ഒരു ഗേ ലവ് സ്റ്റോറി
കണ്ണുകൾ തുറന്നപ്പോൾ ചുറ്റും കുറെ ആളുകൾ ഇരിക്കുന്നു.
പരിചയമുള്ള മുഖങ്ങൾ !! . മറ്റാരുമല്ല, അമ്മയും ഇളയമ്മയും പിന്നെ അയൽവക്കത്തെ രണ്ടു ചേച്ചിമാരും.
അമ്മയുടെ കണ്ണുകൾ കലങ്ങി വലഞ്ഞിരിക്കുന്നു. വാതിലിനരികെ അച്ഛൻ ആരോടോ സംസാരിക്കുന്നു. മുഖം വ്യക്തമാകുന്നില്ല. കറുത്ത ഷർട്ടും കാവി മുണ്ടുമാണ് ധരിച്ചിരിക്കുന്നത്.
അച്ഛൻ അയാളുടെ തോളത്തു തട്ടി
“മോൻ ഉണ്ടായിരുന്നത് നന്നായി”
എന്നൊക്കെ പറയുന്നുണ്ടായി.
“എല്ലാം ശരിയാകുമ്പോ അറിയിക്കു”
എന്നും പറഞ്ഞയാൾ പോയി.
അച്ഛൻ മുറിയിലേക്കു കയറി.
ഒന്നും പറയാൻ പറ്റിയ അവസ്ഥയിലല്ലാ ഞാനെന്ന് എനിക്ക് മനസിലായി.
“കുഴപ്പമൊന്നുമില്ല.. രണ്ടു ദിവസം കഴിയുമ്പോ വീട്ടിലേക്ക് പോകാം..”
എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്.
“നീ വെറുതെ കരഞ്ഞു എല്ലാവരെയും പേടിപ്പികണ്ട ”
അച്ഛന്റെ ആ വാക്കുകളിൽ വിഷമത്തിൻ്റെ കണികകൾ കെട്ടിക്കിടപ്പുണ്ടാരുന്നു.
“ആഹ്.. നീ ഉണർന്നുവോ,ദേ അവന് കുഴപ്പമൊന്നുമില്ല.. ചെക്കൻ കണ്ണ് തുറന്നു കിടക്കുന്നത് കണ്ടില്ലേ”
അത് കേട്ട അമ്മയുടെ മനസ്സിൽ വിഷമം ഉണ്ടെങ്കിലും അമ്മ എന്നെ നോക്കി പുഞ്ചിരിച്ചു.
“മോഹനന്റെ മകൻ ആ സമയത്തു അവിടെ എത്തിയത് ഭാഗ്യം”.
അയൽവാസിയായ ചേച്ചി അങ്ങനെ പറയുന്നത് കേട്ടപ്പോളാണ് എനിക്ക് ആക്‌സിഡന്റ് ആയ കാര്യം ഞാൻ ഓർത്തത്.