എന്റെ സുഖം ഇവളിലാ
ഡ്രസ്സ് എടുത്തിടുമ്പോൾ കട്ടിലിൽ ഒരു മൂലയിൽ ദേവു ഇത്രയും നേരം ഇട്ടു നടന്ന ഇളംപച്ച നൈറ്റ് ഗൗൺ ചുരുണ്ട് കിടക്കുന്നത് കണ്ടപ്പോൾ ഒന്നെടുത്ത് മണത്ത് നോക്കി… എന്റെ ദേവൂന്റെ വിയർപ്പിന്റെ മണം..!!
അത് മണത്തപ്പോൾ കിട്ടിയ ഊർജ്ജത്തിൽ ഞാൻ വേഗം ഡ്രസ്സ് മാറ്റി മുറിക്ക് പുറത്തേക്കിറങ്ങി.
ഞാൻ പുറത്തിറങ്ങുമ്പോൾ ദേവു അമ്മൂനെ ഒരുക്കുന്ന തിരക്കിലാണ്… സോഫയിൽ കാല് നീട്ടിയിരുന്ന് ഇന്നലെ വരുന്ന വഴിക്ക് മൈസൂര് വെച്ച് വാങ്ങിയ റൂബിക്സ് ക്യൂബ് പിടിച്ച് തിരിച്ചും മറിച്ചും കളിക്കുന്ന അമ്മൂസിനെ ദേവു പുറകിൽ നിന്ന് മുടി കെട്ടിക്കൊടുക്കുകയാണ്. ഇടയ്ക്ക് ക്യൂബ് അവള് ആഗ്രഹിക്കുന്നത് പോലെ ഒന്നും വരാത്തത് കൊണ്ട് പെണ്ണ് “ശ്ശെ ” എന്നൊക്കെ പറഞ്ഞ് തല കുലുക്കും, അപ്പോ ദേവൂന് ദേഷ്യം പിടിക്കും..
ഒന്നടങ്ങി ഇരിക്ക് അമ്മു.. ഇതൊന്ന് കെട്ടട്ടെ.
ദേവു ഗൗരവത്തോടെ പറയുമ്പോൾ അമ്മു അടങ്ങിയിരിക്കും.
വീണ്ടും ക്യൂബ് അവളാഗ്രഹിക്കുന്ന പോലെയൊന്നും വന്ന് നിൽക്കാതെ വരുമ്പോൾ പെണ്ണ് വീണ്ടും തല ഇളക്കും…. അങ്ങനെ ദേവൂനെ ആ മുടിയൊന്ന് കെട്ടിത്തീർക്കാൻ അമ്മൂസ് സമ്മതിക്കുന്നെയില്ല.
ദേ.. അമ്മൂ.. അടങ്ങിയിരുന്നില്ലെങ്കിൽ ഇന്ന് തന്നെ നമ്മക്ക് മുടി മുറിക്കാം.. ശ്രദ്ധിക്കാൻ പറ്റില്ലെങ്കിൽ വെറുതെ നീട്ടി വളർത്തണ്ടല്ലോ !!