അനുഭവങ്ങൾ അനുഭൂതികൾ !!
അനുഭൂതി – “ഹലോ….. ഹലോ…”
ആരോ ദേഹത്ത് തട്ടി വിളിച്ചപ്പോഴാണ് ഞാൻ ഉറക്കം എഴുന്നേറ്റത്. കണ്ണ് എത്ര ശ്രമിച്ചിട്ടും പകുതി മാത്രമേ തുറക്കാൻ സാധിക്കുന്നുള്ളു.കൈ കൊണ്ട് കണ്ണൊന്നു തിരുമ്മിയ ശേഷം എങ്ങനെയൊക്കെയോ കണ്ണ് തുറന്നു.
നഴ്‌സ് ആയിരുന്നു വിളിച്ചത്.
ആളൊരു മലയാളി നഴ്‌സ് ആയിരുന്നു. ഇന്നലെ വന്നപ്പോൾ തന്നെ പരിചയപ്പെട്ടിരുന്നു.
“എന്താ സിസ്റ്റർ..?”
പാതി മയക്കത്തിൽ ഞാനവരോട് ചോദിച്ചു.
“ടെസ്റ്റ് ചെയ്യാൻ ബ്ലഡ് എടുക്കണമായിരുന്നു.”
“അതിനെന്താ.. എടുത്തോ..
“അതിനാദ്യം ആ കൈ ഒന്ന് വിടണം.
ആദ്യം, ആ പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ല. പിന്നെയാണ് ഞാനെന്റെ ഇരുപ്പ് ശ്രദ്ധിച്ചത്. കസേരയിൽ ഇരിക്കുവാണെങ്കിലും ബെഡിൽ തലവെച്ചായിരുന്നു എന്റെ ഇരുപ്പ്. എന്റെ കൈ മാളുവിന്റെ കൈ മുട്ടിലായി മുറുക്കി പിടിച്ചിരിക്കുന്നു.
ഞാൻ പെട്ടെന്ന് എന്റെ കൈ അവളുടെ കയ്യിൽ നിന്നു മാറ്റി.
നോക്കിയപ്പോൾ മാളുവും നഴ്സും ചിരിക്കുകയാണ്.
നടുറോട്ടിൽ നിന്ന് തുണിയഴിഞ്ഞ അവസ്ഥയായിപ്പോയി എനിക്ക്.
രണ്ടാൾക്കും ഒരു വളിച്ച ചിരി സമ്മാനിച്ച ശേഷം ഞാൻ നൈസ് ആയി അവിടുന്ന് എഴുന്നേറ്റ് ടോയ്‌ലെറ്റിലേക്ക് പോയി. പൈപ്പിൽ നിന്ന് വെള്ളമെടുത്തു മുഖം കഴുകി.
ഇപ്പോഴാണ് സ്വബോധം കിട്ടിയത്. നേരത്തെ റൂമിൽ നടന്ന കാര്യങ്ങൾ ഞാൻ ഓർത്തെടുത്തു.