ഒരു നായികയുടെ ഉദയം
പടികൾ കയറി രണ്ടാം നിലയിൽ എത്തിയപ്പോൾ തന്നെ ഗോപിക നന്നേ കിതച്ചു. അവിടുത്തെ അടച്ചിട്ട മുറിയിൽ നിന്നും അവ്യക്തമായി ഒരു ഹിന്ദി ഗസൽ കേൾക്കാമായിരുന്നു.
“അനുവാദമില്ലാതെ അകത്തു പ്രവേശിക്കരുത്”
തവിട്ടു നിറത്തിൽ പെയിൻ്റ് അടിച്ച മരവാതിലിൽ എഴുതി ഒട്ടിച്ചത് വായിച്ചു നിൽക്കവേ ഗോപിക ഓർത്തു:
തന്നെ പോലെ സിനിമയിൽ ചാൻസ് ചോദിച്ചു വരുന്നവരുടെ ശല്യം കാരണം ചെയ്തതാവണം.
അകത്തുനിന്ന് പാട്ട് കേൾക്കുന്ന സ്ഥിതിക്ക് സാർ അകത്തുണ്ടെന്ന് ഉറപ്പാണ്. മൊബൈൽ ക്യാമറയിൽ നോക്കി മുഖവും മുടിയും ഒന്നുകൂടി ശരിയാക്കിയശേഷം കോളിംഗ് ബെൽ ഒന്നുരണ്ടു തവണ അടിച്ച്നോക്കി.
ഉളളിൽനിന്നും പ്രതികരണമൊന്നും വരാത്തതിനാൽ അത് വർക്കാവുന്നില്ലെന്ന് അവൾക്ക് മനസ്സിലായി.
മടിച്ച് മടിച്ച് വാതിലിൽ ചെറുതായി ഒന്നു മുട്ടിയപ്പോൾ അകത്തുനിന്നും കേട്ടുകൊണ്ടിരുന്ന ഗസൽ ഗാനം നിലച്ചു.
കുറച്ച്നേരം കഴിഞ്ഞപ്പോൾ അകത്തു നിന്നും കയ്യിലൊരു പാതിവലിച്ച സിഗരറ്റുമായി അറുപതിനോടടുത്ത് പ്രായം വരുന്ന ഒരു അതികായൻ വാതിൽ തുറന്നു.
ചീകിഒതുക്കാതെ അലസമായ, ചുരുണ്ട് നരച്ച തലമുടി. മുഖത്ത് അങ്ങിങ്ങായി ലക്ഷ്യബോധമില്ലാതെ പലവഴിക്ക് നീണ്ടുകിടക്കുന്ന പാതി നരച്ച താടി. അയാൾക്ക് സിഗരറ്റ് വലിയുമായുള്ള ആത്മബന്ധം ചുണ്ടിലെ കറുപ്പായും പല്ലിലെ കറയായും തെളിഞ്ഞുകാണാം. കൈലിമുണ്ടും വെള്ള ഇന്നർ ബനിയനും വേഷം.