ഒരു ഗേ ലവ് സ്റ്റോറി
“ശെരി മക്കളെ എങ്കിൽ പോയിട്ട് വാ “എന്ന് അമ്മ പറഞ്ഞപ്പോളും എങ്ങോട്ട്, എന്തിന് എന്നൊന്നും എനിക്ക് മനസിലാകുന്നില്ലായിരുന്നു.
ചോദിക്കാനായി എന്റെ നാവു പൊങ്ങുന്നൊന്നും ഇല്ലായിരുന്നു.
അയാൾ ബുള്ളറ്റിൽ കയറി എന്നോട് കയറാൻ തലകൊണ്ട് ആംഗ്യം കാണിച്ചു.
ഞാൻ മെല്ലെ ചെന്ന് കയറി. ഞങ്ങളുടെ ഇടയിൽ ഒരാൾക്ക് കൂടി ഇരിക്കാൻ പാകത്തിൽ ഇടം ഇട്ടിട്ടാണ് ഞാൻ ഇരുന്നത്.
അയാളെ മുട്ടിയിരിക്കാൻ ഇഷ്ടമില്ലാതിരുന്നിട്ടല്ല..പേടി..
പേടിച്ചിട്ടാ അത്ര നീങ്ങിയിരുന്നത്. ‘
ബുള്ളെറ്റ് സ്റ്റാർട്ട് ചെയ്ത് പതുക്കെ നീങ്ങിയപ്പോൾ അമ്മ പുറകിൽ നിന്നും പുഞ്ചിരിയോടെ യാത്രയയപ്പ് നൽകി.
എങ്ങോട്ടേക്കാണെന്നറിയാതെ, കഥയറിയാതെ ആട്ടം കാണുന്ന ഒരുവനെപ്പോലെ ഞാൻ അയാളുടെ പിന്നിൽ ഇരുന്നു.
ബുള്ളറ്റിന്റെ ശബ്ദം ഒരുപ്പോലെ ഭയവും ആകാംക്ഷയും എന്റെ മനസ്സിൽ വിതച്ചു.
എവിടേക്കെന്നറിയാതെ മനുവേട്ടന്റെ കൂടെ എന്റെ ആദ്യത്തെ യാത്ര.
ആ യാത്ര എന്റെ ജീവിതത്തെ മൊത്തമായി മാറ്റിമറിക്കാൻ ഉണ്ടായതാണെന്ന സത്യം ഞാനപ്പോൾ അറിഞ്ഞിരുന്നില്ല.
മനുവേട്ടന്റെ പുറകിലിരുന്ന് പോകുമ്പോൾ എന്തെന്നില്ലാത്ത ആകാംക്ഷ എന്നെ കാർന്നു തിന്നുന്നുണ്ടായിരുന്നു…!
നല്ല വിശപ്പുണ്ടായിരുന്നു..ഒന്നും കഴിച്ചിട്ടില്ല..
വണ്ടി നിർത്തി എന്തെങ്കിലും കഴിച്ചാലോ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു.. പക്ഷെ എങ്ങോട്ടാ എന്ന് പോലും അറിയാത്ത പോക്കാണ്. അതിനിടയിൽ ഈ കാര്യം എങ്ങനെയാ ചോദിക്കുക !!