എന്റെ സുഖം ഇവളിലാ
തിരിഞ്ഞ് നോക്കിയ ഞാൻ കണ്ടത് ഒരു സാഫ്രോൺ കളർ സാരിയും ഉടുത്ത് നിൽക്കുന്ന ദേവൂനെയാണ്… ആ സാരി ദേവൂന് നന്നായി ചേരുന്നുണ്ട്, സാഫ്രോൺ നിറത്തിലുള്ള സാരിക്ക് മാച്ച് ആയി കറുത്ത ബ്ലൗസ്… കൊള്ളാം… നോക്കിനിന്നുപോയി…എന്നിട്ട് ഫോൺ പിടിച്ച് ദേവൂന് നേരെ കാണിച്ചുകൊണ്ട്
ആ ദേവു… ഒരുമിനിറ്റ്.. എന്ന് പറഞ്ഞു.
ദേവു ആരാന്ന് ആംഗ്യം കാണിച്ച് ചോദിച്ചപ്പോൾ റോഷനാണെന്ന് പറഞ്ഞു… അതോടെ കക്ഷി തലകുലുക്കിയിട്ട് തിരിച്ച് പോയി….
എന്താടാ? ദേവു എന്താ പറയുന്നേ?
പെട്ടെന്നാണ് ഫോണിലൂടെയുള്ള റോഷന്റെ സംസാരം ശ്രദ്ധിച്ചത്.
ഒന്നുമില്ലെടാ. ഒന്ന് പുറത്ത് പോവാന്ന് പറഞ്ഞിരുന്നു, സാധനങ്ങളൊക്കെ വാങ്ങണ്ടേ…
ആണോ.. എങ്കിൽ അത് നടക്കട്ടെ. ഞാൻ പിന്നെ വിളിക്കാം.
മ്മ്… ഞാനൊന്ന് മൂളി.
ഓക്കെ ഡാ.. ബൈ…. വൈകീട്ട് വിളിക്കാം.. എന്നും പറഞ്ഞ് റോഷൻ ഫോൺ വെച്ചു.
ഫോൺ കട്ടായിട്ടും ഞാൻ കുറച്ചുനേരം അങ്ങനെതന്നെ ഒന്നും ചെയ്യാതെ നിന്നു.. നാറി രാവിലെതന്നെ വിളിച്ച് മൂഡ്ഓഫ് ആക്കിക്കളഞ്ഞു.
കുറച്ച് നേരം കഴിഞ്ഞ് വീണ്ടും വാതിൽക്കൽ വന്നുനിന്ന് ദേവു വിളിച്ചപ്പോഴാണ് ഞാൻ അനങ്ങിയത്. കട്ടിലിൽ എന്റെ ഒരു ഷർട്ടും പാന്റും കിടക്കുന്നത് കണ്ടപ്പോൾ അത് തന്നെ എടുത്തിട്ടു… ഈ ബർത്ത്ഡേയ്ക്ക് അമ്മൂസ് ഗിഫ്റ്റ് ആയിട്ട് തന്ന റെഡ് ഷർട്ടും ബ്ലാക്ക് ജീൻസുമായിരുന്നത്.