എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
രാജീവിന് രണ്ടുവയസ്സുള്ളപ്പോഴാണ് അവൻ്റമ്മ മരിക്കുന്നത്.
തികഞ്ഞ സാത്വികനായ ഹരികുമാരമേനോൻ പിന്നീട് ഒരു വിവാഹം കഴിക്കുന്നതിനെപ്പറ്റി ചിന്തിച്ചതു പോലുമില്ല.
ഭാര്യ പോയതോടെ പൂർണമായും ബിസിനസിലേക്കായി അദ്ദേഹത്തിൻ്റെ ശ്രദ്ധ. അതുമൂലം മേലാട്ടെ സ്ഥാപനങ്ങൾ നാൾക്കുനാൾ അഭിവൃദ്ധി പ്രാപി്ച്ചു വന്നു.
ഐഐടി മദ്രാസിലെ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു രാജീവ്. അവസാനവർഷ പരീക്ഷ കഴിഞ്ഞ് ഇന്നലെ വൈകുന്നേരം എത്തിയതാണ്. മൂന്നാം വർഷം തന്നെ അമേരിക്കയിലെ ഒരു ബഹുരാഷ്ട്ര കമ്പനിയിൽ സ്വപ്‌നതുല്യമായ ജോലി ലഭിച്ചെങ്കിലും നാട്ടിലെ ബിസിനസ് നോക്കിനടത്താൻ അച്ഛൻ പറഞ്ഞതിനാൽ അതുപേക്ഷിച്ചു.
രാജീവിനും അതായിരുന്നു താൽപര്യം . തറവാടും നാടും, അമ്പലവുമൊക്കെ വിട്ട് എങ്ങനെ പോകും . അതിനാൽ രാജീവ് അമേരിക്കൻ കമ്പനിയെ നിഷ്‌കരുണം ഒഴിവാക്കി.
അമ്മ നഷ്ടപ്പെട്ട രാജീവിനെ കാക്കയ്ക്കും പൂച്ചയ്ക്കും കൊടുക്കാതെ വളർത്തി വലുതാക്കിയത് ഹരികുമാരമേനോൻ്റെ അമ്മയായ സുമംഗലാമ്മയാണ്.
അമ്മയില്ലാത്തതിൻ്റെ ഒരു കുറവും രാജീവിനെ അവർ അറിയിച്ചിട്ടില്ല. രാജീവ് അച്ഛമ്മ എന്ന് അവരെ വിളിക്കുന്നു. രാജീവിന് അച്ഛമ്മ കഴിഞ്ഞിട്ടേ എന്തുമുള്ളൂ.
രാജീവ് കുളികഴിഞ്ഞു താഴേക്കു ചെന്നപ്പോൾ ഹരികുമാരൻ മേനോൻ തീൻമേശയുടെ മുന്നിൽ ഇരിപ്പുണ്ടായിരുന്നു.