എന്റെ സുഖം ഇവളിലാ
അത് കേട്ടപ്പോൾ ഞാനാകെ ആശയക്കുഴപ്പത്തിലായി. രണ്ടും കൂടി എന്തേലും ചെറിയ കാര്യവും പറഞ്ഞ് അടിയുണ്ടാക്കുന്നത് അല്ലാതെ ഇപ്പോ അമ്മു ഇങ്ങനെ മുഖവും വീർപ്പിച്ച് ഇരിക്കേണ്ട ഒരു കാര്യവുമില്ല.
ഞാനൊന്ന് ചുറ്റും നോക്കി, ദേവൂനെ ഈ പരിസരത്ത് ഒന്നും കാണുന്നില്ല, അപ്പൊ എന്തായാലും ബെഡ്റൂമിൽ കാണും .
നോക്കണ്ട.. റൂമിലുണ്ട്, വേഗം പോയി കിട്ടേണ്ടത് വാങ്ങിക്കോ…. അമ്മ നല്ല കട്ടകലിപ്പിലാണ്
ഞാൻ കണ്ണുകൊണ്ട് ദേവൂനെ തിരയുന്നത് കണ്ട് അമ്മു പറഞ്ഞു. അത് കേട്ടപ്പോൾ എന്റെ നെഞ്ച് ഒന്ന് കാളി, കാര്യം അറിയാത്തത് കൊണ്ടുള്ള ഒരു ചെറിയ ടെൻഷൻ.
ചെല്ല്…. പോയി വാങ്ങിക്കോ.
മുറിയിലേക്ക് പോവണോ വേണ്ടയോ എന്ന ചിന്തയിൽ ഇരുന്ന എന്നെ നോക്കി അമ്മു ആക്കിയ സ്വരത്തിൽ പറഞ്ഞു.
സീൻ എന്താ അമ്മൂസേ ?
ഞാൻ ദയനീയമായി ചോദിച്ചപ്പോൾ എനിക്കൊന്നും അറിഞ്ഞൂടേ എന്ന മട്ടിൽ അമ്മു കൈ മലർത്തി കാണിച്ചു.
ഒടുക്കം എന്തായാലും വരുന്നിടത്ത് വെച്ച് കാണാം എന്ന് ഉറപ്പിച്ചുകൊണ്ട് അമ്മൂനെ ഒന്ന് നോക്കിയിട്ട് ഞാൻ മുറിയിലേക്ക് നടക്കുമ്പോൾ അമ്മു ഒരു മറ്റേ ട്യൂണിൽ ഓൾ ദി ബെസ്റ്റ് പറഞ്ഞു. അത് കാര്യമാക്കാതെ ഞാൻ മെല്ലെ ബെഡ്റൂമിന്റെ വാതിൽക്കൽ ചെന്ന് നിന്ന് തലമാത്രം അകത്തേക്കിട്ട് നോക്കിയപ്പോൾ ദേവു കട്ടിലിൽ ഫോണും തോണ്ടി ഇരിപ്പുണ്ട്.