ആരെ.. എങ്ങനെ ..എവിടെ
അങ്കിൾ.. എന്ന് ഞാൻ വിളിക്കുന്നുണ്ട്.. ശബ്ദം പുറത്തേക്ക് വരുന്നില്ല.
അങ്ങനെ നോക്കിനിന്നിട്ടും കാര്യമില്ല..
അങ്കിളിനെ വിളിക്കാൻ പോയ എന്നെ കാണാതാകുമ്പോൾ എന്നെ അന്വേഷിച്ച് ചേച്ചി വരാം.. അതും പുലിവാലാണല്ലോ..
എന്തായാലും അങ്കിളിനെ കുലുക്കിവിളിക്കുക തന്നെ..
ഞാൻ മുന്നോട്ട് നടന്നു.. അങ്കിളിന്റെ കാലിനടുത്ത് ചെന്ന് നിന്ന് വീണ്ടും അങ്കിളിന്റെ മുഖത്തേക്ക് നോക്കി.. മുഖം നല്ലോണം ഉയർത്തി വച്ച് കണ്ണടച്ച് കിടക്കുകയാണ്. ഉറങ്ങുകയാണെങ്കിൽ അത് ബോധം കെട്ടുള്ള ഉറക്കമാണ്. മുഖം അങ്ങനെ സ്ട്രെയ്റ്റിട്ട് കിടക്കുന്നത് കണ്ടിട്ടുള്ളത് മരിച്ച് കിടക്കുന്ന ആളിന്റേതാണ്..
എന്റെ നെഞ്ചിടിപ്പ് കുടുന്നു. നെഞ്ച് പൊട്ടിപ്പോകുമോ എന്നൊരു ഭയം എനിക്ക് തോന്നുന്നുമുണ്ട്..
കാലിനടുത്തെത്തിയപ്പോൾ പെട്ടെന്ന് ഞാൻ കാലിൽ പിടിച്ച് കുലുക്കി. കാല് കുലുങ്ങുന്നുണ്ട്. മരിച്ച ഒരാളുടേ കാലാണെങ്കിൽ അത് മരം പോലെ ഇരിക്കുമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.
ഞാൻ കാലിൽ പിടിച്ചത് ഷീറ്റിന് മുകളിൽ കൂടിയാണ്. എന്നാലും പാദം അനങ്ങുന്നതായി തോന്നിയതിനാൽ ഷീറ്റ് മാറ്റാൻ തോന്നി. കാൽ ഭാഗത്തെ ഷീറ്റ് മാറ്റിയിട്ട് പാദത്തിൽ പിടിച്ചു. പാദത്തിന് നല്ല ചൂട്.. സാമാന്യം പനിയുള്ള ഒരാളെ തൊടുമ്പോഴുള്ള ഫീൽ ..