അവിചാരിത അനുഭവങ്ങൾ !!
പണ്ട് എന്റെ അമ്മയ്ക്ക് ഒരു പ്രണയമുണ്ടായിരുന്നു. പക്ഷേ സ്വന്തം അച്ഛന്റെ നിര്‍ബന്ധത്തിനും ഭീഷണിക്കും മുന്നില്‍ പിടിച്ചു നിൽക്കാൻ കഴിയാതെ എന്റെ അമ്മയും അച്ഛനും തമ്മിലുള്ള വിവാഹം നടന്നു.
നല്ല കാശുള്ള തറവാട്ടിലെ മൂന്ന് മക്കളിൽ രണ്ടാമത്തെ മോനായിട്ടാണ് അച്ഛന് ജനിച്ചത്. മൂത്തത് ചേട്ടനും ഇളയത് അനിയത്തിയുമാണ് അച്ചന്റെ കൂടപ്പിറപ്പുകൾ. മുത്തശ്ശന് പല തരത്തിലുള്ള ബിസിനസ്സുകളും ഉണ്ടായിരുന്നു.
അതുപോലെ അമ്മയുടെ കുടുംബവും സാമ്പത്തികമായി നല്ല നിലയില്‍ തന്നെയായിരുന്നു. അമ്മയ്ക്ക് ഒരു ജ്യേഷ്ഠന് മാത്രമേയുള്ളു.
അങ്ങനെ അച്ഛന്റെയും അമ്മയുടെയും വിവാഹം നടന്നു.
അവരുടെ വിവാഹം കഴിഞ്ഞ അടുത്ത മാസത്തിൽത്തന്നെ എന്റെ അമ്മയുടെ അച്ഛനുമമ്മയും കാറാക്സിഡന്റിൽ സ്പോട്ട് ഔട്ടായി, എന്റെ അമ്മയുടെ ശാപമേറ്റത് പോലെ.
അവരുടെ അടക്കത്തിന് പോലും അമ്മ പോയില്ല.
എന്റെ പപ്പയും അമ്മയും ഒരുമിച്ചുള്ള ജീവിതം ആകെ നാല് വര്‍ഷത്തേക്ക് മാത്രമാണ് നീണ്ടത്. ആ നാല് വർഷത്തിൽ ഒറ്റ ദിവസം പോലും അമ്മ അച്ഛനോട് വഴക്കു കൂടാതെ ഇരുന്നിട്ടില്ല.
അവരുടെ വിവാഹം കഴിഞ്ഞ് അടുത്ത പതിനൊന്നാം മാസത്തിൽ തന്നെ ഞാനും ജനിച്ചു. എന്നാൽ സ്വന്തം മകനായ എന്നോട്പോലും അമ്മ സ്നേഹം കാണിച്ചിരുന്നില്ല. എന്നോട് വെറുപ്പും ദേഷ്യവും.. പിന്നെ ചിലപ്പോഴൊക്കെ കാരണം കൂടാതെ അമ്മ തല്ലുകയും ചെയ്യുമായിരുന്നു.