അവിചാരിത അനുഭവങ്ങൾ !!
നെല്‍സന്‍ ടെൻഷനടിച്ചു.
“എനിക്കൊരു വെഡ്ഡിംഗ് ഷൂട്ടിങ് ഉണ്ട്..”
ഗോപനും പറഞ്ഞു.
“നിങ്ങൾ രണ്ടുപേരും വിട്ടോ. കുറച്ച് കഴിഞ്ഞു ഞാൻ പോയേക്കാം.”
വേദനിക്കുന്ന എന്റെ തലയിൽ അങ്ങിങ്ങായി ഞാൻ കൊട്ടിക്കൊണ്ട് പറഞ്ഞതും അവർ പരസ്പരം നോക്കി കണ്ണുരുട്ടി. അവര്‍ക്ക് എന്നെക്കാളും നല്ല ബോധം ഉണ്ടായിരുന്നുവെങ്കിലും ബൈക്ക് ഓടിക്കാനുള്ള വലിയ ബോധമൊന്നും ഇല്ലായിരുന്നു.
“അത് വേണ്ട മച്ചു. ഈ അവസ്ഥയില്‍ നി ബൈക്ക് ഓടിച്ചാൽ നിന്നെ മെഡിക്കൽ കോളേജിലും നിന്റെ ബൈക്കിനെ ആക്രിക്കും കൊടുക്കേണ്ടി വരും. അതുകൊണ്ട് ഓട്ടോ പിടിച്ച് ആദ്യം നിന്നെ ഞങ്ങൾ വീട്ടില്‍ കൊണ്ടാക്കാം.”
ആദ്യമൊക്കെ ഞാൻ സമ്മതിച്ചില്ല. പക്ഷേ എഴുന്നേറ്റിരിക്കാൻ ശ്രമിച്ച എനിക്ക് നേരാംവണ്ണം ഇരിക്കാൻ പോലും കഴിയാതെ താഴേ വീണു പോയതും അവർ പറഞ്ഞതിനോട് ഞാനും യോജിച്ചു.
അങ്ങനെ, അറിയാവുന്ന ഒരു ഓട്ടോ ഡ്രൈവറെ ഗോപന്‍ ഫോൺ ചെയ്തു വിളിച്ചു. എന്നിട്ട് ഞങ്ങൾ കാത്തിരുന്നു.
ബീച്ചിൽനിന്നും വെറും രണ്ടു കിലോമീറ്റര്‍ അകലെയാണ് നെല്‍സന്റെ വീടുള്ളത്. അവിടെനിന്നും ഒരു കിലോമീറ്റര്‍ മാറി ഗോപന്റെ വീടും. പക്ഷേ ഇവിടെനിന്നും പത്തു കിലോമീറ്റർ അകലെയായിരുന്നു എന്റെ വീട് സ്ഥിതി ചെയ്തിരുന്നത്.
അതുകൊണ്ട് ഓട്ടോയിൽ എന്നെ എന്റെ വീട്ടില്‍ ആക്കിയശേഷം അവർ രണ്ടുപേരും തിരികെവന്ന് എന്റെ ബൈക്കിനെ എങ്ങനെയെങ്കിലും നെല്‍സന്റെ വീട്ടില്‍ കൊണ്ട് വെയ്ക്കാം എന്ന് നെല്‍സന്‍ പറഞ്ഞതും ഞാനും സമ്മതിച്ചു. എന്റെ താക്കോലും ഞാൻ കൊടുത്തു.