എന്റെ സുഖം ഇവളിലാ
ഫ്ലാറ്റിന് മുന്നിലെത്തി ഒരു മൂന്ന് നാല് തവണ കോളിങ്ബെൽ അടിച്ച ശേഷമാണ് അമ്മു വന്ന് വാതില് തുറക്കുന്നത്. പുറത്ത് പോവാൻ വേണ്ടി ഒരുങ്ങുന്ന തിരക്കിലായത് കൊണ്ടാണ് വാതില് തുറക്കാൻ വൈകുന്നത് എന്ന് കരുതിയ എന്റെ ധാരണ കാറ്റിൽ പറത്തി ക്കൊണ്ട് വീട്ടിലിടുന്ന ഹാഫ്മി ഡിയും ടോപ്പും ഇട്ടുകൊണ്ട് വീട്ടിലെ പടച്ചിപാറു ലുക്കിൽ തന്നെയാണ് അമ്മൂസ് വാതില് തുറന്നത്. വാതില് തുറന്ന് തന്നശേഷം ഒന്നും മിണ്ടാതെ മുഖം വെട്ടിച്ചുകൊണ്ട് അമ്മു തിരിഞ്ഞ് നടന്നു.
അപ്പൊ അതാണ് സംഭവം. അമ്മേം മോളും കൂടി അടിയായിട്ടുണ്ട്, അതിന്റെ പിണക്കത്തിലാണ് അമ്മൂസെന്ന് ഞാൻ ഊഹിച്ചു. അല്ലാതെ ഇപ്പോ എന്തുണ്ടാവാനാ.. ഇനീപ്പോ രണ്ടിനേം തമ്മിൽ കൂട്ടിയൊട്ടിച്ച് ഔട്ടിങ്ങിന് കൊണ്ടുപോവേണ്ടത് എന്റെ ഡ്യൂട്ടിയാണ്… അവസ്ഥ!!!
എന്ത് പറ്റി അമ്മൂസേ? എന്താ റെഡിയാവാത്തെ ?
അല്ല… ദേവു എവിടെ?
ഒന്നും മിണ്ടാതെ തിരിഞ്ഞ് നടന്ന അമ്മുന് പിന്നാലെ ഞാൻ രണ്ടുമൂന്ന് ചോദ്യങ്ങളുമായി ചെന്നെങ്കിലും മറുപടി തരാതെ അവള് നേരെ ടീവിയ്ക്ക് മുന്നിൽ പോയി ഇരുന്നു.
എന്ത് പറ്റി അമ്മൂട്ടീ… അമ്മേം ആയിട്ട് അടിയായോ?
ഞാനവളുടെ അടുത്ത് ചെന്നിരുന്ന് ചോദിച്ചപ്പോൾ എന്നെയൊന്ന് തിരിഞ്ഞ് നോക്കി.
ഞങ്ങള് തമ്മിൽ ഒരു അടിയുമില്ല
എന്ന് അമ്മു ഗൗരവത്തിൽ പറഞ്ഞു.