വേലക്കാരിയായാലും മതിയേ
ഉച്ചഭക്ഷണം കഴിഞ്ഞയുടനെ ഞാനും ഷിയാസും നോർക്ക രജിസ്ട്രേഷന് പോയി. എന്റേത് നടന്നെങ്കിലും ഷിയാസിന് സർട്ടിഫിക്കേറ്റിന്റെ എന്തൊക്കെയോ പ്രശ്നങ്ങൾ കാരണം നാളെയേ രജിസ്ട്രേഷന്‍ പൂർത്തിയാക്കാൻ കഴിയുമായിരുന്നുള്ളു.
ആകെ സീനായി ഇരിക്കുമ്പോഴാണ് എന്റെ വീട്ടില്‍ നിന്ന് വിളി വരുന്നത്. അമ്മയുടെ മൂത്ത ആങ്ങളയും കുടുംബവും നാളെ പുലര്‍ച്ചയ്ക്ക് ജർമ്മനിയിൽ നിന്ന് വരുന്നുണ്ടെന്ന്. വിളിക്കാൻ ഞാന്‍ എയർപോർട്ടിൽ ചെല്ലണമെന്ന്! ആയ കാലത്ത് അങ്ങേർ എടങ്ങേറേ ഉണ്ടാക്കിയിട്ടുള്ളൂ. ഞാനാരാ ആനയിച്ചു കൊണ്ടുവരാൻ ഇവർടെ ഡ്രൈവറോ?!
എന്തായാലും ഷിയാസിനോട് കാര്യം പറഞ്ഞു.
“ഡാ.. നീയൊരു കാര്യം ചെയ്യ്… ഫാസിക്കയുടെ വീട്ടില്‍ ചെന്ന് ഉമ്മയെ കൂട്ടിയിട്ട് പോ… ഞാനീ കിടിതാപ്പെല്ലാം ശരിയാക്കി നാളെ ബസ്സിനങ്ങ് വരാം.. അതേ നടക്കൂ. ബാപ്പയ്ക്ക് കട്ടിലു കണ്ടാലൊരു ബോധോമില്ല, വീട്ടിൽ ആളില്ലേൽ നമ്മടെ നല്ലവരായ നാട്ടുകാര് രാത്രിക്കുരാത്രി എപ്പൊ ആടിനെ കൊണ്ടുപോയെന്ന് ചോദിച്ചാൽ മതി.”
ഞാൻ ആലോചിച്ചപ്പോഴും മറ്റ് വഴിയൊന്നും കണ്ടില്ല. അങ്ങനെ ചെയ്യാമെന്ന് കരുതി ഷാഹിനയുടെ വീട്ടിലേക്ക് വണ്ടിയെടുത്തു. തിരിക്കാനുള്ള കഷ്ടപ്പാടോർത്തപ്പോൾ കാറ് പുറത്തിടുന്നതാണ് നല്ലതെന്ന് തോന്നി. വണ്ടി പാർക്ക് ചെയ്ത് ഓലക്കീറുകൾക്കരികിലൂടെ വീട്ടിലേക്ക് നടക്കുമ്പോള്‍ അപ്പുറത്ത് അടക്കിപ്പിടിച്ചുള്ള സംസാരം കേട്ടു. ഒരാള്‍ പൊക്കത്തിൽ ഓല മെനഞ്ഞ അതിരിന് അപ്പുറം ഷാഹിനയും നബീസത്തയും സംസാരിക്കുകയാണ്. നബീസത്ത നല്ല ചൂടിലാണ്.