എന്റെ സ്വപ്നങ്ങളും മോഹവും
സ്വപ്നം – തത്ക്കാലം ഒന്ന് കുളിക്കാം എന്നിട്ടാവാം ബാക്കി, ഇത്രയും നാളും സിറ്റിയിലെ ക്ലോറിൻ വെള്ളം ആയിരുന്നല്ലോ.. ഇവിടെ കുളത്തിലാണേല് നല്ല ഒന്നാന്തരം തണുത്ത വെള്ളം. പണ്ട് അൽപ്പം പായലൊക്കെ ഉണ്ടായിരുന്നു, എങ്കിലും ഒന്ന് നീന്തിക്കുളിച്ചിട്ടുതന്നെ കാര്യമെന്ന് കരുതി.
ഞാൻ അവിടെ എത്തിയപ്പോള്‍ പ്രതീക്ഷിച്ചതിനു വിപരീതമായി കടവ് അവര്‍ വൃത്തിയാക്കിത്തന്നെ വെച്ചിരിക്കുന്നു. ഏതായാലും ഒരു നീണ്ട നീരാട്ട് അങ്ങ് പാസ്സാക്കി. കുറച്ച് കഴിഞ്ഞു ഒരു വയസൻ കാർന്നോരു അവിടേക്ക് വന്നു.
“ആരാ ഭദ്രൻ കുഞ്ഞാണോ?…. കുഞ്ഞു അന്ന് പോയതിൽ പിന്നെ ഇവിടെ ആരും ചപ്പ് ഇട്ടില്ലേ വൃത്തിയായി തന്നെ ആണെ സൂക്ഷിക്കുന്നെ, ഇനി അതുപറഞ്ഞു വഴക്ക് പറയല്ലേ”
ഞാൻ എന്താ സംഭവം എന്ന് അറിയാതെ നിന്നു.
“കുഞ്ഞ് വീട് പണി തുടങ്ങണില്ലേ, അന്ന് വന്ന് വൃത്തിയാക്കി പോയിട്ട് പിന്നെ കണ്ടില്ല”
ഞാൻ അപ്പൊഴാണ് ഭദ്രൻ തറവാട് വാങ്ങി എന്നത് തന്നെ ഓർത്തെ. അവൻ ഇവിടെ വന്ന് അപ്പൊ അധികാരവും സ്ഥാപിച്ചുല്ലേ…!.
കാർന്നോർ ആളറിയാതെ എന്തൊക്കെയോ പറഞ്ഞു. ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. കാർന്നൊരും കുളിക്കാനുള്ള പ്ലാനിങ് ആണ്. അതുകൊണ്ട് തന്നെ ഞാൻ കുളി മതിയാക്കി കയറാൻ തീരുമാനിച്ചു .
“അല്ല മോനേ ആ പത്തായപ്പുരയിൽ ഒളിച്ചു തമാസിച്ച പയ്യനെപ്പറ്റി വിവരം വല്ലതും ഉണ്ടോ?”
കാർന്നൊരു കത്തിവെക്കാനുള്ള മൂടിലാ. എങ്കിലും..
“ആര്? ആര് ഒളിച്ചു താമസിച്ചു എന്ന്?”
ഞാൻ അറിയാതെ ചോദിച്ചുപോയി
“ഹാ.. കഴിഞ്ഞവെട്ടം വന്നപ്പോൾ കുഞ്ഞ് തന്നെ അല്ലേ പറഞ്ഞേ, പത്തായപ്പുരയിൽ ആരോ ഉണ്ടായിരുന്നെന്നൊ, ശ്രീഹരി എന്നോ മറ്റോ ആണ് പേരെന്നോ ഒക്കെ. ഏതായാലും ഞങ്ങൾ അങ്ങനെ ആരേം അവിടെങ്ങും കണ്ടിട്ടില്ലട്ടോ. രണ്ടു ദുർമരണം നടന്ന വീടല്ലേ.. അത് അങ്ങനെ പലതും ഉണ്ടാകും. ഒന്നിനും പുറകിൽ പോകാതെ ഇരിക്കുന്നതാ ബുദ്ധി.”
കാർന്നൊർ എന്നെ ഭദ്രൻ ആക്കി വെച്ചേക്കുവാ, ഞാൻ തിരുത്താൻ പോയില്ല. പക്ഷേ ഇയാൾ എന്തൊക്കയാണ് ഈ പറയുന്നേ !! ഞാൻ എപ്പോ അവിടെ താമസിച്ചൂന്നു? അച്ഛന്റെയും ഏട്ടന്റെയും മരണമാ അയാള്‍ പറയുന്നത് എന്ന് മനസിലായപ്പോള്‍..
“അല്ല അമ്മാവാ ശെരിക്കും അവിടെ എന്താ നടന്നത്?”
ഞാൻ എത്ര ചോദിച്ചിട്ടും ആരും എന്നോട് പറയാതെ ഒഴുഞ്ഞുമാറിയ കാര്യമാണത്. അതുകൊണ്ട് തന്നെ അറിയുക എന്നുള്ളത് എന്റെ ആഗ്രഹം, അല്ല അവകാശമായിരുന്നു.
“കുഞ്ഞേ അത് വലിയ കഥയാ, ഭൂമി മേടിക്കുന്നതിന് മുൻപ് അന്വേഷിക്കേണ്ടാരുന്നോ ഇതൊക്കെ.. ഇനി അറിഞ്ഞിട്ടെന്തിനാ”
“അല്ല അമ്മാവാ ഞാൻ..എനിക്ക്.. അത് കണ്ടപ്പോള്‍ വാങ്ങാൻ..”
ഞാൻ വെറുതെ തപ്പിക്കളിച്ചു
“അവിടെ രണ്ടു ദുർമരണങ്ങള്‍ നടന്നിട്ടുണ്ട്, ആത്മഹത്യാ എന്നാ പോലീസ് പറഞ്ഞേ.. പക്ഷേങ്കിൽ ഞങ്ങൾക്കറിയാം അത് ആത്മഹത്യ അല്ല കൊലപാതകമാണെന്ന്, അല്ലേ ഭാര്യയെ അവരുടെ സ്വൊന്തം വീട്ടിൽ പറഞ്ഞു വിട്ടിട്ട് മക്കളെ പത്തായപ്പുരയില്‍ പൂട്ടി ഇട്ടിട്ടു അദ്ദേഹം ആത്മഹത്യ ചെയ്യോ? തന്ത നിന്നു കത്തുന്നത് മക്കള്‍ രണ്ടും കണ്ടെന്നാ പറയുന്നേ. മൂത്തവന് തീ കണ്ടു അച്ഛന്റെ അടുത്തേക്ക് ചെന്നു അച്ഛനെ കെട്ടിപ്പിടിച്ചു അങ്ങനെ അവനും പോയിന്നാ….!”
ഞാൻ ഞെട്ടി. എന്താ ഈ കേക്കുന്നെ, അച്ഛനും ഏട്ടനും എന്റെ മുന്പില് വെച്ചാണോ ? ദൈവമേ… ഞാന്‍ വാ പൊത്തിനിന്നു.
“അതേ മോനേ.. ആ രാവുണ്ണിയാ.. ആ നാറി ആണെന്നാ നാട്ടിൽ പറയുന്നെ”
“ആരാ രാവുണ്ണി ?”
“ഇവിടെ പണ്ട് അറിയപ്പെടുന്ന മില്ല് മൊതലാളി ആയിരുന്നു, ആ വീട്ടിലേ രാമചന്ദ്രൻ അങ്ങുന്നിന്റെ മില്ലില്‍ വന്നു കൂടിയതാ, അന്നവര്‍ നല്ല കൂട്ടായിരുന്നു. ലോറിക്കണക്കിന് നെല്ല് കൊണ്ട് വന്ന് കുത്തി അരി ആക്കുന്ന മില്ല്. എത്ര ലോറിയാ അന്നവർക്കുണ്ടായിരുന്നത്. ഈ പാടങ്ങളിലെ എല്ലാ നെല്ലും അവിടാ കൊടുത്തിരുന്നത്. ഞങ്ങള്‍ക്കെല്ലാം ദിവസവും പണിയും കിട്ടുമായിരുന്നു, പഷ്ണി ഇല്ലാതെ പോയിരുന്നു. രവുണ്ണിടെ പണക്കൊത്തി അവനെ കൊണ്ട് പലതും ചെയ്യിച്ചു. രാമചന്ദ്രൻ അങ്ങുന്നു ഒരു പാവമായിരുന്നു രാവുണ്ണിയെ കണ്ണടച്ചു വിശ്വസിച്ചു അതാണ് അങ്ങുന്നു ചെയ്ത് അബദ്ധം.
മില്ലും ലോറിയും എല്ലാം രാവുണ്ണി പറ്റിച്ചെടുത്തു. അന്ന് വർഷങ്ങൾക്ക് മുൻപ് ഇത്പോലെ ഒരു ദിവസം അവർ തങ്ങളില്‍ വഴക്കിടുന്നത് ഞാൻ എന്റെ ഈ കണ്ണുകൊണ്ടു കണ്ടതാ.
അന്ന് രാത്രി..അന്ന് രാത്രിയാ ആ വീടിനു തീ കൊളുത്തിയത്. പോലീസ്കാര് പറഞ്ഞു ആത്മഹത്യയാണെന്ന്.. എനിക്കറിയാം അത് രാവുണ്ണി ചെയ്തതാണെന്ന്. അയാൾ മില്ല് കയ്യിലാക്കി : പിന്നെ അത് വിറ്റു.. അതിനുശേഷം ആ പൈസകൊണ്ട് ഇവിടെ ഒരു ബാങ്ക് തുടങ്ങി, ധനശ്രീ ബാങ്ക്.
ഞങ്ങളുടെ അന്നം ആയിരുന്ന ഈ വയലുകൾ ബാങ്ക് വഴി അവൻ തന്നെ ഞങ്ങളുടെ കയ്യിന്നു പിടിച്ചെടുത്തു”
എല്ലാം കേട്ട ഞാൻ ആകെ തളർന്നുപോയി, എന്റെ അച്ഛനേം ചേട്ടനേം കൊന്നവന് തന്നെയാണല്ലോ ഞങ്ങളും ഇത്രയും നാൾ പലിശ കൊടുത്തു മുടിഞ്ഞത്. കാര്ന്നോര് എന്നെ തട്ടി വിളിച്ചിട്ട് തുടര്‍ന്നു.
ശബ്ദം താഴ്ത്തി അടക്കം പറയും പോലെ ആണ് പിന്നെ പറഞ്ഞത് .
“കുഞ്ഞേ പറ്റിച്ചതും വെട്ടിച്ചതും വാഴില്ല എന്ന് പറഞ്ഞപോലെ, ഒരു മൂന്ന് വർഷം മുൻപ് രാവുണ്ണി മലകയറി. കാട്ടിൽ കള്ളത്തടി വെട്ടാനാ കേറിയത്. അവിടെ വെച്ച് അയാളുടെ മകനെ ഏതോ കാട്ടു കൊമ്പൻ കുത്തിക്കൊന്നു, ആ സൊത്തോക്കെ അനുഭവിക്കാൻ ഉണ്ടായിരുന്ന ഏക ആൺ തരി.
പിന്നെ ഉള്ളത് മോളാ അത് അതിനു മുന്നേ സമനില തെറ്റി നടപ്പാ. മകനെ രക്ഷിക്കാന്‍ ചെന്നതാകും അതേ കൊമ്പന്റെ അടികൊണ്ട് രാവുണ്ണിയും തളർന്നു കിടക്കുന്നു. കൊമ്പന് ആണോ നായാടികള്‍ ആണോ ആര്‍ക്കറിയാം”
“ഈശ്വരൻ പ്രതികാരം ചെയ്തു ”
ഞാന്‍ എന്തോ പറഞ്ഞൊപ്പിച്ചു.
അതേ.. അടിച്ചു നിക്കാന്‍ കഴിവില്ലാത്തവര്‍ക്ക് ഈശ്വരനെയുള്ളു തുണ.
“ആല്ല കുഞ്ഞേ.. ഇപ്പൊ ആ നാറിക്ക് ചെറിയ പുരോഗതി ഉണ്ടെന്നാ പറയുന്നേ, ശല്യം അവസാനിച്ചു എന്ന് കരുതിയതാ, ആഹ് അനുഭവിക്കാൻ ആളില്ലേ പണത്തിനൊക്കെ എന്താ അര്‍ത്ഥം”
അയാള്‍ ഒന്ന് നിര്‍ത്തി പിന്നെ തുടര്‍ന്നു “ഹാ ദൈവം എല്ലാം കാണുന്നുണ്ട് കുഞ്ഞേ.. എല്ലാം അവന് നോക്കിക്കോളും”
എന്തെന്നില്ലാത്ത ദേഷ്യത്തോടെ ഞാൻ തിരിച്ചു വീട്ടിലേക്ക് വന്നു.
പടിപ്പുര കയറുമ്പോഴാണ് വീടിനു വലതു വശത്തെ പത്തായപ്പുര കാണുന്നത്. ഞാന്‍ ഒളിച്ചു താമസിച്ചു എന്ന് ഭദ്രന് പറഞ്ഞുനടക്കുന്ന സ്ഥലം. എനിക്ക് അങ്ങനെ ഒരു ഓര്‍മ്മയേ ഇല്ല.
വാതില്‍ പൂട്ടിയിരിക്കുന്നു. ഞാന്‍ അവിടെ ഉണ്ടായിരുന്ന ഒരി കമ്പി കഷണം എടുത്തു ആ പൂട്ട് കുത്തിത്തുറന്നു.
അകത്തു മാറാല മൂടിയ കൊറേ പാത്രങ്ങളും വിറകു കഷ്ണങ്ങളും മാത്രമായിരുന്നു. ഓട് അടര്‍ന്നു
പോയ വഴിയിലൂടെ രാവിലത്തെ വെയില് ഉള്ളിലേക്ക് അടിക്കുന്നുണ്ട്.
കഴുക്കോലും ഉത്തരവും ഒക്കെ പോയി. തകര്‍ച്ചയുടെ വക്കില്‍ നിന്നുള്ള ഒരു കെട്ടിടം. ആരും അവിടെ താമസിക്കാൻ പോയിട്ട് കയറിട്ട് തന്നെ വര്‍ഷങ്ങളായി. ചുമ്മാ ഓരോ തള്ള് അല്ലാതെന്താ!.
ഞാന്‍ തിരിഞ്ഞു പുറത്തേക്ക് നടന്നു, പക്ഷേ എന്നെ അകത്തിട്ട് ആരോ വാതില്‍ പൂട്ടിയിരിക്കുന്നുന്നു… ആരാ ഇപ്പൊ എന്നെ ഇതില്‍ പൂട്ടി ഇടാന്‍.
“ആരാ ആരാ അത്”
പെട്ടെന്ന് മുറികള്‍ ഇരുട്ടാവാന്‍ തുടങ്ങി, ഞാന്‍ പുറത്തോട്ടുള്ള വാതിലുകള്‍ അന്വേഷിച്ചു, ഉള്ളിൽ ഭയം ഇരച്ചുകയറി. എനിക്ക് ചുറ്റും ഭൂമി കറങ്ങുംപോലെ. എനിക്ക് കാലുകള്‍ നിലത്തു ഉറക്കുന്നില്ല. ഞാന്‍ ഓടി നടക്കാന്‍ തുടങ്ങി. അവിടെ അടുക്കി വെച്ചേക്കുന്ന പാത്രങ്ങള്‍ എല്ലാം തട്ടിത്തെറിപ്പിച്ചു. അത് തെറിച്ചു വീഴുന്ന ശബ്ദം കാതില്മുഴങ്ങി, ഒരു മൂലയില്‍ ഉണ്ടായിരുന്ന ചാക്ക്കെട്ടുകളില് പോയി ഞാന്‍ ഇടിച്ചു. അതും തള്ളി മറിച്ചു മുന്നോട്ട് വീണു,
ചാക്ക്കെട്ടിരുന്ന സ്ഥലത്ത് ഒരു ജനല്‍. അതില്‍ ചെറിയ ഒരു കുട്ടിക്ക് കഷ്ടിച്ച് ഇറങ്ങാന്‍ പറ്റുന്ന ഗാപ്പില് കുത്തനെ കമ്പികള്‍. ഞാന്‍ ആ ജനല്‍ പടിയില്‍ പിടിച്ചു എഴുന്നേല്ക്കാന് ശ്രമിച്ചു. അച്ഛാ എന്ന് വിളിച്ചുകൊണ്ട് ആ ജനല്‍ വഴി ഊര്‍ന്നിറങ്ങാന്‍ നോക്കുന്ന വിഷ്ണു ഏട്ടനെ ഞാന്‍ കണ്ടു.
അതേ അത് ഈ മുറി തന്നെ. അച്ഛന് ഞങ്ങളെ അന്ന് പൂട്ടിയിട്ടിരുന്നത് ഇവിടെ ആയിരുന്നു. ഞാന്‍ കണ്ടു, ഞാന്‍ കണ്ടു.. മംഗലത്ത് വീടിന്, എന്റെ സ്വന്തം തറവാടിനു… തീ പിടിച്ചിരിക്കുന്നു. വീട്ടില്‍ ജനല്‍ പാളികള്‍ക്കുള്ളിലൂടെ അകത്തു തീ പടരുന്നത് കാണാം .പ്രധാന വാതില്‍ വഴി ഒരു തീഗോളം പുറത്തേക്കു വരുന്നു, വരന്തയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ആളിക്കത്തി ഓടുന്നു. അതെ തീ ഗോളം!
“അച്ഛാ ….” വിഷ്ണുവേട്ടാന്‍ നിലവിളിക്കുന്നു.
പുറത്തു ചാടാന്‍ പറ്റാതെ ആ മുറിയില്‍ ചുറ്റും ഓടിനടക്കുന്ന ഞാനും ജനല്‍ വഴി ഇറങ്ങാന്‍ ശ്രമിക്കുന്ന വിഷ്ണുഏട്ടനും.
ഞാന്‍ അവനിലും ചെറുതായിരുന്നു അവന് ആ ജനല്‍ വഴിയെ ഇറങ്ങുമ്പോള്‍ ആ ജനല്‍പടിവരെ കഷ്ടിച്ച് നീളമുള്ള ഞാന്‍ അച്ഛാ അച്ഛാന്ന് വിളിച്ചു കരയുകയായിരുന്നു.
അച്ഛനെ ഓടിച്ചെന്നു കെട്ടിപ്പിടിക്കുന്ന വിഷ്ണുവേട്ടന്. പിന്നെ ഞാന്‍ കണ്ടത് എന്റെ കണ്മുന്നില് രണ്ടു തീ ഗോളങ്ങള്‍….
എനിക്ക് ഈ ലോകത്തിലെ എന്തിനേക്കാളും പ്രിയപ്പെട്ട രണ്ടുപേര്‍ എന്റെ മുന്നില്‍ വെച്ച് കത്തി അമരുന്നത് കാണുമ്പോള്‍ ഒന്നും ചെയ്യാനാകാതെ നിന്നു കരയുന്ന ഞാന്‍. ഭൂതവും വാര്‍ത്തമാനവും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ.
തല പൊട്ടിപ്പൊളിയുന്നപോലെ, കണ്ണ് നിറഞ്ഞൊഴുകി, ഞാന്‍ ഇതൊക്കെ എങ്ങനെ മറന്നു, ഞാന്‍ എന്റെ അച്ഛനെ മറന്നു വിഷ്ണു ഏട്ടനെ മറന്നു…. ഞാന്‍ അപ്പൊഴേക്കും ആദ്യമായി ബോധം ക കെട്ടിരിക്കണം. ഞാന്‍ വാവിട്ടു കരഞ്ഞു. അന്ന് കരഞ്ഞതിന്റെ ബാക്കിപോലെ.
എന്റെ കണ്മുന്നില് ഇപ്പോഴും അവര്‍ നിന്നു കത്തുന്നു. ഞാന്‍ ആ ജനല്‍ പാളികളില്‍ പിടിച്ചു ശക്തമായി കുലുക്കി. ആരോ ഒരു ജീപ്പ് ഇരപ്പിക്കുന്ന ശബ്ദം, കുഞ്ഞു ഞാന്‍ അങ്ങോട്ട് നോക്കി. ഗേറ്റിന്റെ പുറത്തു ഒരാള്‍, ആ തീയുടെ വെളിച്ചത്തില്‍ എനിക്ക് അയാളെ വ്യക്തമായി കാണാം, മുറുക്കി ചുമപ്പിച്ച വായുമായി നെറ്റിയില്‍ വെട്ടു കൊണ്ട തഴമ്പുള്ള ഒരു മനുഷന് അല്ല രാക്ഷസന്, അയാള്‍ ആരെയൊക്കെയോ വണ്ടിയില്‍ വിളിച്ചു കയറ്റുന്നു.
“രാവുണ്ണി!…”, ഞാന്‍ അറിയാതെ പറഞ്ഞു.
“അതേ രാവുണ്ണി”
അവന് അവന്റെ ഗുണ്ടകളുമായി ജീപ്പില്‍ പോകുന്നു. രാവുണ്ണി തന്നെ അച്ചന്റെ ഉറ്റ കൂട്ടുകാരന്. അവന് കുറച്ച് മുന്‍പും വന്നിരുന്നു. അച്ഛനുമായി വഴക്കുണ്ടാക്കിയിരുന്നു. അച്ഛനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു, അച്ഛന് അവനെ തല്ലിഓടിച്ചു. അച്ഛന് അവന് വീണ്ടും ആളുകളുമായി വരുമെന്ന് തോന്നിയിരിക്കണം. അതുകൊണ്ടല്ലേ അച്ഛന് എന്നെയും ഏട്ടനേയും ആ പത്തായപ്പുരയില്‍ പൂട്ടി ഇട്ടതു. അതേ എല്ലാം എനിക്കിപ്പോ വ്യക്തമായി അറിയാം. ഞാന്‍ എന്റെ പൊട്ടാന്‍ പോകുന്ന തലയ്ക്കു രണ്ടു കയ്യും ചുറ്റിപ്പിടിച്ചു കണ്ണുംപൂട്ടി അലറി.
“ആ….”
ഞാന്‍ തലയില്‍ നിന്ന് കയ്യെടുത്തു,പതിയെ കണ്ണു തുറന്നു. അപ്പോഴും ഇരുട്ട് തന്നെ. എനിക്ക് ആ ഓര്‍മ്മകള്‍ സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമായിരുന്നു. ഞാന്‍ വീണ്ടും ചുറ്റും നോക്കി. ശരിയാണ്, ആ പത്തായപ്പുരയില്‍ ഞാന്‍ താമസിച്ചിട്ടുണ്ട്.. ഈ കാഴ്ച് ഇതുപോലെ തന്നെ ഒരുപാടു വട്ടം കണ്ടിട്ടുണ്ട്.
“പക്ഷെ അത് അത് ഞാനല്ല. വേറെ ആരോ.!”
മറ്റാരുടെയോ ഓര്‍മ്മകള്‍ എന്നിലേക്ക് വരുംപോലെ. ഞാന്‍ എന്തോ വേഗം ആ മുറിയുടെ വടക്കേ മൂലയില്‍ നിലത്തു കിടന്നിരുന്ന പാത്രങ്ങളും തോണ്ടുകളും ഒക്കെ തപ്പിമാറ്റി. അവിടെ ഒരു ചെറിയ ചതുരപ്പലക. അതില്‍ ഒരു വട്ടപ്പിടി. ഞാന്‍ അത് വലിച്ചുപൊക്കി അതില്‍ നിന്നും ഒരു കോണിപ്പടി താഴെക്കുണ്ട്.
“നിലവറ…”ഞാന്‍ പറഞ്ഞു.
ഇരുട്ട് നിറഞ്ഞ ആ നിലവറയിലേക്ക് ഞാന്‍ ഇറങ്ങിച്ചെന്നു, പണ്ട് നെല്ലും മറ്റും സൂക്ഷിക്കാന്‍ പണിതതാകണം. ഈ ഓര്‍മ്മയില്‍ മാസങ്ങളോളം കിടന്ന പോലെ..
“അല്ല അത് ഞാന്‍ അല്ല.”
ഞാന്‍ എന്റെ മനസിനെ പറഞ്ഞു വിശ്വാസിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ എനിക്ക് നല്ല ഓര്‍മ്മയുണ്ട്.. ഈ ആയുധങ്ങള്‍, ഞാന്‍ ചെത്തി മിനുക്കിയ മരക്കുറ്റികള്‍, ഒറ്റ കോൽപോലെ ഏതോ ചോര പുരണ്ട മരകഷ്ണം,.(ഒറ്റ കോൽ: കളരിപ്പയറ്റിന്റെ വടക്കൻ സമ്പ്രദായത്തിൽ ഉപയോഗിക്കുന്ന മാരകമായ തടി ആയുധമാണ് ഒറ്റ കോൽ. രണ്ടടി നീളമുള്ള ഈ വടിക്ക് ആനയുടെ കൊമ്പിന്റെ ആകൃതിയാണ്. പുളിമരത്തിന്റെ ഏറ്റവും കടുപ്പമേറിയ ഭാഗത്തുനിന്നാണ് ഒറ്റ ഉണ്ടാക്കുന്നത്) [ തുടരും ]