ആരെ.. എങ്ങനെ ..എവിടെ
എഴുന്നേൽക്കാൻ തുടങ്ങിയ അമീറിന്റെ കൈകൾ ചേർത്ത് ഒരുവൻ വീശി അടിച്ചു. ആ സമയം അമീർ പോക്കറ്റ് തുറന്നു ഫോൺ എടുത്തതെയുള്ളു. അപ്പോഴാണ് അടി വീണത്. ഫോൺ തെറിച്ചു വെള്ളത്തിൽ പോയി. പെട്ടെന്ന് അടുത്തവൻ അവനെ ചവിട്ടി. അമീർ തെറിച്ചുവീണു. അവന്റെ ജാക്കറ്റിന്റെ പോക്കറ്റിൽനിന്നും ഒരു സാധനം – ചെറിയ ബോക്സ് – തെറിച്ചു കിരണിന്റെ ലോറിയുടെ സമീപം വീണു. ഒരു external harddisk. കിരണിന്റെ കണ്ണുകൾ തിളങ്ങി.
അവൻ ലോറിയിൽ നിന്നും ഇറങ്ങുവാൻ ഭാവിച്ചു.. എന്നാൽ, ആ ഗുണ്ടകളിൽ ഒരുവൻ ഓടിവന്നു. “ഡാ.. ഡാ.. പോടാ.. എന്ന് അലറിക്കൊണ്ട് ചുറ്റും പരതി ആ ഹാർഡ് ഡിസ്ക് എടുത്തു കിരണിന്റെ മുഖം നോക്കി എറിഞ്ഞു. ഭാഗ്യത്തിന് മുഖത്തു കൊണ്ടില്ല. അത് ലോറിയുടെ അകത്തു തെറിച്ചുവീണു.
“ഇരിക്കെടാ അവിടെ.” എന്നും പറഞ്ഞു ആ ഗുണ്ട ഒരു റിവോൾവർ അവന്റെ നേർക്കു ചൂണ്ടി, ഭീഷണിപ്പെടുത്തി.
കിരണിന്റെ രക്തം തിളച്ചു. അറിയാതെ അവന്റെ കൈ തന്റെ പിസ്റ്റോൾ വച്ചിരിക്കുന്ന ബോക്സിനു നേരെ ചെന്നു. പിന്നെ എന്തോ ഓർത്തപോലെ കൈ പിൻവലിച്ചു.
എടാ ഇവിടെ നടന്നത് ആരോടെങ്കിലും പറഞ്ഞാൽ നിന്നെ ഞങ്ങൾ തീർക്കും. വേഗം നീ വന്ന വഴിക്ക് വിട്ടോ..
അവനോട് ലോറിതിരിച്ചു പോകാൻ ആവശ്യപ്പെട്ടു. വേഗത്തിൽ കിരൺ വണ്ടി തിരിച്ചുവിട്ടു. അപ്പോൾ അതുവഴി വന്ന ബൈക്ക് യാത്രക്കാരനെ.. “എന്താടാ പൂരം കാണുകയാണോടാ” എന്ന് പറഞ്ഞു തെറിവിളിയോടെ ഓടിച്ചുവിട്ടു.