വേലക്കാരിയായാലും മതിയേ
“ഇയ്യിത് പറ… പഠിത്തമൊക്കെ നടക്കുന്നുണ്ടോ? അതോ അവനെപ്പോലെ ഒളപ്പാണോ?”
“നീ കാലത്തെ തന്നെ അവനെ ചൊറിയാതെ…”
ഞങ്ങളുടെ സംസാരവും കേട്ടോണ്ട് ഷിയാസ് അടുക്കളയിലേക്ക് കടന്നുവന്നു.
“എന്തായെടാ.. വണ്ടി കിട്ടിയോ?”
“കിട്ടിയെടാ… വാഗ്നാർ… പക്ഷേ ഡിക്കീൽ മുഴുവന്‍ നാരായണേട്ടന്റെ ബന്ധുവീട്ടിൽ കൊടുക്കാനുള്ള ചാക്കുകണക്കിന് കൊപ്രയാ. പോണ വഴീ കൊടുക്കാമോന്ന് ചോദിച്ചു.”
“മ്ംം.. വല്യ കാര്യമൊന്നും അല്ലല്ലോ…”
“ആ… നീ വേഗം കഴിച്ചിട്ട് വാ… ഇപ്പൊ ഇറങ്ങിയാലെ സന്ധ്യക്കെങ്കിലും തിരിച്ചുവരാനൊക്കൂ.”
“ഞാൻ എപ്പഴേ റെഡി… ഇവര് പാക്ക് ചെയ്യേണ്ട താമസമേയുള്ളൂ…”
ഞാൻ പ്ലേറ്റ് താഴെ വച്ചു.
നബീസത്തയും ഷാഹിനയും റെഡിയായിട്ട് വരുമ്പോഴേക്കും ഞങ്ങള്‍ ബാഗുകൾ കാറിൽ വയ്ക്കുന്ന തിരക്കിലായിരുന്നു.
“വണ്ടി കുറച്ച് പഴയതാണല്ലോടാ… വഴീലൊന്നും കിടക്കാതിരുന്നാ മതിയായിരുന്നു. സ്റ്റെപ്പിനിയൊക്കെ ഉണ്ടല്ലോ അല്ലേ..”
“ആ… കാണുമായിരിക്കും.. നീയിതൊക്കെ എങ്ങനെ വയ്ക്കുമെന്ന് പറ… ഈ നശിച്ച പെണ്ണിന്റെയൊരു കാര്യം!”
ഷിയാസ് ഷാഹിനയെ പള്ള് പറഞ്ഞു. എന്നന്നേക്കുമായിട്ടുള്ള വരവാണെന്ന് വിചാരിച്ചിട്ടാവണം ഓള് സർവ്വ തുണിയും എടുത്തോണ്ടാ പോന്നത്. അതുകൊണ്ട് പാട് നമുക്ക്. ഡിക്കിയിൽ കൊപ്ര ഇരിക്കുന്നോണ്ട് പിൻസീറ്റിൽ അവളുടെ സാമഗ്രികള്‍ വച്ചുകഴിഞ്ഞപ്പോഴേക്ക് ഒരാൾക്കുള്ള സ്ഥലം കഷ്ടി.