങ്കിലും ഒന്ന് മാറ്റിനിർത്താൻ .. ഒന്ന് ഫ്രെഷപ്പ് ചെയ്യാൻ ഏറ്റവും നല്ലതാണ് കുസൃതികൾ നിറഞ്ഞ ആ ഓർമ്മകൾ.

ആദ്യപ്രണയമെന്നത് തന്നെ പക്വതയില്ലാത്ത മനസ്സിന്റെ ചാപല്യമായിരിക്കും. അത് ഇപ്പോഴോർത്താൽ ഓർത്തോർത്ത് ചിരിക്കാനുള്ള പലതും അതിലുണ്ടാകും… എന്തായാലും ഞാൻ എന്റെകഥയിലേക്ക് വരാം.. എനിക്കന്ന് പതിനഞ്ച് വയസ്സേ ഉണ്ടായിരുന്നുള്ളൂ. ടെൻത് സ്റ്റാന്റേർഡിൽ പഠിക്കുന്നു. കുട്ടിക്കഥകൾ എഴുതുക എന്നതായിരുന്നു ഹോബി. അപ്പോഴാണ് സുഹൃത്തായ പോളച്ചന് നയൻത്ത് സ്റ്റാന്റേർഡിൽ പഠിക്കുന്ന ശ്യാമളയോട് ഒരിഷ്ടം തോന്നിയത്. രണ്ടു പേരും ഒരേ നാട്ടുകാർ. ഒരുമിച്ച് കെ.എസ്.ആർ.ടിയിലാണ് യാത്ര. ആ പ്രദേശത്തേക്ക് ആ സമയത്ത് ഒരൊറ്റ ബസ്സേ ഉള്ളൂ. ബസ്സിൽ അടുത്തടുത്ത്നിന്ന് യാത്ര ചെയ്യാറുള്ളവരാണെങ്കിലും പരിചയഭാവം ഇരുവർക്കുമില്ല. ഒരുദിവസം കൺസഷൻ ടിക്കറ്റ് പുതുക്കുവാനായി കെ.എസ്.ആർ.ടി.സിയിൽ നിൽക്കുകയായിരുന്നു പോൾ. പിന്നാലെ ശ്യാമളയുമെത്തി.

ബസ്സ് വരുന്നതിന് മുന്നേ ഫോം ഫില്ല് ചെയ്യണം. “പോളേട്ടാ… എനിക്കൊരു ഫോം വാങ്ങിത്തരോ.. “ പോളിന് അതിശയം തോന്നി.ഇത് വരെ ഒന്നും ഉരിയാടാത്തവൾ, തന്നെ “ചേട്ടാ “ എന്ന് വിളിച്ചിരിക്കുന്നു. പോൾ ഫോം വാങ്ങി, അവൻ തന്നെ ഫില്ല് ചെയ്തു കൊടുത്തു.. അങ്ങിനെ അവളുടെ പേരും വീട്ടുപേരുമൊക്കെ അവനറിഞ്ഞു. പിന്നീട് ബസ്സിൽ അടുത്തടുത്ത് നിൽക്കുമ്പോഴൊക്കെ സംസാരിക്കുക പതിവായി. കൂടുതലും പഠിപ്പിനെക്കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്..” ശ്യാമിനെ തടഞ്ഞ്കൊണ്ട് കൂട്ടത്തിലൊരാൾ.. ” നിർത്ത്.. നിർത്ത്… നിന്റെ ആദ്യ പ്രണയത്തെക്കുറിച്ച് പറയുന്നുവെന്ന് പ്രഖ്യാപിച്ചത് ഞങ്ങളെ മണ്ടന്മാരാക്കാനാ.. വല്ലവന്റേം കഥയാണോ പറയുന്നേ.. “ ങാ… ഞാൻ എന്റെ പ്രണയത്തെക്കുറിച്ചാ പറയുന്നേ.. ഇതൊരു കഥയല്ല .. യാഥാർത്ഥ്യമാ.. നിങ്ങളിത് കേൾക്കണം.. എന്റെ കഥയിലേക്കെത്താൻ ഇത്തരമൊരു മുഖവുര ആവശ്യമാണ്.. ങ .. ഞാൻ പറയട്ടെ…..അങ്ങിനെ, പോളും ശ്യാമളകുമാരിയും നല്ലപരിചയക്കാരായി…ഈ സൗഹൃദം, ഇരുവരും തമ്മിൽ പ്രണയമാണെന്ന് സുഹൃത്തുക്കൾ തെറ്റിദ്ധരിച്ചു. അങ്ങിനെ ഒരു കഥ പ്രചരിക്കുന്ന വിവരം അറിഞ്ഞ പോൾ ശ്യാമളയോടത് സൂചിപ്പിച്ചു. അവളിലെ ചിരി, അതവൾ ആഗ്രഹിക്കുന്നുവെന്ന് പോളും മനസ്സിലാക്കി. അവൾക്കൊരു ലൗ ലെറ്റർ കൊടുക്കുവാൻ അവനാലോചിച്ചു.

പ്രണയലേഖനം എങ്ങിനെ എഴുതണമെന്ന് അവനൊരു രൂപവുമില്ല.. മനോരമ ആഴ്ചപ്പതിപ്പിലുള്ള കഥകളിൽനിന്നും പല വാചകകൾ പകർത്തി ഒരു കത്താക്കി. അതവൾക്ക് കൊടുത്തു. അവളും കൂട്ടുകാരികളും കത്ത് വായിച്ചു. പോൾ ഒരു സാഹിത്യകാരനാണെന്നവർ തെറ്റിദ്ധരിച്ചു. ശ്യാമളക്ക് പോളിനോട് അസ്ഥിയിൽ പിടിച്ച പ്രണയമായി. അവൾ പോളിനും കത്ത്കൊടുത്തു നല്ല ഭാഷാസൗകുമാര്യമുള്ള കത്ത്. അതിനുള്ള മറുപടി എഴുതാൻ പോളിന് പറ്റുന്നില്ല. അങ്ങിനെ അവൻ എന്റെ സഹായം തേടി. അവന് വേണ്ടി കത്തെഴുത്ത്കാരൻ ഞാനായി. അവളുടെ കത്തുകൾ ഞാൻ വായിച്ചു. എന്റെ ഭാവനയ്ക്കനുസരിച്ച് ഞാനെഴുതുന്ന കത്തുകൾ പോൾ പകർത്തി എഴുതും. ഒരു ദിവസം അവന് പകർത്തി എഴുതാൻ സമയം കിട്ടിയില്ല. എന്റെ കൈപ്പടയിലുള്ള കത്ത് വായിച്ച ശ്യാമളയുടെ കൂട്ടുകാരികളിൽ, അവളുടെ ക്ലാസ്സിൽ പഠിക്കുന്ന എന്റെ സഹോദരിയുമുണ്ടായിരുന്നു. അവൾ എന്റെ കൈയ്യക്ഷരം തിരിച്ചറിഞ്ഞു. അതവരോട് പറഞ്ഞതോടൊപ്പം ഇതിനുമുൻപുള്ള കത്തിലൊക്കെ എന്റെ ഭാഷയായിരുന്നുവെന്നും അവൾ ചുണ്ടിക്കാട്ടി.

അടുത്ത ദിവസം സഹോദരിയോടൊപ്പം ശ്യാമള എന്റെവീട്ടിൽ വന്നു. ഞാനന്ന് വരെ ശ്യാമളയെ കണ്ടിട്ടില്ല. അവള് എന്നോട് അടുപ്പത്തിൽ പെരുമാറി. എന്റെ പുസ്തശേഖരം അവൾക്ക് കൗതുകമായി. പല ബുക്കുകളും അവൾ കൊണ്ടുപോകുമായിരുന്നു.. ഈ സമയത്ത് പോളിന് വേണ്ടി ഞാൻ കത്തുകളെഴുതിക്കൊണ്ടുമിരുന്നു. ശ്യാമള എഴുതുന്ന കത്തുകളിൽ ‘പ്രണയം കുറഞ്ഞ് വരുന്നതും എന്നാൽ മറുപടിക്കായി അവള് കാത്ത്കാത്തിരിക്കയാണെന്നും ഞാനറിഞ്ഞു. ശ്യാമളക്ക് പുസ്തകങ്ങളോടുള്ള അടുപ്പം എനിക്ക് അവളോടും തോന്നി. ഞാനതവൾക്ക് മുന്നിൽ തുറന്നില്ലെങ്കിലും പറയാൻ ഒരവസരം ഞാനൊരുക്കിവരികയായിരുന്നു. അപ്പോഴാണ് അവളുടെ കൈയിൽ മൈലാഞ്ചികൊണ്ട് “എസ്സ്” എന്ന് ഇംഗ്ലീഷിൽ എഴുതിയിരിക്കുന്നത് പുസ്തക കൈമാറ്റത്തിനിടയിൽ ഞാൻ കണ്ടത്. കണ്ടതല്ല .. അവൾ കരുതിക്കൂട്ടി കാണിച്ചതാണെന്ന് എനിക്ക് ബോദ്ധ്യമായിരുന്നു. എന്റെ മനസ്സ് ആനന്ദ നിർവൃതിയിലമർന്നു!

അടുത്ത ദിവസം എന്റെ സഹോദരി എന്നോട് ഗൗരവത്തിൽ ചോദിച്ചു. ശ്യാമള എന്തിനാ എസ്സ് എന്ന് മൈലാഞ്ചി ഇട്ടിരിക്കുന്നത്.? നിങ്ങൾ തമ്മിൽ അടുപ്പത്തിലാണോ? ഈ ശ്യാമള ആരാണെന്ന് ചേട്ടനറിയ്യോ.. ചേട്ടന്റെ കൂട്ടുകാരനു വേണ്ടി ചേട്ടൻ എഴുതുന്ന കത്തുകളൊക്കെ എത്തുന്നത് അവളുടെ കൈയ്യിലാ..ശ്യാമള ആരാണെന്നിപ്പോ മനസ്സിലായോ? അവളിപ്പോ യഥാർത്ഥ എഴുത്ത്കാരനെ പ്രേമിക്കുന്നു…
അത് കേട്ടതും എന്റെ തലച്ചോറിൽ ഒരഗ്നിപർവ്വതം പൊട്ടിച്ചിതറി. അന്ന് സിനിമകളിലൊക്കെ അങ്ങിനെയായിരുന്നു. ഷോക്ക് കൊടുക്കുന്നത് കഥാപാത്രത്തിന്റെ മുഖത്ത് അഗ്നിപർവ്വതം പൊട്ടിച്ചായിരുന്നു.
അതിന് ശേഷം ഞാനവളെ കാണാതെ മാറി നടന്നു. കത്തെഴുത്തും നിർത്തി. “
“ഇതെന്തൊരു കഥ.. അല്പം എരിവും പുളിയുമൊക്കയാ ഞങ്ങൾ പ്രതീക്ഷിച്ചത് ..തന്നേക്കാൾ മൂത്തവരുമായുള്ള ഒരു മാതിരി അടുപ്പത്തിന്റെ കഥ.. ഛെ ..മൂഡ് പോയി. “
” എരിവും പുളിയുമൊക്കെയുള്ള അനുഭവങ്ങളില്ലാതില്ല.. അതൊന്നും പ്രണയകഥയല്ലല്ലോ .. അങ്ങിനെ സത്യസന്ധമായി ഞാനെന്റെ കഥ പറഞ്ഞു… അടുത്ത ഊഴം ആരുടേയാ.. “ അവർ പരസ്പരം നോക്കി.

Leave a Reply

Your email address will not be published. Required fields are marked *