എന്റെ സ്വപ്നങ്ങളും മോഹവും
സ്വപ്നം – ആര്യ പിന്നെ അവിടെ നിന്നില്ല, എന്തോ തിരിച്ചറിഞ്ഞപോലെ പെട്ടെന്നവളുടെ മുഖം കൂടുതൽ ഇരുണ്ടു. അവൾ അവിടെനിന്നും കണ്ണും തുടച്ചു ഇറങ്ങിപ്പോയി.
കുറച്ചു കഴിഞ്ഞപ്പോൾ ജോൺസാർ താഴെ വന്നു.
ആ ജോൺസൻ.. വാ കേറിവാടോ..
ദേവേട്ടൻ ജോൺസൺ പോലീസിനെ അകത്തേക്ക് ക്ഷണിച്ചിരുത്തി.
ദേവേട്ടാ ഞാൻ വന്നത്.. എനിക്കൊരു കാര്യം പറയാനുണ്ട്..
അൽപ്പനേരത്തെ മൗനത്തിനപ്പുറം ജോൺസൻ പോലീസാണ് സംസാരത്തിന് തുടക്കമിട്ടത്.
എന്താ ജോൺസാ എന്താടാ?
മഹാദേവന്റെ മുഖത്തു വല്ലാത്തൊരു ആവലാതി തെളിഞ്ഞുവന്നു.
അവൻ ആ രവുണ്ണിടെ മകൻ അരുൺ, അവനാ… വീണ്ടും എന്റെ ചക്കരേയും വേദനിപ്പിച്ചേട്ടാ . പാവം എന്റെ കുട്ടി ഇന്നും അവന്റെ കയ്യിന്നു കഷ്ടിച്ച് രക്ഷപെട്ടു ഓടി വന്നതാ എന്റെ അടുത്തേക്ക്. അന്നവനെ ഞാൻ ഒന്ന് തട്ടിവിട്ടതായിരുന്നു, പക്ഷേ അവൻ വീണ്ടും ശല്യത്തിന് വരില്ലന്നാ കരുതിയത്.. ഇന്ന് വീണ്ടും … പേപിടിച്ച നായാടോ അവൻ, എന്റെ ചക്കരേ കൂടുതൽ എന്തേലും ചെയ്തിരുന്നെങ്കിൽ എനിക്കോർക്കാൻ കൂടെ വയ്യാ..
ജോൺസാ.. ഞാനിപ്പോ എന്ത് വേണന്നാണ് നീ പറഞ്ഞുവരുന്നേ?
ദേവേട്ടാ .., ഏട്ടന് അറിയാമല്ലോ അവൻ എന്റെ കുഞ്ഞിനോട് ഇത് രണ്ടാമത്തെ വെട്ടാ….. ഞാൻ ഒരു പോലീസുകാരനായിരുന്നിട്ടും എനിക്ക് ഒന്നും ചെയ്യാൻ പറ്റണില്ലേട്ടാ, ഇത് പുറത്തറിഞ്ഞ എന്റെ കുഞ്ഞിന്റെ ഭാവി. പക്ഷേങ്കി അങ്ങനവനെ വിടാന്‍ പറ്റോ…