എന്റെ സ്വപ്നങ്ങളും മോഹവും
അന്ന് വൈകുന്നേരം കൊറേ ചേട്ടന്മാരും ഗോപനും അവരുടെ ക്ലബ്ബിലെ ഓണ പരിപാടിയുടെ നോട്ടീസ് കൊണ്ടുവന്നു തന്നു. പിരുവ് തന്നെ ലക്ഷ്യം, അറുപിശുക്കി അമ്മായി അതിന് പൈസ വാരികോരി കൊടുക്കുമെന്ന് അവർക്കറിയാം, അതിനും ഒരു കാരണമുണ്ട്.
അച്ചൂ..ഇപ്രാവശ്യം ആയിരം രൂപ ഉണ്ടല്ലോടി..
അമ്മായി നോട്ടീസ് നോക്കിയിട്ട് അകത്തേക്ക് വിളിച്ചു പറഞ്ഞു.
ആര്യേച്ചിയായിരുന്നു ക്ലബിൽനിന്ന് സ്ഥിരം ക്വിസ്സിന് ഫസ്റ്റ് അടിക്കുന്നത്. അമ്മായിക്കും അമ്മാവനും സമ്മാനം വാങ്ങിയ അവളുടെ പേര് അങ്ങനെ മൈക്കിൽകൂടെ കേൾക്കുന്നത് എന്തോ വലിയ കാര്യമായിരുന്നു. പക്ഷേ അപ്പൊ ആരും അറിഞ്ഞിരുന്നില്ല ഇപ്രാവശം ആ ആയിരം എന്‍റെ പോക്കറ്റിലേക്കുള്ളതാണെന്ന്.
ഞാൻ പണ്ട് കാലൊടിഞ്ഞു കിടന്നപ്പോൾ എന്റെ പഠിത്തം പോകുമെന്ന് പറഞ്ഞു അവളുടെ കൊറച്ചു പഴയ ബുക്കുകൾ അമ്മ എനിക്ക് പഠിക്കാന്‍ തന്നിരുന്നു. സംഭവം പഴയ കൊറേ അവളുടെ നോട്ട്ബുക്കും, ലേബറിന്ത്യയും, ഗൈഡുകളും ഒക്കെയായിരുന്നു. ആക്കൂട്ടത്തിൽ ഒന്നു രണ്ടു ക്വിസ് ബുക്ക്‌കളും ഉണ്ടായിരുന്നു. എല്ലാത്തിലും ചുമപ്പും പച്ചയും മഷി പേനവെച്ചു വേണ്ടുന്ന പോയിന്റ് ഒക്കെ അടയാളപ്പെടുത്തി ആകെക്കൂടെ കൊറേ ടിപ്പിക്കൽ പഠിപ്പി ബുക്ക്‌സ്. ആദ്യമൊക്കെ തുറന്നു നോക്കാൻ പോലും മടിയായിരുന്നു. പിന്നെ ആ ബുക്കുകളിലെ അവളുടെ മണമോ അതോ അവൾ വരച്ചും എഴുതിയും വെച്ചേക്കുന്നതിന്റെ ഭംഗിയോ എന്തോ ഒന്ന് ആ ബുക്കുകളിലേക്ക് എന്നെ അടുപ്പിച്ചു. അത് തുറക്കുമ്പോൾ അവളെന്റെ കൂടെ ഉണ്ടെന്നൊരു തോന്നൽ. എന്റെ പഴയ സ്വപ്നലോകം, ചിന്തയിൽ മൊത്തം ആര്യേച്ചി നിറഞ്ഞു. എന്റെ ആ ആര്യേച്ചിയോട് ഒട്ടും പേടിയില്ല. എന്നെ വഴക്ക് പറയാത്ത എല്ലാ കാര്യത്തിനും കൂടെ നിൽക്കുന്ന എന്നെ സ്നേഹത്തോമാത്രം നോക്കുന്ന എന്റെ ആര്യേച്ചി. എനിക്കവളോട് വല്ലാത്തൊരു പ്രണയമാണ് ഉള്ളിൽ.