എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
നെറ്റിയിൽ വെള്ളച്ചന്ദനക്കുറി, ചെവിയിൽ തുളസിയില, കട്ടിക്കണ്ണടയിലൂടെ പത്രത്തിലെ അന്നത്തെ വാർത്തകൾ സാകൂതം വായിക്കുകയായിരുന്നുദ്ദേഹം.
തികഞ്ഞ സാത്വികതയും ശാന്തതയും മുഖത്തു നിറഞ്ഞു നിന്നിരുന്നു.
ബെർമുടയും ടീഷർട്ടും ധരി്ച്ചായിരുന്നു രാജീവിൻ്റെ വരവ്. അവൻ ഒരു കസേര വലിച്ചിട്ട് അച്ഛൻ്റെ സമീപം ഇരുന്നു. എന്നിട്ട് പത്രം പിടിച്ചുവാങ്ങി.
‘എന്തെങ്കിലും കഴിച്ചിട്ടാകാം വായന’
അവൻ കുസൃതിയോടെ പറഞ്ഞു.
പ്ലേറ്റിൽ നിന്നു ചൂട് ഇഡ്ഡലി സാമ്പാറിൽ മുക്കി രാജീവ് വായിൽ വച്ചു.
നിറഞ്ഞ കൗതുകത്തോടെയും അഭിമാനത്തോടെയും ഹരികുമാരമേനോൻ തൻ്റെ മകനെ നോക്കി.
ജനിക്കുമ്പോൾ ചുവന്നുതുടുത്ത ഒരു ആപ്പിൾപഴം പോലെയായിരുന്നു അവൻ. തോളിൽ ചായ്ച്ച് ആരും ഉറക്കാൻ കൊതിക്കുന്ന ഭംഗിയുള്ള ആൺപാവക്കുട്ടി. ഇന്നു വളർന്നു വലുതായിരിക്കുന്നു.
ആറടിയോളം പൊക്കം. മസിലുകൾ എഴുന്നു നിൽക്കുന്ന ബലിഷ്ഠമായ ശരീരം. പക്ഷേ, മുഖം ഇന്നും മാലാഖയെപ്പോലെ തന്നെ. നെറ്റിയിലേക്കു വീണുകിടക്കുന്ന മുടിയും , നനുത്ത ചെമ്പൻ താടിയുമുള്ള ഗബ്രിയേൽ മാലാഖ.
അച്ഛമ്മ രാജീവിൻ്റെ അരികിലിരുന്നു. അവൻ്റെ പ്ലേറ്റിലേക്ക് സാമ്പാർ കുറച്ചുകൂടി ഒഴിച്ചു.
അപ്പൂ, ‘
ഹരിമേനോൻ വിളിച്ചു..
രാജീവ് പയ്യെ അയാളെ നോക്കി.
ഇന്നലെ നിൻ്റെ പിറന്നാളായിരുന്നു, അറിഞ്ഞോ?