ഒരു ഗേ ലവ് സ്റ്റോറി
കാലിന് ചെറിയ നീരുണ്ടെങ്കിലും നടക്കാനും ഓടാനുമൊന്നും കുഴപ്പമില്ല.എല്ലാം ശരിയായി എന്നെനിക്ക് തോന്നി.
ഒരാഴ്ചയായി ക്ലാസ്സിൽ പോയിട്ടു. വരുന്ന ദിവസം തൊട്ട് ക്ലാസ്സിൽ പോകണം. പത്താം ക്ലാസ്സല്ലെ..ലീവ് എടുക്കാൻ പാടില്ലല്ലോ!.
അവധി സമയങ്ങളിൽ ഞങ്ങൾ വീടിനടുത്തുള്ള കുട്ടികളൊക്കെ കൂടുന്ന ഒരു സ്ഥലമുണ്ട്.
‘youngsters bridge’ എന്നാണ് ഞങ്ങൾ ആ സ്ഥലത്തെ പറയുന്നത്. ഒരു ശാന്തമായ സ്ഥലം. അടുത്ത് ഒരു പാലമുണ്ട്. ഞങ്ങൾ അതിനടുത്തിരുന്നാണ് ഓരോരോ ബഡായികളൊക്കെ പറയാറ്.
വീടിനടുത്തുള്ള എന്റെ ബെസ്റ്റീസ് – നന്ദുവും അപ്പുവും കിരണുമാണ്. ഞാനും അവന്മാരും പിന്നെ വേറെ കുറെ കുട്ടികളും സാധാരണ അവിടെ കൂടാറുണ്ട്.
വീട്ടിൽ വന്ന അന്ന് വൈകുന്നേരം ഞാൻ ഞങ്ങളുടെ സ്വന്തം സ്ഥലത്തേക്ക് പോയി. നന്ദുവും കിരണും കൂടെ വന്നു. വേറെ ആരും ഉണ്ടായിരുന്നില്ല.
“ഡാ,നിനക്കൊക്കെ ഈ മോഹനൻ ചേട്ടൻ്റെ മകനെ അറിയോ?”.
കേട്ട ഉടനെ നന്ദു,
“മനുവേട്ടനെ ആണോ നീ ഉദ്ദേശിക്കുന്നത്?”
“ആഹ്.. എനിക്കറിയില്ല. മോഹനൻ ചേട്ടന് ഒരു മകളല്ലെ ഉള്ളത്.. കല്യാണം കഴിഞ്ഞ മീനാക്ഷി ചേച്ചി?”
ഞാൻ സംശയത്തോടെ ചോദിച്ചു.
“ഏയ്.. ഒരു മകനുമുണ്ട്..ആ ചേട്ടൻ ബാംഗ്ലൂരോ മൈസൂരോ അങ്ങനെ എവിടേയോ ആണ് പഠിക്കുന്നത്. ഇപ്പൊ ഡോക്ടർ ആയി എന്ന് തോന്നുന്നു. നാട്ടിൽ വന്നിട്ടുണ്ട്. അയാളല്ലെ നിന്നെ രക്ഷിച്ചെ?.”