എന്റെ സ്വപ്നങ്ങളും മോഹവും
അച്ചാ, അന്നത്തെ പോലെയല്ലച്ചാ, അത് അച്ഛനു പറഞ്ഞെങ്ങനാ മാനിസിലാക്കി തരുകാ, എന്റെ വിഷ്ണുവേട്ടനെ…. എന്റെ ദൈവമേ….
എനിക്കെന്താ മനസ്സിലാവാത്തത്.. നീ പറ. ഓ ഇപ്പൊ നീ വലിയ ഡോക്ടറായല്ലോ.. ഞങ്ങള് പഴയ അമ്പലവാസികൾ…
അതുകേട്ടപ്പോള്‍ത്തന്നെ ആര്യയുടെ മുഖം വിളറി. അവള്‍ ചീറി,
എന്റെ വിഷ്ണുവേട്ടനെ പറ്റി അച്ഛനെന്തറിയാം ? അന്നാ കണ്ടതല്ലെന്റെ വിഷ്ണുവേട്ടൻ. !!
പിന്നെ ഒരു നീണ്ട നിശബ്ദത. അവള്‍ അല്പനേരത്തെ മൗനത്തിനുശേഷം വീണ്ടു സംസാരിച്ചുതുടങ്ങി
നിങ്ങള്‍ എല്ലാവരുംകൂടെ പണ്ട് ശ്രീഹരിയേ ചിരിപ്പിക്കാൻ നോക്കിയപ്പോൾ എല്ലാരും മറന്നുപോയ ഒരാൾകൂടെ ഇവിടെ ഉണ്ടായിരുന്നു, ഈ ഞാൻ. എന്റെ കണ്ണിരാരും കണ്ടില്ല, അവനു പുത്തൻ ഉടുപ്പ് കളിപ്പാട്ടങ്ങള്‍ അങ്ങനെ ഓരോന്നും കണ്ടറിഞ്ഞു വാങ്ങികൊടുത്തപ്പോ വിഷ്ണു ഏട്ടൻ പോയ വേദനയിൽ ഒറ്റപ്പെട്ടുപോയ എന്നേ ആരേലും ശ്രദ്ധിച്ചോ? അതിലൊന്നും എനിക്കൊരു വിഷമമില്ല പക്ഷേ അമ്മക്ക് പോലും ഞാൻ അന്യയായി. നിങ്ങൾ അവനു കൊടുത്ത സ്നേഹത്തിന്റെ നൂറിലൊന്നെങ്കിലും എനിക്ക് തന്നിരുന്നെങ്കിൽ അവനെപ്പോലെ എന്നെയും ഒന്നു ചേർത്തുപിടിച്ചെങ്കിൽ എന്നു ഞാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്. അതിനിടയിൽ എനിക്ക് എന്റെ ശ്രീയോട് പോലും ദേഷ്യം തോന്നി .
അന്നാ അച്ഛൻ അവനെ കോട്ടയത്ത് കൊണ്ടോയെ, അവിടെ വെച്ചാ അവൻ എന്നേ അച്ചൂന്നു ആദ്യായി വിളിക്കണേ. ആ ഒറ്റ വിളിയിൽ അതെന്റെ.., അതെന്റെ വിഷ്ണുവേട്ടനാന്ന് എനിക്ക് ഉറപ്പായിരിന്നു. പക്ഷേ എങ്കിലും അപ്പൊ ഞാനത് അംഗീകരിച്ചില്ല. ഞാൻ അവനോടു മിണ്ടാതായപ്പോൾ, അവനെ വിലക്കിയപ്പോൾ അവൻ വീണ്ടും നിങ്ങടെയെല്ലാം കൈവിട്ടുപോകുന്നത് ഞാനും കണ്ടു. അന്നാണ് അവൻ ബാധ കയറിയപോലെ പരസ്പര ബന്ധമില്ലാതെ ഓരോന്ന് വിളിച്ചു പറഞ്ഞതും കാട്ടിക്കൂട്ടിയതും.