എന്റെ സ്വപ്നങ്ങളും മോഹവും
സ്വപ്നം – “അതിന്.. ആര്യേച്ചി ഇപ്പൊ ഇവടെങ്ങനാ..?, ഏച്ചി ഏച്ചീടെ കൊളേജിലല്ലേ?”
“അതെനിക്ക് അറിയാം, നീ ഇത്രനേരം ഫോണ്‍ വിളിച്ചതാ ചോദിച്ചേ”
“ഞാനോ?..”
എനിക്കൊന്നും മനസിലാകുന്നില്ലാരുന്നു.
“ആ ആര്യേച്ചി എന്നെ തിരക്കിയിരുന്നു, ചിലപ്പോ വിളിക്കാന്ന് വെച്ചു വന്നപ്പോഴേക്കും…”
ഞാന്‍ എന്തൊക്കയോ പറഞ്ഞു തടിതപ്പാൻ നൊക്കി.
“അതെന്താ.. നിനക്ക് ഇപ്പൊ സംസാരിച്ചത്പോലും ഓര്‍മ്മയില്ലേ.”
അവള്‍ക്കെന്നെ വിടാനുള്ള ഉദ്ദേശമില്ല. പക്ഷേ ഞാൻ എപ്പോ ആര്യേച്ചിയുമായ് സംസാരിച്ചെന്നാ ഇവൾ പറയണേ? ഒരു പിടിയുമില്ല.
ഹ്മ്മം.., ഇടയ്ക്കു തലചുറ്റുമ്പോള്‍ അങ്ങനാ.. ചേച്ചി പൊക്കോ.. എനിക്കിപ്പോ കൊഴപ്പോന്നുമില്ല.
എനിക്കെന്തോ അവളോട് അപ്പൊ അങ്ങനെ പറയാനാ തോന്നിയത്, സാധാരണ ആരേലും ചോദിച്ചാ ഞാൻ ഒഴിഞ്ഞു മാറുകയാണ് പതിവ്.
തലചുറ്റലിന്റെയോ, ഓർമ്മ പോണതിന്റെയോ കാര്യം ഞാൻ ആരോടും പറയില്ല.. എന്തിന്.. ഗോപന് പോലും വ്യക്തമായി എന്താന്നറിയില്ല.
“വേണ്ട ഞാന്‍ നിന്നെ ക്ലാസില്‍ കൊണ്ടാക്കാം. വാ ഇങ്ങട്.”
പെട്ടെന്ന് ആ പറച്ചിലിൽ അവളിലെവിടെയോ ഞാന്‍ എന്റെ ആര്യേച്ചിയേ കണ്ടു.
എന്റെച്ചീ.. അതൊന്നും കൊഴപ്പമില്ലന്നെ. എനിക്കൊരു കൊഴപ്പോം ഇല്ല, ചേച്ചി ഇപ്പൊ എന്നെ ക്ലാസില്‍ കൊണ്ടാക്കിയാ അവന്മാരെല്ലാങ്കൂടെ എന്നെ വാരാന്‍ തുടങ്ങും. ചേച്ചി പോക്കോന്നെ..