“ആദ്യ പ്രണയം ഒരിക്കലും മറക്കാനാവാത്ത ഒരോർമ്മയാണ്. ഒരിക്കലെങ്കിലും പ്രണയിച്ചിട്ടില്ലാത്ത ആണുംപെണ്ണുമുണ്ടാകില്ല. പരസ്പരം അറിയാതെ വൺവേ പ്രണയങ്ങളും ഉണ്ടായിട്ടുണ്ടാവാം.. എനിവേ.. പ്രണയമെന്ന വികാരം എല്ലാവർക്കും ഏത് വിധത്തിലായാലും അനുഭവപ്പെട്ടിട്ടുണ്ടാകും… “
പതിവുപോലെ ശ്യാം തന്റെ വാചകമടി തുടരുകയാണ്. അവന്റെ പതിവ് സംഘത്തിനിടയിൽ ഇന്നവൻ അവതരിപ്പിച്ചിരിക്കുന്ന വിഷയത്തിൽ, എതിർത്ത് സംസാരിക്കുവാൻ ആരുമുണ്ടായില്ല.
“നിങ്ങളുടെ ഈ മൗനം എന്റെ അഭിപ്രായത്തെ നിങ്ങൾ അംഗീകരിക്കുന്നു എന്നതിന് തെളിവാണ്.. ഇനി ഇതിൽ ആർക്കൊക്കെ എങ്ങിനെയായിരുന്നു ആദ്യ പ്രണയമെന്ന് തുറന്ന് പറയാനുള്ള ധൈര്യമുണ്ടെന്നാണറിയേണ്ടത്..”
ശ്യാം എല്ലാവരേയും ഒന്ന് പാൻചെയ്ത് നോക്കി. ഒരാളിലും ഒരു ഭാവവ്യത്യാസവുമില്ല. ആരും ഒന്നും പറയാൻ തയ്യാറല്ലെന്ന് അവരുടെ മൗനം അറിയിക്കുന്നുണ്ടായിരുന്നു.
അത് മനസ്സിലാക്കിക്കൊണ്ട് ശ്യാം പറഞ്ഞു. “ആർക്കും അവരുടെ ആദ്യപ്രണയം ഒപ്പണപ്പ് ചെയ്യാൻ താല്പര്യമില്ലെങ്കിൽ വേണ്ട .. ആദ്യം ഞാൻതന്നെ തുടങ്ങിവെക്കാം ..നമ്മളൊന്നും ചെറിയ കുട്ടികളല്ല. നമ്മളിൽ പലരുടേയും മക്കൾക്ക് വിവാഹപ്രായമെത്തുകയും, വിവാഹ ആലോചനകൾ നടക്കുകയും ചെയ്യുമ്പോൾ നമ്മളെന്തിനാണ് ഇത്തരത്തിലൊരു വിഷയത്തിലേക്കിറങ്ങിചെല്ലുന്നത് എന്ന ചോദ്യമാണ് നിങ്ങളുടെയൊക്കെ മനസ്സിലെന്നെനിക്കറിയാം… എന്നാ കേട്ടോളൂ..പലവിധ ജീവിതപ്രശ്നങ്ങളാൽ കലുഷിതമായ നമ്മുടെയൊക്കെ മനസ്സിനെ ഒരുനിമിഷമെങ്കിലും ഒന്ന് മാറ്റിനിർത്താൻ .. ഒന്ന് ഫ്രെഷപ്പ് ചെയ്യാൻ ഏറ്റവും നല്ലതാണ് കുസൃതികൾ നിറഞ്ഞ ആ ഓർമ്മകൾ.