എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
രാജീവ് അതു മറന്നിരുന്നു. അല്ലെങ്കിലും ഐഐടി മദ്രാസ് എന്ന ലോകോത്തര സ്ഥാപനത്തിലെ അവസാന വർഷ പരീക്ഷ എഴുതുമ്പോൾ പിറന്നാളിനെക്കുറിച്ച് ആരോർക്കാൻ.!!
അപ്പുക്കുട്ടാ, നിനക്ക് ഒരു ഗംഭീരൻ കല്യാണാലോചന വന്നിട്ടുണ്ട്, അണിമംഗലം തറവാട് എന്നു കേട്ടിട്ടുണ്ടോ, അവിടുത്തെ കൃഷ്ണകുമാറിൻ്റെ മകളാ, പേര് അഞ്ജലി.
ഹരികുമാരമേനോൻ പറഞ്ഞു.
മേലേട്ട് തറവാടുമായി അടുത്ത ബന്ധമുള്ളവരാണ് അണിമംഗലത്തുകാർ. ശക്തനായ ബിസിനസുകാരനും പൊതുപ്രവർത്തകനുമാണ് കൃഷ്ണകുമാർ.
അഞ്ജലിയും രാജീവും കിൻ്റെർഗാർട്ടനിൽ ഒരുമിച്ചായിരുന്നു പഠനം. എന്നാൽ പിന്നീട് രാജീവ് അവളെ കണ്ടിട്ടില്ല.
ഇത്ര ചെറുപ്പത്തിൽ ഒരു കല്യാണത്തിനു രാജീവിന് താൽപര്യം പോരായിരുന്നു.
അച്ഛാ, എനിക്ക് 21 വയസല്ലേ ഉള്ളൂ, ഒരു 7 വർഷം കൂടി കഴിഞ്ഞിട്ടു പോരെ കല്യാണം ?
രാജീവ് അന്ധാളിപ്പോടെ പറഞ്ഞു.
ഹരിമേനോൻ പത്രത്തിലേക്കു മുഖം പൂഴ്ത്തി. അച്ഛമമ്മയാണ് പിന്നെ സംസാരിച്ചത്.
എടാ ചെക്കാ, നിൻ്റെ മുത്തച്ഛൻ എന്നെ കെട്ടുമ്പോൾ അദ്ദേഹത്തിന് 19 വയസാ പ്രായം, പിന്നെന്താ നിനക്ക് ഇപ്പോൾ കെട്ടിയാല്?’
അവർ ചോദിച്ചു
ആ അത് അന്ന്, ഇപ്പോളായിരുന്നെങ്കിൽ കേസായേനെ..
രാജീവ് കളിപറഞ്ഞു.
എടാ നിൻ്റമ്മ മരിച്ചിട്ട് , നമ്മൾ മൂന്നു പേർ മാത്രമല്ലേടാ,
എത്ര കാലമായടാ തറവാട് ഇങ്ങനെ ഉറങ്ങിക്കിടക്കുന്നു?