ആദ്യപ്രണയമെന്നത് തന്നെ പക്വതയില്ലാത്ത മനസ്സിന്റെ ചാപല്യമായിരിക്കും. അത് ഇപ്പോഴോർത്താൽ ഓർത്തോർത്ത് ചിരിക്കാനുള്ള പലതും അതിലുണ്ടാകും… എന്തായാലും ഞാൻ എന്റെകഥയിലേക്ക് വരാം.. എനിക്കന്ന് പതിനഞ്ച് വയസ്സേ ഉണ്ടായിരുന്നുള്ളൂ. ടെൻത് സ്റ്റാന്റേർഡിൽ പഠിക്കുന്നു. കുട്ടിക്കഥകൾ എഴുതുക എന്നതായിരുന്നു ഹോബി. അപ്പോഴാണ് സുഹൃത്തായ പോളച്ചന് നയൻത്ത് സ്റ്റാന്റേർഡിൽ പഠിക്കുന്ന ശ്യാമളയോട് ഒരിഷ്ടം തോന്നിയത്. രണ്ടു പേരും ഒരേ നാട്ടുകാർ. ഒരുമിച്ച് കെ.എസ്.ആർ.ടിയിലാണ് യാത്ര. ആ പ്രദേശത്തേക്ക് ആ സമയത്ത് ഒരൊറ്റ ബസ്സേ ഉള്ളൂ. ബസ്സിൽ അടുത്തടുത്ത്നിന്ന് യാത്ര ചെയ്യാറുള്ളവരാണെങ്കിലും പരിചയഭാവം ഇരുവർക്കുമില്ല. ഒരുദിവസം കൺസഷൻ ടിക്കറ്റ് പുതുക്കുവാനായി കെ.എസ്.ആർ.ടി.സിയിൽ നിൽക്കുകയായിരുന്നു പോൾ. പിന്നാലെ ശ്യാമളയുമെത്തി.
ബസ്സ് വരുന്നതിന് മുന്നേ ഫോം ഫില്ല് ചെയ്യണം. “പോളേട്ടാ… എനിക്കൊരു ഫോം വാങ്ങിത്തരോ.. “ പോളിന് അതിശയം തോന്നി.ഇത് വരെ ഒന്നും ഉരിയാടാത്തവൾ, തന്നെ “ചേട്ടാ “ എന്ന് വിളിച്ചിരിക്കുന്നു. പോൾ ഫോം വാങ്ങി, അവൻ തന്നെ ഫില്ല് ചെയ്തു കൊടുത്തു.. അങ്ങിനെ അവളുടെ പേരും വീട്ടുപേരുമൊക്കെ അവനറിഞ്ഞു. പിന്നീട് ബസ്സിൽ അടുത്തടുത്ത് നിൽക്കുമ്പോഴൊക്കെ സംസാരിക്കുക പതിവായി. കൂടുതലും പഠിപ്പിനെക്കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്..” ശ്യാമിനെ തടഞ്ഞ്കൊണ്ട് കൂട്ടത്തിലൊരാൾ.. ” നിർത്ത്.. നിർത്ത്… നിന്റെ ആദ്യ പ്രണയത്തെക്കുറിച്ച് പറയുന്നുവെന്ന് പ്രഖ്യാപിച്ചത് ഞങ്ങളെ മണ്ടന്മാരാക്കാനാ.. വല്ലവന്റേം കഥയാണോ പറയുന്നേ.. “ ങാ… ഞാൻ എന്റെ പ്രണയത്തെക്കുറിച്ചാ പറയുന്നേ.. ഇതൊരു കഥയല്ല .. യാഥാർത്ഥ്യമാ.. നിങ്ങളിത് കേൾക്കണം.. എന്റെ കഥയിലേക്കെത്താൻ ഇത്തരമൊരു മുഖവുര ആവശ്യമാണ്.. ങ .. ഞാൻ പറയട്ടെ…..അങ്ങിനെ, പോളും ശ്യാമളകുമാരിയും നല്ലപരിചയക്കാരായി…ഈ സൗഹൃദം, ഇരുവരും തമ്മിൽ പ്രണയമാണെന്ന് സുഹൃത്തുക്കൾ തെറ്റിദ്ധരിച്ചു. അങ്ങിനെ ഒരു കഥ പ്രചരിക്കുന്ന വിവരം അറിഞ്ഞ പോൾ ശ്യാമളയോടത് സൂചിപ്പിച്ചു. അവളിലെ ചിരി, അതവൾ ആഗ്രഹിക്കുന്നുവെന്ന് പോളും മനസ്സിലാക്കി. അവൾക്കൊരു ലൗ ലെറ്റർ കൊടുക്കുവാൻ അവനാലോചിച്ചു.