എന്റെ സ്വപ്നങ്ങളും മോഹവും
ജോൺസൺ പോലീസ് ആ പോക്കിലും അലറി വിളിക്കുന്നുണ്ടായിരുന്നു.
അപ്പോഴേക്കും ആര്യേച്ചിയും എവിടുന്നോ ഓടിക്കിതച്ചുവന്നു. ചുറ്റും നിന്നവരെയെല്ലാം തട്ടിമാറ്റി അവള്‍ ആ കൂട്ടത്തിനുള്ളിലേക്ക് കയറി.
മാറിനിക്കങ്ങോട്ട്..
ഒരു പെണ്ണിന്റെ ശബ്ദം കേട്ടിട്ട് ചുറ്റും കാഴ്ച്ചക്കാർ ആയിരുന്നവർ എല്ലാം പേടിച്ചു മാറിനിന്നു. എങ്ങനെ മാറാതിരിക്കും അത് ആര്യ മഹാദേവിന്റെ ഗർജ്ജനമായിരുന്നു . ജീവനിൽ പേടിയുള്ളവർ മാറിനിന്നുപോകും. ഒരുപക്ഷെ ദേവേട്ടൻ പോലും ഒന്ന് പേടിച്ചിട്ടുണ്ടാവണം.
അവൾ ശ്രീഹരിയെ താങ്ങിയെടുത്തു അവളുടെ മടിയില്‍ കിടത്തി. അവളുടെ മുഖത്തു പടർന്നിരുന്ന രൗദ്രം കരുണയ്ക്ക് വഴിമാറി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവളുടെ പ്രവർത്തികൾ കണ്ടുനിന്നവരിൽ ചിലർക്ക് ഒരമ്പരപ്പുണ്ടാക്കി. അവൾ അവന്‍റെ മുഖം കോരിയെടുത്തു.
എന്താ ശ്രീ.. എന്താ നിനക്ക് പറ്റിയത് ?
ആര്യേച്ചി…. അവൻ.. അവൻ എന്നേ തല്ലി..!!
ഇപ്പോ താൻ ഏറ്റവും സുരക്ഷിത കൈകളിൽ ആണെന്നുള്ള ബോധം വിഷ്ണുവിന് അവന്റെ ഒളിച്ചുകളി തുടരാൻ ധൈര്യം പകർന്നു. അതുകൊണ്ടുതന്നെ വിഷ്ണു അപ്പോഴെല്ലാം ശ്രീഹരിയുടെ ഭാവത്തിലാണ് സംസാരിച്ചത്. പക്ഷേ ആര്യ തന്റെ കയ്യിൽ കിടക്കുന്നത് വിഷ്ണുവാണെന്ന് മനസിലാക്കിരുന്നുവോ? നിശ്ചയില്ല.