അനുജന്റ വികൃതികൾ
ഞാൻ: ഈശ്വരാ…. ഇനി എന്തു ചെയ്യും. ആകെ പണിയായല്ലോ.
ഞാൻ വേഗം ആ കസേരയിൽ നിന്നു ചാടിയിറങ്ങി. ഒരു കൊക്കയിൽ വീഴുന്നപോലെയാണ് എനിക്ക് തോന്നിയത്. പക്ഷെ എനിക്കൊന്നും പറ്റിയില്ല. ചുറ്റും നോക്കിയപ്പോൾ എല്ലാം വലുത്.
ഞാൻ: ഇനി എന്ത് ചെയ്യും? ഇത് കണ്ടിട്ടെനിക്ക് ആകെ പേടിയാകുന്നു.
ഞാൻ നടന്നു ഒരു കസേരയുടെ അടുത്തെത്തി. ചക്രമുള്ള ചെയറിൻ്റെ ചക്രത്തിൻ്റെ വലുപ്പം പോലും എനിക്കില്ല. എനിക്കാകെ സങ്കടം വന്നു.
ഞാൻ: എന്തായാലും അച്ഛൻ വരട്ടെ, എന്തെങ്കിലും വഴിയുണ്ടാകും.
ഞാൻ ആ ചക്രം ഒന്നു നീക്കിയപ്പോൾ അത് നീങ്ങിപ്പോയി.
ഞാൻ: ആ… അപ്പോ മുന്നത്തെപ്പോലെ ശക്തിയൊക്കെയുണ്ട്. വലുപ്പം കുറഞ്ഞുവെന്നെയുള്ളു.
ഞാൻ ആ കട്ടിള ചാടിക്കടന്നു. മുൻപ് അവിടെ അങ്ങനെയൊരു കട്ടിള ഉള്ളകാര്യം തന്നെ എനിക്കോർമ്മയില്ല.
ഹോ.. ഈ അച്ഛൻ്റെ ഓരോ കണ്ടുപിടുത്തങ്ങൾ.
അങ്ങനെ ഞാൻ നടന്നു നടന്നു ഹാളിലെത്തി. അപ്പോൾ അമ്മേടെ ജീപ്പ് വന്നു നിന്നു. എനിക്ക് ആശ്വാസമായി. അമ്മ അകത്തേക്ക് നടന്നു വരുന്നത് കണ്ട ഞാൻ ഞെട്ടി. അമ്മയെ കാണുമ്പോൾ ഒരു രാക്ഷസിയെ പോലെയാണ് എനിക്ക് തോന്നിയത്.
ഞാൻ അമ്മയെ കുറെ വിളിച്ചുവെങ്കിലും അമ്മ കേട്ടില്ല. അവസാനം അമ്മ എൻ്റെ അടുത്ത്കൂടി നടന്നുപോയി. ഭാഗ്യത്തിന് ഞാൻ ചാടിമാറിയത്കൊണ്ട് അമ്മ എന്നെ ചവിട്ടാതെ പോയി. അല്ലെങ്കിൽ ഞാൻ ഇപ്പൊ ബൂട്ടിൻ്റെ അടിയിൽ പെട്ട് ചതഞ്ഞു അരഞ്ഞേനെ.