അബൂക്കാന്റെ മുത്തുകൾ
മുത്തു – “ഡാ, രാവിലെ തന്നെ കുണുങ്ങാതെ വേഗം സാധനങ്ങൾ വണ്ടിയിൽ കയറ്റാൻ നോക്ക്. മനുഷ്യന്മാര് ഇവിടെ പെടാപ്പാട് പെടുമ്പോഴാ അവന്റെയൊരു കഥ പറച്ചിൽ ” അബൂക്കയുടെ ശബ്ദമുയർന്നപ്പോൾ ദേഷ്യം ഉള്ളിലടക്കി യാസിർ വേഗം തന്റെ ജോലിയിൽ മുഴുകി. അബൂക്കയുടെ ഇളയ മകനാണ് 20 വയസ്സുകാരൻ യാസിർ എന്ന യച്ചു. ഡിപ്ലോമയ്ക്ക് പഠിക്കുകയാണ്. അബൂക്ക ആ നാട്ടിലെ പച്ചക്കറി ഹോൾസെയിലറാണ്.
പുലർച്ചെ 4 മണി മുതൽ അവിടെ ചെറിയ വണ്ടികളുടെ തിരക്കാണ്. പല പ്രദേശങ്ങളിലേക്കും പച്ചക്കറികൾ കൊണ്ടുപോകാനായി എത്തുന്നതാണ് അവ. അബൂക്ക പുലർച്ചെ 4 മണി ആകുമ്പോഴേക്ക് കടയിൽ എത്തും. അപ്പോഴേക്ക് കർണ്ണാടകയിൽ നിന്നു വന്ന ലോറിയിൽ നിന്ന് ചരക്കുകൾ പണിക്കാർ ഇറക്കിയിട്ടുണ്ടാകും. 5 മണി ആകുമ്പോഴേക്ക് യച്ചു എത്തണം. അതാണ് ഓർഡർ. മുമ്പ് മൂത്ത രണ്ടുമക്കളും ഉണ്ടാകാറുണ്ടായിരുന്നു.
ഇപ്പോൾ അവരിൽ മൂത്ത ആൾ ബിച്ചു പാലിന്റെ ഹോൾസെയിലും ബേക്കറിയും നോക്കി നടത്തുന്നതു കൊണ്ട് അവനും 4 മണിക്ക് പോകണം. രണ്ടാമത്തെ ആൾ പാച്ചുവിന് പലചരക്കുകടയുടെ മേൽനോട്ടമാണ്. അവന് 6 മണിക്ക് പോയാൽ മതിയെങ്കിലും ഉറക്കപ്രാന്തനായതു കൊണ്ട് അവൻ വരില്ല. എത്ര ചീത്ത കേട്ടിട്ടും കാര്യമില്ലാത്തതു കൊണ്ട് ഇപ്പോൾ അബൂക്ക ഒന്നും പറയാറില്ല. അതുകൊണ്ട് ഇളയവനാണ് ഇപ്പോൾ പണി കിട്ടിയത്.