ഒരു ഗേ ലവ് സ്റ്റോറി
ലവ് സ്റ്റോറി – മനുവേട്ടൻ എന്നെ അയാൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു.
ഞാൻ അയാൾക്ക് ഒരു ചെറിയ പുഞ്ചിരി മാത്രം സമ്മാനിച്ചു.
മനുവേട്ടന്റെ ദേഹത്ത് തൊട്ടുള്ള അയാളുടെ സംസാരം എനിക്ക് ഒട്ടും ഇഷ്ടമായില്ല.
ഇനി ഇയാൾ കാരണമാണോ മനുവേട്ടൻ ആരെയും പ്രേമിക്കാത്തത്?
ഇവർ തമ്മിൽ വല്ല ഇഷ്ടവും ഉണ്ടോ?
അനാവശ്യമായ കുറെ ചോദ്യങ്ങൾ എന്റെ മനസ്സിൽ കേറിക്കൂടി.
ഇനി അവിടെ നിന്നാൽ ചിലപ്പോ കൂടുതൽ കുഴപ്പത്തിൽ ആകുമെന്ന് മനസിലാക്കിയ ഞാൻ വീട്ടിലേക്ക് തിരിച്ചുപോകുവാ എന്നും പറഞ്ഞിറങ്ങി.
വീട്ടിൽ എത്തിയിട്ടും എനിക്ക് അയാളുടെ കൂട്ടുകാരന്റെ കാര്യം ഓർത്തായിരുന്നു ശങ്ക.
എന്തെങ്കിലും ആകട്ടെ, അങ്ങനെ ഒന്നും ഉണ്ടാകില്ല എന്നുകരുതി ഞാൻ മുന്നോട്ട് പോയി.
വഴിയിലും ,കടയിലും അമ്പലത്തിലും വായനാശാലയിലുമൊക്കെ വച്ച് ഞാൻ മനുവേട്ടനെ കാണുമായിരുന്നു.
മിക്ക സമയങ്ങളിലും കൂടെ അയാളുടെ കൂട്ടുകാരനും ഉണ്ടായിരുന്നു.
അത് ഓരോ സമയത്തും എന്നെ കൂടുതൽ അസൂയാലുവാക്കി.
അങ്ങനെ ഒരു ദിവസം,നല്ല മഴയുള്ള ഒരു വൈകുന്നേരം ഞാൻ അമ്പലത്തിലേക്ക് പോകുന്നവഴി എന്നെ ഏറ്റവും ദേഷ്യം പിടിപ്പിച്ച ഒരു കാര്യമുണ്ടായി..
മനുവേട്ടനും ആ കൂട്ടുകാരും ഒരേ കുടക്കിഴിൽ പോകുന്നു..
എന്നെ ദേഷ്യം പിടിപ്പിച്ചത് അതൊന്നുമല്ലായിരുന്നു.
അയാൾ ഇടക്കിടക്ക് മനുവേട്ടൻ്റെ നിതംബത്തിൽ കൈകൊണ്ടു എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു.
മനുവേട്ടൻ അത് തടയുന്നുപോലും ഇല്ലായിരുന്നു !.
തിരിച്ചും മനുവേട്ടൻ അയാളുടെ നിതംബത്തിൽ കൈയ്യ് കൊണ്ട് അടിക്കുന്നുണ്ടായിരുന്നു. എന്നിട്ട് രണ്ടാളും പൊട്ടി ചിരിക്കുന്നുമുണ്ടായിരുന്നു.
അതെന്നെ ദേഷ്യത്തിലേക്കാണെത്തിച്ചത്.
അവർ എന്നെ കാണരുതേ എന്ന് പറഞ്ഞ് തിരിഞ്ഞ് നടപ്പോൾ പുറകിൽ നിന്നൊരു വിളി.
“ഡാ…നീ എന്താ ഒന്ന് മൈൻഡ് പോലും ചെയ്യാതെ പോകുന്നേ?”
മനുവേട്ടന്റെ ചോദ്യത്തിന് മറുപടി കൊടുക്കാതെ ഞാൻ,
“ഒന്നുമില്ലെന്ന്.” ഉച്ചത്തിൽ പറഞ്ഞോണ്ട് തിരിഞ്ഞ് നടന്നു..
ദേഷ്യം പിടിച്ചുവെക്കാൻ പറ്റാതെയാണ് ഞാൻ വീട്ടിലേക്ക്
എത്തിയത്.
വീട്ടിൽ എല്ലാവരോടും ഞാൻ ആ ദേഷ്യം തീർത്തു..
ഇനി ഒരിക്കലും മനുവേട്ടനെ കാണില്ല എന്ന് മനസ്സിൽ നൂറു തവണ പറഞ്ഞു.
ദേഷ്യം കൊണ്ടാണെന്ന് തോന്നുന്നു..കുറച്ചു ദിവസത്തേക്ക് ഞാൻ അയാളെ തിരിഞ്ഞ്പോലും നോക്കാത്ത അവസ്ഥയിലായി.
വഴിയിൽവെച്ച് അയാളെ കണ്ടാലും ഞാൻ മിണ്ടാതെ തിരിഞ്ഞു നടക്കുമായിരുന്നു..
ഞാൻ ഒന്നും വകവെച്ചില്ല…
എല്ലാ രാത്രിയും ഞാൻ ആലോചിക്കും, എന്തിനാ അന്ന് കണ്ട ആ കാഴ്ച്ചയിൽ വെറുതെ അയാളോട് ദേഷ്യപ്പെടുന്നെ, അയാൾ എന്റെ കാമുകനല്ലല്ലോ..അയാൾ ഇതുവരെ എന്നോട് ഒന്ന് മര്യാദയ്ക്ക് സംസാരിച്ചിട്ടുപോലുമില്ല…എന്നിട്ടും എന്തേ എനിക്ക് ഇത്ര ദേഷ്യം?.
നാളെയാകട്ടെ നേരിൽ കണ്ടാൽ ചിരിക്കാം.. എന്നൊക്കെ കരുതും.. പക്ഷെ നേരിട്ട് കാണുമ്പോ മനസിലുള്ള ദേഷ്യം മുളച്ചുപൊന്തി വരും…
അങ്ങനെ ദിവസങ്ങൾ കടന്നു പോയി……
പരീക്ഷ അടുത്ത ഒരു ദിവസം രാത്രി ചേട്ടൻ എന്നെ ഉച്ചത്തിൽ വിളിച്ചു..
“ഡാ..നിനക്ക് ഒരു ഫോൺ കാൾ ഉണ്ട്………”
സാധാരണ എന്നെ അധികം ആരും ഫോൺ ചെയ്യാറില്ല.അതും ചേട്ടന്റെ ഫോണിൽ ഒട്ടും ഇല്ലായിരുന്നു.
ആരായിരിക്കും എന്ന ആകാംക്ഷയിൽ ഞാൻ ഫോൺ എടുത്തു “ഹലോ” എന്ന് പറഞ്ഞു.
പരിചയമുള്ള ശബ്ദം.
നല്ല കട്ടിയുള്ള ഒരു ആണിന്റെ തന്നെ.
“ആരാ'' എന്ന് ചോദിക്കാൻ തുടങ്ങിയപ്പോൾ ,
“നീ എന്താ ഇങ്ങനെ പെരുമാറുന്നത്?
ഇന്ന് വൈകുന്നേരം നിന്നെ എത്ര തവണ ഞാൻ വിളിച്ചു. ഒന്ന് തീരിഞ്ഞു പോലും നോക്കിയില്ലലോ??”
മനുവേട്ടൻ !!
.അത് മനുവേട്ടനായിരുന്നു.!
അയാളുടെ ശബ്ദത്തിൽ വിഷമത്തിന്റെ വള്ളിക്കെട്ടുകൾ കുരുങ്ങിക്കിടക്കുന്നുണ്ടായിരുന്നു.
“സോറി” എന്ന വാക്കുകൊണ്ട് ഞാൻ ചോദ്യത്തിന് ഉത്തരമേകി.
“നാളെ നീ ഫ്രീ ആണോ”
എന്നയാൾ ചോദിച്ചപ്പോൾ ദേഷ്യം വിട്ടുപോകാത്ത എന്റെ മനസ്സ്
“അല്ല” എന്ന് ഉറപ്പിച്ചു പറഞ്ഞു.
“ഫ്രീ ആണെങ്കിൽ നീ ഇങ്ങോട്ടേക്ക് ഒന്ന് ഇറങ്ങു”
എന്നും പറഞ്ഞയാൾ ഫോൺ വെച്ചു.
ചേട്ടന് ഫോൺ തിരികെ കൊടുത്തു ഞാൻ എന്റെ മുറിയിലേക്ക് മടങ്ങി.
കിടന്നിട്ട് ഉറക്കം വരുന്നില്ലയിരുന്നു.
ദേഷ്യപ്പെടേണ്ട ആവശ്യമില്ലായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു.
എന്തായാലും സാരമില്ലെന്ന് വിചാരിച്ചു കിടന്നുറങ്ങി.
പിറ്റേന്ന് സ്കൂളിൽ പോയിട്ട് എന്റെ മനസ്സ് അസ്വസ്തമായിരുന്നു.
കൂട്ടുകാർ എല്ലാവരും.. കാരണം ചോദിക്കുകയും ചയ്തു.
പരീക്ഷ അടുക്കുകയല്ലേ അതിന്റെ ഒരു പേടി എന്നും പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി.
വൈകുന്നേരമായപ്പോൾ മനുവേട്ടന്റെ വീട്ടിലേക്ക് പോകാം എന്ന് വിചാരിച്ചു.
സ്പെഷ്യൽ ക്ലാസ്സ്സിനിരിക്കാതെ ഞാൻ സ്കൂളിൽനിന്നും മുങ്ങി.
സൈക്കിളുമെടുത്തു ഞാൻ ചേട്ടന്റെ വീട്ടിലേക്ക് പാഞ്ഞു.
വീട്ടിൽ ചെന്നപ്പോൾ, അമ്മ എനിക്ക് വേണ്ടി ഉണ്ടാക്കിയ പലഹാരങ്ങൾ കൊണ്ടുവന്നു തന്നു. ഞാൻ എന്തായാലും വരുമെന്ന് മനുവേട്ടൻ പറഞ്ഞത് കൊണ്ട് അമ്മ ഉണ്ടാക്കിയതാണെന്ന് പറഞ്ഞപ്പോ എനിക്ക് അത്ഭുതമായി. ഞാൻ നേരെ അയാളുടെ മുറിയിലേക്ക് പോയി.അയാൾ അവിടെ ഇരുന്നു എന്തോ കുത്തിക്കുറിക്കുകയായിരുന്നു.
ഞാൻ ഓടിച്ചെന്ന് പുറകിലൂടെ കെട്ടിപ്പിടിച്ചു സോറി എന്ന് പറഞ്ഞു.”
“എനിക്കറിയാമായിരുന്നു നീ വരുമെന്ന്”
പുഞ്ചിരിയോടെ അയാൾ അത് പറഞ്ഞപ്പോ എനിക്ക് ലഞ്ജ തോന്നി.
എന്തിനാണ് ഇത്രയും ദിവസം വഴകിട്ടാതെന്നോ ഒന്നും അയാൾ എന്നോട് ചോദിച്ചില്ല. പകരം ക്ലാസ്സിലെ കാര്യങ്ങളും പരീക്ഷയുടെ കാര്യങ്ങളുമൊക്കെയാണ് ചോദിച്ചത്.
പെട്ടെന്ന് വിഷയം മാറിയത് പോലെ എനിക്ക് തോന്നി.
“നിനക്ക് അവനെ ഇഷ്ടം ആയില്ലല്ലെ.?”
അവൻ അങ്ങനെയാ, എപ്പോളും ജോളി ആയിട്ടേ നടക്കൂ…ഒരു ബഹിളി..അവൻ ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിലാണ്. അവളുടെ കാര്യം പറയാനും, അവർ ഉടക്കുമ്പോൾ ആ വഴക്ക് മാറ്റാനും അവൻ എന്റടുത്താ വരുന്നത്.”
പറഞ്ഞത് കേട്ട് ഞാൻ അമ്പരന്നു പോയെങ്കിലും, മുഖത്ത് ഭാവവ്യത്യാസം ഇല്ലാതെ
“അതിന് ഞാനൊന്നും പറഞ്ഞില്ലല്ലോ ” എന്ന് മറുപടി നൽകി.
എന്തോ മനസ്സിലാക്കിയപോലെ അയാൾ എന്നെ നോക്കി പുഞ്ചിരിച്ചു.
അയാൾ പറഞ്ഞത് എനിക്ക് വളരെ സന്തോഷമേകി.
ചിരിച്ചുകൊണ്ട് ഞാൻ അയാളോട്
“ഇറങ്ങുവാ “
എന്ന് പറഞ്ഞ് വീട്ടിലേക്ക് മടങ്ങി.
വീട്ടിൽ എത്തിയ ഞാൻ എന്തെന്നില്ലാതെ സന്തോഷിച്ചു.
രാത്രി, ചേട്ടൻ എത്തിയപ്പോൾ ഒരു കോൾ ചെയ്യാൻ ഫോൺ തരുമോ എന്ന് ചോദിച്ചു.. ഫോൺ വാങ്ങി.
അന്ന് വിളിച്ച നമ്പറിലേക്ക് ഞാൻ വിളിച്ചു.
“ഹലോ” എന്ന് പറഞ്ഞതേയുള്ളൂ..അപ്പോൾത്തന്നെ, “എന്താടാ കുരങ്ങേ, നിനക്ക് പഠിക്കാനൊന്നുമില്ലേ?”
വീണ്ടും വീണ്ടും അയാൾ എന്നെ ഞെട്ടിക്കുവായിരുന്നു.!!
എന്നെ ഇത്ര പെട്ടെന്ന് തിരിച്ചറിയുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല..!!
“പഠിക്കാനുണ്ട്..ഞാൻ വെറുതെ വിളിച്ചതാ..ഫോൺ വെച്ചാൽ ഉടനെ പോയി പഠിക്കാം .”
എന്ന് പറഞ്ഞപ്പോൾ “ആയിക്കോട്ടെ” എന്ന മറുപടി മാത്രം ഉണ്ടായുള്ളൂ.
പിന്നെ കുറെനേരം ഞങ്ങൾ എന്തൊക്കെയോ സംസാരിച്ചു.
എന്റെ ചേട്ടൻ തെറിവിളിക്കാൻ തുടങ്ങി എന്ന് മനസിലായപ്പോൾ ഞാൻ ഫോൺ വെച്ചു.
ഉറങ്ങാനായി കിടന്നിട്ട് എനിക്ക് ഒട്ടും ഉറക്കം വന്നില്ല.തിരിഞ്ഞും മറിഞ്ഞും വീർപ്പ് മുട്ടി.
അപ്പോൾ /കുറെ നാളുകളായി ചെയ്യാതിരുന്ന ഒരു വിനോദവൃത്തി എൻ്റെ മനസ്സിലേക്ക് ഓടിവന്നു..
ഒന്നും നോക്കിയില്ല, അലമാരിയിൽനിന്നും എന്റെ പെൻസിലും, പെയ്ന്റും, ക്യാൻവാസുമൊകെ എടുത്തു.
മുന്നിലെ ഓർമ്മകൾ നിരത്തി ഞാൻ എന്റെ മനുവേട്ടനെ ചിത്രമാക്കി പകർത്തി.
അതിൽ മനസ്സിൽനിന്നും കോരിയെടുത്ത വർണങ്ങൾ വാരി വിതറി.!!
ആദ്യമായിട്ടാണ് ഞാൻ ചെയ്ത കലാസൃഷ്ടിയിൽ എനിക്ക് തൃപ്‌തി തോന്നിയത്. ആ സന്തോഷത്തിൽ എപ്പോളാണ് ഉറങ്ങിപ്പോയതെന്ന് ഓർമ്മയില്ല.
പിറ്റേ ദിവസം സ്കൂൾ വിടാൻ ഞാൻ കാത്തിരിക്കുവായിരുന്നു. സ്പെഷ്യൽ ക്ലാസ്സിൽ നിന്ന് മുങ്ങി ഞാൻ നേരെ മനുവേട്ടന്റെ വീട്ടിലേക്ക് വിട്ടു.
നേരെ മനുവേട്ടന്റെ മുറിയിലേക്ക് കയറി.
“ടങ് ട ടാങ്..,ഞാൻ എത്തി”
“ആഹ്…നീ ഇന്നും സ്പെഷ്യൽ ക്ലാസ് കട്ടാക്കിയല്ലേ”
ചേട്ടന്റെ ചോദ്യത്തിന് മുഖം ചുളിച്ചു ഒരു ചെറിയ പുഞ്ചിരിമാത്രമാണ് മറുപടിയായി നൽകിയത്.
കുറെ നേരം ഞങ്ങൾ സംസാരിച്ചിരുന്നു.
പെട്ടെന്ന്, ഞാൻ എന്റെ ബാഗ് തുറന്നു ആ പടം ചേട്ടന് മുന്നിലേക്ക് നീട്ടി.
തുറന്നു നോക്കിയ ശേഷം ചേട്ടൻ കുറച്ച് നേരത്തേക്ക് അമ്പരത്ത് നിശബ്ദനായി നിന്നു.
അയാളുടെ കണ്ണുകളിൽ സന്തോഷവും അമ്പരപ്പും ഒന്നിച്ചു കാണാൻ സാധിക്കുന്നുണ്ടായിരുന്നു. പക്ഷെ അത് ക്ഷണികമായിരുന്നുവെന്ന് ഞാൻ പിന്നീട് തിരിച്ചറിഞ്ഞു.
“എന്താ ഇഷ്ടായില്ലേ?”
അത് കേട്ടത് പോലും ഭാവിക്കാതെ അയാൾ ആ പടം മേശപ്പുറത്ത് കൊണ്ടുപോയി വെച്ചു.
“നീ എന്തിനാ ഈ പടം വരച്ചത്?”
“ഒന്നുമില്ല,..ചുമ്മാ….”
അത് കേട്ടപാടെ..
“നീ നുണ പറയണ്ട..”
എന്നും പറഞ്ഞ് അയാൾ എന്റെ അടുത്തേക്ക് വന്നു.
എന്റെ ദേഹത്തിൽ മുട്ടിനിന്നു.
എനിക്കാകെ പേടിയായി…
എന്റെ നെഞ്ച് നിയന്ത്രണമില്ലാതെ ഇടിക്കാൻ തുടങ്ങി.
“സത്യം പറ” എന്നും പറഞ്ഞ്കൊണ്ട് എന്റെ മുന്നിൽ മിഴിച്ചു നിന്നു.
പെട്ടെന്ന് അയാളുടെ മുഖം ആകെ മാറുന്നത് പോലെ എനിക്ക് തോന്നി. അയാൾ വീണ്ടും വീണ്ടും എന്നോടു കാര്യം അന്വേഷിച്ചു..
അവസാനം പിടിച്ചു നില്ക്കാൻ വയ്യാതെ ഞാൻ അങ്ങ് തുറന്നു പറഞ്ഞു.
“എനിക്ക് ചേട്ടനെ ഇഷ്ടമാണ്..
എന്താണെന്ന് അറിയില്ല.പക്ഷെ എനിക്ക് ഇയാളെ വളരെ ഇഷ്ടമാണ്..”
കടുപ്പത്തിൽ ഒരു മറുചോദ്യമായിരുന്നു കിട്ടിയത്.
“ഏതു തരത്തിലുള്ള ഇഷ്ടം????”
അതിനുള്ള മറുപടി എന്താ കൊടുക്കേണ്ടതെന്നറിയാതെ ഞാൻ കുഴഞ്ഞു.
“അത്…..അത് പിന്നെ….എനിക്ക് ഇയാളെ വല്ലാത്ത ഒരു ഇഷ്ടമാണ്..”
അയാൾ അത് കേട്ടതും കുറച്ച് നേരം മിണ്ടാതെ നിന്ന്. എന്നിട്ടു എന്റെ നേരെ തിരിഞ്ഞ് അയാൾ ദേഷ്യത്തിലാണോ അതോ ആശയകുഴപ്പത്തിലാണോ എന്നറിയാത്ത മട്ടിൽ സംസാരിച്ചു.
“മോൻ എന്തും ഭാവിച്ചാണ് ഇറങ്ങി തിരിച്ചേക്കുന്നെ? നിനക്ക് എന്താ ഇപ്പൊ ഇങ്ങനെയൊക്കെ തോന്നാൻ കാരണം?
നിനക്ക് വട്ടായോ? ഇതൊക്കെ ഈ പ്രായത്തിൽ കുട്ടികൾക്ക് തോന്നുന്ന ഓരോരോ വട്ടാണ്. നീ എല്ലാം മനസ്സീന്ന് മായ്ച്ചു കളഞ്ഞേക്ക്..”
അത് കേട്ടതും എന്റെ ഹൃദയം രണ്ടായി പിളർന്നു പോയത് പോലെയാണ് തോന്നിയത്.
മനസ്സിൽ ഇടിമിന്നൽ ഏറ്റ ഒരു പ്രതീതി.! കണ്ണുനീർ അണപൊട്ടി ഒഴുകുമെന്ന വിധം എന്റെ മനസ്സു വേദനിച്ചു.
ശ്വാസംമുട്ടുന്നത് പോലെ തോന്നി. ടകണ്ണുകൾ കലങ്ങി മങ്ങിത്തുടങ്ങി.
കണ്ണുകൾ തുടച്ചു ഞാൻ പുറത്തേക്ക് നടന്നു..
പുറകിൽനിന്നും ആരോ എന്നെ വിളിക്കുന്നത് പോലെ തോന്നിയിരുന്നു.. പക്ഷെ അത് ശ്രദ്ധിക്കാൻ പറ്റാത്തവിധം ഞാൻ തളർന്നിരുന്നു..
മനസ്സിൽ ഒരു വലിയ കല്ല് കയറ്റി വെച്ച് നടക്കുന്നത് പോലെയാണ് ഞാൻ വീട്ടിൽ എത്തിയത്.
ആരോടും ഒന്നും മിണ്ടാതെ ഞാൻ എന്റെ മുറിയിലേക്ക് കയറി.
തലയിണ കടിച്ചുപിടിച്ചു ഞാൻ കുറെ കരഞ്ഞു.. [തുടരും ]