ഒരു ഗേ ലവ് സ്റ്റോറി
ലവ് സ്റ്റോറി – കലങ്ങിയ കണ്ണുകളുമായി എപ്പോളാണ് ഉറങ്ങിയതെന്ന് എനിക്കകട്ടും ഓർമ്മയില്ല…
കണ്ണുനീർ കാണാൻ അന്ന് കൂട്ടുണ്ടായത് എന്റെ തലയിണ മാത്രമായിരുന്നു……..
നിരസ്കരിക്കപ്പെട്ട ആദ്യത്തെ പ്രണയം നൽകിയത് മനസ്സിന് മായാത്ത ഒരു മുറിവായിരുന്നു.
മനുവേട്ടനെക്കുറിച്ച് ഞാൻ കണ്ടു കൂട്ടിയ സ്വപ്നങ്ങൾ ഒറ്റദിവസം കൊണ്ട് ഇല്ലാതായല്ലോ എന്നോർത്ത് ഞാൻ കുറെ വിഷമിച്ചു.
ഒന്നിലും ഒരു ശ്രദ്ധ ഇല്ലാതായി.
പഠനത്തിലും ഭക്ഷണത്തിലും ഒന്നിലും.
‘ വീട്ടുകാരും നന്ദുവും അപ്പുവും കിരണുമൊക്കെ മാറി മാറി ചോദിച്ചു എന്താ എനിക്ക് പറ്റിയതെന്ന്. എല്ലാവരിൽനിന്നും ഞാൻ ഒഴിഞ്ഞു മാറി നടക്കുവാൻ തുടങ്ങി. ഒരു തരം ഒളിച്ചോട്ടം. അനാവശ്യമായ ഒളിച്ചോട്ടം!!
സ്കൂളും വീടുമായി ഞാൻ എന്റെ ദിവസം തള്ളി നീക്കി..
അമ്പലത്തിൽപ്പോലും പോകാതെയായി.
ക്രിസ്തുമസ് പരീക്ഷ ഞാൻ ഉഴപ്പിയാണ് എഴുതിയത്.
കഷ്ടിച്ച് ജയിച്ചാൽ ജയിച്ചു!!
.ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ ഉഴപ്പുന്നത്.
എല്ലാവരും എന്റെ മാറ്റങ്ങൾ ശ്രദ്ധിച്ചു തുടങ്ങി.!!
ക്ലാസ്സിലെ ഗ്യാങ്ങ് എന്നെ ഉപദേശിക്കുന്നതിനപ്പുറം എന്നെ വഴക്കുപറയാൻ വരെ തുടങ്ങി.
എന്നെ എനിക്ക് സ്വയം നിയന്ത്രിക്കാൻ പറ്റാഞ്ഞ കുറച്ചു നാളുകൾ.
പ്രേമം നിരസിച്ചതിലും വലുതായിട്ട് എനിക്ക് തോന്നിയത് എന്റെ അഭിമാനം നഷ്ടമായല്ലോ എന്നോർത്തായിരുന്നു.
ഞാൻ ഒരു സ്വവർഗാനുരാഗിയായ ഒരുത്താനാണെന് നാട്ടിലെ ഒരാൾ മനസിലാക്കിയല്ലോ എന്ന ഒരു അഭിമാനക്ഷതം.എല്ലാം എന്നെ വല്ലാതെ അലട്ടി.
പരീക്ഷ ദിവസങ്ങൾ എങ്ങനെയാ കഴിഞ്ഞതെന്ന് എനിക്കിപ്പോളും നിശ്ചയമില്ല.
ആ നാളുകളിൽ ഞാൻ മനുവേട്ടനെ കണ്ടതായി ഓർക്കുന്നില്ല. അയാൾ നാട്ടിൽ ഉണ്ടോ എന്ന്പോലും ഞാൻ അന്വേഷിക്കാൻ നിന്നില്ല.
എങ്കിലും മനസ്സിൽ മനുവേട്ടനെ മാത്രം ഞാൻ പൂഴ്ത്തി വെച്ചു., സ്നേഹത്തോടെ !!!
പത്താം ക്ലാസ് ആയത്കൊണ്ട് പരീക്ഷയും ഫല പ്രഖ്യാപനവും എല്ലാം വളരെ വേഗത്തിലായിരുന്നു.
ക്രിസ്തുമസ് പരീക്ഷയുടെ ഫലം കുറെ പ്രശ്നങ്ങൾക്ക് ഇടവരുത്തി.
സ്കൂളിലേക്ക് വീട്ടുകാരെ വിളിപ്പിച്ചു. അച്ഛൻ എന്നെ തല്ലിയില്ല എന്നെയുള്ളു.അത്രയ്ക്ക് ദേഷ്യത്തിന് ഇടവരുത്തി.
ചേട്ടന്റെ വകയും ഒട്ടും കുറഞ്ഞില്ല.
എല്ലാം എന്നെ കൂടുതൽ തളർത്തി.
എല്ലാവരുടെയും കുറ്റപ്പെടുത്തലും അതിനപ്പുറം ഞാൻ ഇങ്ങനെ ആയല്ലോ എന്നോർത്തുള്ള ചിലരുടെ വിഷമവും എന്നെ ചില തീരുമാനങ്ങളിലേക്ക് നയിച്ചു.
സത്യം പറഞ്ഞാൽ ‘ ഞാൻ എടുത്ത തീരുമാനങ്ങൾ ശരിയായിരുന്നു.
മനുവേട്ടൻ എന്നെ ചതിച്ചിട്ടില്ല.
അയാൾ എന്നെ പ്രേമിച്ചിട്ടില്ല.
എന്റെ മനസ്സിൽ തോന്നിയ ഒരു മണ്ടത്തരം.
അത് അയാളും അങ്ങനെ തന്നെ കാണണമെന്ന് തോന്നിയത് മറ്റൊരു മണ്ടത്തരം..
ചെന്ന് ക്ഷമ ചോദിക്കണം. നല്ല സുഹൃത്തുക്കളായി തന്നെ ഇരിക്കണം. അങ്ങനെ കുറെ തീരുമാനങ്ങൾ എടുത്തു. ഉള്ളിൽ എല്ലാ ആഗ്രഹങ്ങളും കുഴിച്ചു മൂടി ഞാൻ സന്തോഷവാനാണ്,
ഇനിമുതൽ പഴയതുപോലെ ആകാം എന്ന് എല്ലാവരെയും ധരിപ്പിച്ചു.. ആ തീരുമാനം വീട്ടുകാർക്ക് വളരെ ആശ്വാസമയിരുന്നു.
പക്ഷെ ആ സന്തോഷം അഭിനയം മാത്രമല്ലാതാക്കിയ കുറെ സംഭവങ്ങൾ പിന്നീടുണ്ടായി.
ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമ്മകൾ നൽകിയ കുറെ സംഭവങ്ങൾ.!!
രാത്രിയിൽ എല്ലാവരും ഉറങ്ങിയത്തിന് ശേഷം വീടിന്റെ മുകളിലെ നിലയിലുള്ള ബാൽക്കണിയിൽ പോയിരുന്നു.
ആകാശം നോക്കിയിരിക്കുന്നത് എനിക്ക് നേരംപോക്ക് മാത്രമായിരുന്നില്ല,വിഷമങ്ങളിൽ നിന്നും ഒരു ആശ്വാസം കൂടിയായിരുന്നു.
ആകാശത്തെ മാത്രമേ ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നുള്ളൂ.
നക്ഷത്രങ്ങളും ചന്ദ്രനും ഇരുട്ടിനെ ഭേദിക്കുന്ന നിലാവും എന്നെ അളവിലേറെ ആശ്വാസിപ്പിച്ചിരുന്നു.
അങ്ങനെ ഒരു ദിവസം അത്താഴം കഴിഞ്ഞു എല്ലാവരും കിടന്ന ശേഷം ഞാൻ ബാൽക്കണിയിലേക്ക് പോയി.
പെട്ടെന്ന് ഞാൻ താഴേക്ക് നോക്കിയപ്പോൾ മതിലിനരികിൽ നിന്നായി ചെറിയ പുക കണ്ടു.
ആരോ അവിടെനിന്ന് പുകവലിക്കുന്നുണ്ടെന്ന് മനസ്സിലായി. എന്നാലും ആരായിരിക്കും എന്റെ വീടിന് മുന്നിൽ നിന്ന് സിഗരറ്റ് വലിക്കാൻ.?
ആഹ് എന്തെങ്കിലും ആയിക്കോട്ടെ എന്ന് കരുതി ഞാൻ അത് അങ്ങ് വിട്ടു.
പിറ്റേന്ന് ഞാൻ ഉഷാറോടെയാണ് സ്കൂളിലേക്ക് പോയത്.
ക്ലാസ്സിൽ ഞാൻ എല്ലാവരോടും കളിച്ചു ചിരിച്ചു സംസാരിച്ചു.
അവസാന പരീക്ഷയ്ക്കയുള്ള ടൈംടേബിൾ വരെ ഉണ്ടാക്കി.
പെട്ടെന്നുള്ള ഈ മാറ്റം എല്ലാവരും അംഗീകരിച്ചു.
സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ ഗേറ്റിന് മുന്നിൽ കുറെ കുട്ടികൾ ഒരു ബുള്ളറ്റിൽ ചാരിനിൽക്കുന്നു.
“തെണ്ടികൾക്ക് ,ചാരി നിൽക്കാനുള്ള വണ്ടിയാണോ ബുള്ളറ്റ്. രാജകീയമായ ആ വണ്ടിയെ ആ തെണ്ടിപ്പിള്ളേര് നശിപ്പിച്ചു”
എന്ന് മനസ്സിൽ വിചാരിച്ചു ,സൈക്കിൾ ചവിട്ടി വീട്ടിലേക്ക് വിട്ടു. പതിവ് പോലെ എല്ലാരും കിടന്ന ശേഷം ഞാൻ ബാൽകണിയിലേക്ക് ചെന്നു. താഴെ നോക്കിയപ്പോൾ ഇന്നും ആരോ അവിടെ നിന്ന് പുകവലിക്കുന്നുണ്ട്.
അത് ആരാണെന്ന് എന്തായാലും അറിയണമെന്ന് കരുതി ഞാൻ റൂമിൽ പോയി ഒരു ടോർച് എടുത്തു..നേരെ താഴേക്കടിച്ചു.
അപ്പോൾ അവിടെ കണ്ട കാഴ്ച എന്നെ വളരെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു.
എനിക്ക് വിശ്വസിക്കാനെ സാധിച്ചില്ല.
അവിടെ കണ്ടത് മറ്റാരെയും അല്ലായിരുന്നു. മനുവേട്ടൻ .എന്റെ ആദ്യത്തെ പ്രണയം.
ഞാൻ അയാളെ കണ്ടുവെന്ന് അയാൾക്ക് മനസിലായി..
ഒന്നും നോക്കിയില്ല ഞാൻ ഓടി താഴേക്കു ചെന്നു.
വീടിന്റെ ഗേറ്റ് തുറക്കാൻ തുടങ്ങിയപ്പോൾ ബുള്ളെറ്റ് സ്റ്റാർട്ട് ചെയ്‌ത് പായുന്ന ശബ്ദമാണ് കേട്ടത്.
എന്നാലും എന്തിനാണ് അയാൾ ഇവിടെ വന്നത്???
എന്നെ കാണാൻ വേണ്ടിയാണോ?
അതോ വേറെ വല്ല ഉദ്ദേശവും ഉണ്ടായിരുന്നോ??
1
ഇനി അടുത്തുള്ള ആരുടെയെങ്കിലും വീട്ടിൽ വന്നതാണോ??
അങ്ങനെ കുറെ ചോദ്യങ്ങൾ എന്നെ വല്ലാതെ കുഴച്ചു.
കിടന്നിട്ട് ഉറക്കം വരുന്നില്ലയിരുന്നു. കാര്യം അറിയാതെ ഞാൻ ഞെരിപിരി കൊണ്ടു. അന്ന് ഞാൻ ഉറങ്ങിയോ എന്ന കാര്യത്തിൽ എനിക്ക് വളരെ സംശയമുണ്ട്. |
രാവിലെ കണ്ണ് തുറന്നത് 11 മണി കഴിഞ്ഞപ്പോളാണ്. ഞായറാഴ്ച്ച ആയതു കൊണ്ട് അമ്മ എഴുന്നേല്പിക്കാനും വന്നില്ല.
ക്രിസ്തുമസ് അവധിയും തുടങ്ങിയത് കൊണ്ട് ഇനി തൽക്കാലത്തേക്ക് ആരുടേയും സമ്മർദ്ദം അധികം ഉണ്ടാകില്ല.
ഇന്നലെ വല്ല സ്വപ്നം കണ്ടതായിരിക്കും എന്നും കരുതി ഞാൻ ഹാളിലേക്ക് പോയി. പല്ല് തേക്കാൻ കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്നപ്പോൾ,കണ്ണാടി ചില്ലിലൂടെ വളരെ പരിചിതവും അപ്രതീക്ഷിതവുമായ ഒരു മുഖം.
ഞാൻ അത് കണ്ടു ഞെട്ടി തരിച്ചു പോയി..
ഇടിമിന്നൽ മുന്നിൽ പതിഞ്ഞ പോലെ സ്തംഭിച്ചുപോയി..
ഞാൻ കുതറിത്തിരുഞ്ഞുനോക്കി.
സോഫയിൽ അതാ മനുവേട്ടൻ. വളരെ ഗൗരവത്തോടെ, എന്നത്തെക്കാളും സുന്ദരനായി.
എനിക്ക് വിശ്വസിക്കാനെ പറ്റുന്നില്ലായിരുന്നു.
ഞാൻ എന്റെ കണ്ണുകൾ രണ്ടു മൂന്നു തവണ തിരുമ്മി നോക്കി.സ്വപനമല്ല.. സത്യം തന്നെ !!
.അപ്രതീക്ഷിതമായി കണ്ട കാഴ്ച്ച എന്റെ തലയിൽ മഞ്ഞുകട്ടകൾ വാരി എറിഞ്ഞത് പോലെ ഒരു അനുഭൂതി ഉണ്ടാക്കി.
പന്തം കണ്ട പെരിച്ചാഴിയെ പോലെ ഞാൻ വായും പൊളിച്ചു നിന്ന്.
ഞെട്ടി തരിച്ചു നിൽക്കുന്ന എന്നെ കണ്ടു അമ്മ
“ഡാ..എന്ത് ഉറക്കമാടാ..നീ ഇന്നലെ വല്ല കക്കാനും പോയിരുന്നോ?
മനു വന്നിരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറായി.പിന്നെ അവൻ പറഞ്ഞത് കൊണ്ടാ, നിന്നെ കുത്തി എഴുന്നേല്പിക്കാതിരുന്നത്.”
അമ്മ പറഞ്ഞത് ഞാൻ ഒരു മൂളൽ പോലെയാണ് കേട്ടത്. എന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല.
“നീയെന്താടാ ഇങ്ങനെ കുന്തം വിഴുങ്ങിയത് പോലെ നിക്കുന്നെ?”
അവൻ നിന്നെ കൂട്ടാൻ വന്നതാ.. എവിടേയോ പോകുവാൻ.വേഗം പോയി കുളിച്ചു റെഡി ആയി വാ ചെക്കാ.ഇനിയും അവനെ ഇരുത്തി മുഷിപ്പിക്കല്ലേ.”
അതും പറഞ്ഞ് അമ്മ എന്നെ വന്നു തട്ടി.
പെട്ടെന്ന് അരണ്ട ശബ്ദത്തിൽ
“ഡാ..പോയി റെഡിയായി വാ..വേഗം പോയി വരാം”
എന്ന് മനുവേട്ടൻ പറഞ്ഞപ്പോളാണ് ഞാൻ ഒന്ന് ഞെട്ടലിൽ നിന്ന് ഉണർന്നത്.
പിന്നെ ഒന്ന ഞാനും നോക്കിയില്ല. പല്ലുതേപ്പും കുളിയും എല്ലാം പെട്ടെന്നായിരുന്നു. അമ്മ കഴിഞ്ഞ പിറന്നാളിന് വാങ്ങിത്തന്ന റോസ് ഷർട്ടും ജീന്സുമാണ് ഞാൻ ഇട്ടത്.
മനുവേട്ടൻ നല്ല കറുത്ത ടീ ഷർട്ടും ഒരു നീല ജീൻസും.
“ശെരി മക്കളെ എങ്കിൽ പോയിട്ട് വാ “എന്ന് അമ്മ പറഞ്ഞപ്പോളും എങ്ങോട്ട്, എന്തിന് എന്നൊന്നും എനിക്ക് മനസിലാകുന്നില്ലായിരുന്നു.
ചോദിക്കാനായി എന്റെ നാവു പൊങ്ങുന്നൊന്നും ഇല്ലായിരുന്നു.
അയാൾ ബുള്ളറ്റിൽ കയറി എന്നോട് കയറാൻ തലകൊണ്ട് ആംഗ്യം കാണിച്ചു.
ഞാൻ മെല്ലെ ചെന്ന് കയറി. ഞങ്ങളുടെ ഇടയിൽ ഒരാൾക്ക് കൂടി ഇരിക്കാൻ പാകത്തിൽ ഇടം ഇട്ടിട്ടാണ് ഞാൻ ഇരുന്നത്.
അയാളെ മുട്ടിയിരിക്കാൻ ഇഷ്ടമില്ലാതിരുന്നിട്ടല്ല..പേടി..
പേടിച്ചിട്ടാ അത്ര നീങ്ങിയിരുന്നത്. ‘
ബുള്ളെറ്റ് സ്റ്റാർട്ട് ചെയ്ത് പതുക്കെ നീങ്ങിയപ്പോൾ അമ്മ പുറകിൽ നിന്നും പുഞ്ചിരിയോടെ യാത്രയയപ്പ് നൽകി.
എങ്ങോട്ടേക്കാണെന്നറിയാതെ, കഥയറിയാതെ ആട്ടം കാണുന്ന ഒരുവനെപ്പോലെ ഞാൻ അയാളുടെ പിന്നിൽ ഇരുന്നു.
ബുള്ളറ്റിന്റെ ശബ്ദം ഒരുപ്പോലെ ഭയവും ആകാംക്ഷയും എന്റെ മനസ്സിൽ വിതച്ചു.
എവിടേക്കെന്നറിയാതെ മനുവേട്ടന്റെ കൂടെ എന്റെ ആദ്യത്തെ യാത്ര.
ആ യാത്ര എന്റെ ജീവിതത്തെ മൊത്തമായി മാറ്റിമറിക്കാൻ ഉണ്ടായതാണെന്ന സത്യം ഞാനപ്പോൾ അറിഞ്ഞിരുന്നില്ല.
മനുവേട്ടന്റെ പുറകിലിരുന്ന് പോകുമ്പോൾ എന്തെന്നില്ലാത്ത ആകാംക്ഷ എന്നെ കാർന്നു തിന്നുന്നുണ്ടായിരുന്നു…!
നല്ല വിശപ്പുണ്ടായിരുന്നു..ഒന്നും കഴിച്ചിട്ടില്ല..
വണ്ടി നിർത്തി എന്തെങ്കിലും കഴിച്ചാലോ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു.. പക്ഷെ എങ്ങോട്ടാ എന്ന് പോലും അറിയാത്ത പോക്കാണ്. അതിനിടയിൽ ഈ കാര്യം എങ്ങനെയാ ചോദിക്കുക !!
പോകുന്ന വഴിയിൽ അയാൾ എന്നോട് ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല.
പെട്ടെന്ന് അയാൾ ഒരു കടയുടെ മുമ്പിലായി നിർത്തി,വണ്ടി ഒതുക്കി എന്നോട് ഇറങ്ങാൻ പറഞ്ഞു.
അത് ഒരു തരക്കേടില്ലാത്ത ഹോട്ടലായിരുന്നു.
“ദൈവമേ ഞാൻ മനസ്സിൽ കണ്ടത് ഇയാൾ മാനത്തു കണ്ടുവോ !!?”
ഞാൻ എന്നോട് തന്നെ ചോദിച്ചു.
എന്നെയും കൊണ്ടയാൾ അതിനുള്ളിലേക്ക് പോയി.
ഒരു ബിരിയാണി മാത്രം ഓർഡർ ചെയ്തു.
“വേഗം അതിരുന്നു കഴിച്ചിട്ട് പുറത്തേക്ക് വാ…അവിടെ കാത്തുനിക്കാം”
എന്നും പറഞ്ഞയാൾ പുറത്തേക്ക് പോയി.
കൗണ്ടറിൽ അയാൾ ബില്ല് അടച്ചിട്ടു പുറത്തേക്ക് പോകുന്നതും കണ്ടു.
“ഇയാൾക്ക് വട്ടാണോ?”
ആഹ്.. എന്തായാലും നല്ല വിശപ്പ്'.. ഒന്നും നോക്കിയില്ല..ആരെയും നോക്കാതെയിരുന്ന് മൊത്തം കഴിച്ചു.
കൈ കഴുകി പുറത്തേക്ക് ചെന്നപ്പോൾ അയാൾ അവിടെ നിന്ന് സിഗരറ്റ് വലിക്കുന്നു..
എന്നെ കണ്ടതും അത് നിലത്തിട്ട് ചവിട്ടി കെടുത്തി വണ്ടിയിൽ കയറി, എന്നോടും കയറാൻ പറഞ്ഞു.
വന്നത് എങ്ങനെയാണോ അതുപോലെ തന്നെ ഞങ്ങൾക്കിടയിൽ വലിയ ഒരു അകലം പാലിച്ചു ഞാൻ വണ്ടിയിൽ ഇരുന്നു.
പിന്നെ വണ്ടി പായുകയായിരുന്നു.
രണ്ടു മണിക്കൂർ കൊണ്ട് ഞങ്ങൾ പണിയേലി പോരിൽ എത്തി.
അത് വളരെ മനോഹരമായ ഒരു സ്ഥലമായിരുന്നു.
പ്രകൃതി പ്രണയത്താൽ പൂത്തിലഞ്ഞു നിൽക്കുന്നത് പോലെയാണ് തോന്നിയത്. !!
എറണാകുളംകാരനാണെങ്കിലും എന്റെ ജില്ലയിൽ ഇങ്ങനെ ഒരു പ്രകൃതിരമണീയമായ സ്ഥലമുണ്ടെന്ന് ഞാൻ ആദ്യമായിട്ടാണ് അറിഞ്ഞത്.
സുന്ദരമായ ആ സ്ഥലവും പിന്നെ മനുവേട്ടന്റെ സാമിപ്യവും എന്റെ മനസ്സിന് കുളിരേകി.
എന്തെന്നില്ലാത്ത ഒരു അനുഭവമായിരുന്നത്. [ തുടരും ]