സ്വപ്നം – മനു പൂച്ചെടികള്‍ വകഞ്ഞു മാറ്റി മുറ്റത്തേക്ക് കയറിയപ്പോള്‍ മുറ്റത്തെ മൂവാണ്ടന്‍ മാവിൻറെ ചുവട്ടില്‍ കുന്തിച്ചിരുന്ന് മീന്‍ നന്നാക്കുകയായിരുന്നു സുധ.
“എന്താ മനുക്കുട്ടാ.. ഇന്നു ക്ലാസ്സില്ലെ?”
സുധ പുഞ്ചിരിയോടെ ചോദിച്ചു.
“ഇന്നു പോണില്ല ചേച്ചീ, ചെറിയ പനിയുണ്ട്…”
മനു കള്ള ചിരി ചിരിച്ചുകൊണ് പറഞ്ഞു. സുധയ്ക് അവനെ കുഞ്ഞുന്നാൾ മുതൽ കണ്ടുള്ള പരിചയമായത് കൊണ്ട്, അവൻ പറയുന്നത് നുണയാണോ സത്യമാണോ എന്ന് തിരിച്ചറിയാനും വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല.
“അമ്പട മടിയാ.. ചുമ്മാ ക്ലാസ്സില്‍ പോവാതിരിക്കുകയാ അല്ലേ?
“അല്ല ചേച്ചീ.. സത്യമായിട്ടും പനിക്കുന്നുണ്ട്. ദേ ചേച്ചി തൊട്ടുനോക്കിക്കോ..”
“ഊം ശരി.. ശരി….ഈ മീന്‍ നന്നാക്കി കഴിയട്ടെ, എന്നിട്ടു നോക്കാം, ഇല്ലെങ്കില്‍ മീന്‍ നാറും..”
മണ്‍ചട്ടിയില്‍ നിന്ന് ഒരു കണമ്പ് എടുത്തു കാണിച്ചു കൊണ്ട് സുധ പറഞ്ഞു.. മനു മുല്ലപ്പൂ വള്ളിയുടെ അടുക്കൽ നിന്നുകൊണ്ട് അതിലൊരെണ്ണം പറിച്ചു മണത്തു നോക്കി.
“ഏതായാലും നീ ഇന്ന് ക്ലാസ്സില്‍ പോവാത്തത് നന്നായി, മിണ്ടാനും പറയാനും ഒരാളായല്ലോ..”
അച്ഛന്‍ പണിക്കും അനിയത്തിമാര്‍ പഠിക്കാനും പോയാല്‍ സുധ അവളുടെ പഴമയിൽ പൊതിഞ്ഞ ഓടിട്ട വീട്ടില്‍ തനിച്ചാണ്, അല്ലറ ചില്ലറ പണിയൊക്കെ കഴിഞ്ഞാല്‍ ടി. വി. കാണലും, ഉറക്കവുമൊക്കെയായി ദിവസ്സം കഴിക്കും അതാണ് അവളുടെ ഹോബി. കല്യാണ പ്രായം കഴിഞ്ഞെങ്കിലും അവളെ കാണാൻ വരുന്നോർക്കൊക്കെ ചായ ഇട്ടുകൊണ്ട് നല്ലപോലെ ചായ ഉണ്ടാകാൻ സുധ പഠിച്ചു. പക്ഷെ സ്വത്തും സ്ത്രീധനവും നോക്കുന്നവരാണ് അവരുടെ ജാതിയിൽ കൂടുതൽ, അതുകൊണ്ട് തന്നെ കല്യാണം നീണ്ടു പോവുകയിരുന്നു. അവളുടെ സമപ്രായക്കാരികളൊക്കെ കല്യാണവും കഴിഞ്ഞു കുഞ്ഞുങ്ങളുമായി കഴിയുമ്പോ അവൾ മാത്രം അവളുടെ ദുഖങ്ങളെ നനയിച്ചു തലയിണയിൽ പൂഴ്ത്തി.