ഓർമ്മകൾ മാത്രമാണ് സന്തോഷം തരുന്നത്
ഓർമ്മകൾ – എനിക്ക് ശ്വാസം വീണു…
” ഉഫ് കുരിപ്പേ നീയായിരുന്നോ ? ”
” അല്ലെങ്കിൽ നിന്നെ കാണാനിവിടെ ആരാണ് വരുന്നത്… ”
ഞാൻ ചിരിച്ചു
“സത്യം പറ എന്തായിരുന്നു ഇവിടെ പരിപാടി “..?
“എന്ത്..”
” പിന്നെ… നിന്റെ നിൽപ്പ് കണ്ടിട്ട് എന്തോ ഒരു കള്ളത്തരം ഉണ്ടല്ലോ നീ ആരെയെങ്കിലും കൊന്നുവോ..”?
ഞാൻ അവളെ മിഴിച്ചു നോക്കി.
അവൾ എന്നെയും നോക്കിക്കൊണ്ട് നേരെ അടുക്കളയിലോട്ടു പോയി.
അവിടെ നിന്നൊരു അലർച്ചയായിരുന്നു.
“എടാ മഹാപാപി നിനക്ക് തിന്നാൻ അല്ലെങ്കിൽ പിന്നെ എന്തിനാണ് എന്നെക്കൊണ്ട് ഇതൊക്കെ ഉണ്ടാക്കി വെപ്പിച്ചത്.”
ഞാൻ തലയിൽ കൈ വെച്ചുപോയി. സത്യം പറഞ്ഞാൽ ഞാൻ തലേന്ന് രാത്രി ഫുഡ് കഴിച്ചിട്ടില്ലായിരുന്നു. ഇക്കണ്ട കാര്യങ്ങൾ ഒക്കെ ആലോചിച്ചിരുന്നത് കൊണ്ട് കഴിക്കാൻ ഞാൻ മറന്നുപോയി.
ഓടിവന്ന് എന്റെ ടീ ഷർട്ടിൽ പിടിച്ചുകൊണ്ടവൾ ചോദിച്ചു..
” സത്യം പറ നിനക്കെന്താ പറ്റിയത് “.?
അതും ചോദിച്ചു അവൾ നിൽക്കുമ്പോൾ വീണ്ടും കോളിംഗ് ബെൽ മുഴങ്ങി..
ഇത്തവണ എനിക്കൊന്നും തോന്നിയില്ല..വാച്ച്മൻ ആകുമെന്ന് കരുതി അവിടെ നിന്നു ..
അത്യാവശ്യ കാര്യങ്ങൾ പറയാൻ വാച്ച്മാൻ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് വരും.
“നിനക്കുള്ളത് ഞാൻ വന്നിട്ട് തരാടാ തെണ്ടീ”
എന്ന മട്ടിൽ ഒരു നോട്ടം നോക്കി അവൾ പോയി വാതിൽ തുറന്നു….
എന്റെ സർവ്വ കിളികളും പറത്തിക്കൊണ്ട് റീതുവിന്റെ മുഖമായിരുന്നു ഞാൻ ആദ്യം കണ്ടത്… തൊട്ടു പിറകിൽ മിന്നായം പോലൊരു രൂപവും… !!
വാതിൽ തുറന്നവളുടെ കണ്ണ് ആണേൽ ഇപ്പോ പുറത്തേക്ക് പോകും എന്നെനിക്ക് തോന്നിപ്പോയി..
അവൾ എന്റെ നേർക്ക് നോട്ടം പായിച്ചപ്പോൾ റീതുവിന്റെ പുറകിൽ നിന്നിരുന്ന ആ രൂപം എന്റെ നേരെ മുന്നിലേക്ക് വന്നു നിന്നു..
നീണ്ട രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആ കണ്ണുകൾ എന്റെ കണ്ണുകളുമായി കൊരുത്തു…
അവൾ രമ.. രമ വാസുദേവിന്റെ കണ്ണുകൾ…
എനിക്കെന്ത് ചെയ്യണമെന്ന് അറിയില്ല.. എന്റെ ഹൃദയമിടിപ്പ് നിന്നുപോയോ എന്ന് വരെ തോന്നി…
അവളുടെ മുഖത്തു നിന്നും ഞാൻ കണ്ണെടുത്തില്ല. പക്ഷെ എന്നെ അമ്പരപ്പിച്ച കാര്യമെന്തെന്നാൽ അവൾക്ക് യാതൊരു ഭാവമാറ്റവും ഇല്ല എന്നുള്ളതാണ്…
ഇനിയും അവിടെ തന്നെ നിന്നാൽ അറ്റാക്ക് വരെ വന്നേക്കാമെന്നോർത്തിട്ടോണം ഞാൻ വളരെ പാട് പെട്ട് അവരെ അകത്തേക്ക് ക്ഷണിച്ചു.
ജഗ്ഗു ഇതാണ് എന്റെ ഫ്രണ്ട് ഞാൻ പറഞ്ഞിരുന്നില്ലേ നിള..'
” ആഹ് ഓർമയുണ്ട്.”
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ചിരിച്ചെന്നു വരുത്തി.
പുതിയൊരാളെ കാണുന്ന ഭാവത്തിൽ അവൾ എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു.
“എന്താ പേര്.” അവളാ ചോദ്യം ചോദിച്ചപ്പോൾ വെള്ളിടി നെഞ്ചിൽ വീണ പോലെ ആ ചോദ്യം വന്നെന്റെ നെഞ്ചിൽ തറച്ചു..
അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു പോയി.
” ജഗത്ത്.”
കഷ്ടപ്പെട്ട് ഞാൻ പറഞ്ഞൊപ്പിച്ചു.
അപ്പോഴാണ് ഞാൻ തനുവിനെ നോക്കുന്നത്. എന്താണ് നടക്കുന്നതെന്ന് അറിയാതെ അവൾ അപ്പോഴും അമ്പരപ്പിലാണ്.
എന്റെ കണ്ണ് നിറഞ്ഞത് അവൾ കണ്ടെന്നു തോന്നുന്നു. അവൾ കണ്ണടച്ചു കാണിച്ചു.
” തനു ഇവർക്കൊരു ചായ ഇടാമോ”
അവൾ കിച്ചണിലേക്ക് നടന്നു.
” ഐൽ ബി റൈറ്റ് ബാക്ക് ഗയ്‌സ് ”
എന്നൊരു കള്ളം അവരോട് പറഞ്ഞു ഞാൻ നേരെ എന്റെ റൂമിലേക്കാണ് പോയത്.. ഡോർ അടച്ചു കഴിഞ്ഞ് എന്റെ കണ്ണുകൾ നേരെ പോയത് ചുവരിലേക്കായിരുന്നു.
കുഞ്ഞാ.. നീയല്ലേ അത് !! അതോ അത് വേറെ ആരെങ്കിലും ആകുമോ.!!
നിനക്ക് എന്താ പറ്റിയത്.? നീ..
അത്രേം ആയപ്പോഴേക്കും എന്റെ സമനില ഏതാണ്ട് തെറ്റിയപോലെ എനിക്ക് തോന്നി…
അപ്പോഴേക്കും ഡോറിൽ മുട്ട് കേട്ടു.. തനു ആയിരിക്കുമെന്ന് കരുതി ഞാൻ മുഖമൊക്ക പെട്ടന്ന് തുടച്ചുകൊണ്ട് ഡോർ തുറന്നു.
പിന്നേം ഞാൻ ഞെട്ടി എന്ന് വേണം പറയാൻ. ദേ നിക്കുന്നു വാതിലിനപ്പുറം അവൾ. നിള…
” ന്താ മോനെ ജഗത്തെ നന്നായിട്ട് കരഞ്ഞ ലക്ഷണം ഉണ്ടല്ലോ മുഖത്ത്..”
“ഹേയ് ജസ്റ്റ് ..”
“തപ്പണ്ട. നിന്റെ മുഖം മാറിയാൽ എനിക്ക് മനസിലാകുമെന്ന കാര്യം നീ മറന്നോ.”
“കുഞ്ഞാ.”
“ഞാൻ ഇടർച്ചയോടെ വിളിച്ചു..”
“എന്തേ നിന്റെ കുഞ്ഞൻ നിന്നെ മറന്നുവെന്ന് വിചാരിച്ചോ ജിത്തൂ….”
അകത്തേക്ക് കയറിക്കൊണ്ട് എന്റെ കണ്ണിൽ നോക്കിയവൾ ചിരിച്ചു…
എനിക്ക് ഒന്നും മിണ്ടുവാൻ കഴിഞ്ഞില്ല.
അവൾ അകത്തേക്ക് കയറിക്കൊണ്ട് എന്റെ മുറിയാകെ ഒന്ന് കണ്ണോടിച്ചു. എന്റെയും അവളുടെയും ഫോട്ടോകൾ തൂക്കിയിട്ടിരിക്കുന്ന ചുവരിലേക്ക് നോക്കി അവൾ ഒരു നിമിഷം അമ്പരപ്പോടെ നിന്നു .
എന്നിട്ടൊരു സെക്കൻഡിൽ എന്റെ അടുത്തോട്ടു വന്നു എന്റെ മോന്തക്കിട്ടൊരെണ്ണം തന്നിട്ട് എന്റെ നെഞ്ചിലേക്ക് വീണവൾ പറഞ്ഞു…
“ഇത്രയ്ക്ക് ഉരുകിയിട്ടും ഒരിക്കൽ പോലും നിനക്കെന്നെയൊന്ന് വിളിക്കാനും തോന്നിയില്ലല്ലോടാ..നീ… നീ.”
അവൾ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു….ആ കരച്ചിലിനിടയിൽ എനിക്കൊന്നും വ്യക്തമാകുന്നുണ്ടായിരുന്നില്ല…
എനിക്ക് കരയണോ അതോ അവളെ ആശ്വസിപ്പിക്കണോ എന്ന് അറിയാൻ വയ്യാത്ത അവസ്ഥ…
പെട്ടന്ന് ഡോർ തുറക്കപ്പെട്ടു.
തിരിഞ്ഞു നോക്കിയപ്പോ തനു..
“എടാ നീയെന്തിനാ ഒറ്റയ്ക്ക് ഇവിടെ നിക്കണേ അങ്ങോട്ട് ചെല്ലു അവർ അന്വേഷിക്കുന്നുണ്ട്..”.
അവരോ ?.
അവൾ ഇവിടയല്ലേ എന്നൊരു സംശയത്തോടെ ഞാൻ എന്റെ നെഞ്ചിൽ ചാരി നിന്നിരുന്ന നിളയെ നോക്കുന്നു..
എവിടെ അവിടെ ആരും ഉണ്ടായിരുന്നില്ല !!
ഒക്കെയും തോന്നൽ മാത്രമായിരുന്നോ എന്റെ ദൈവമേ..!!
ഇനിയൊരു പരീക്ഷണം കൂടി താങ്ങാൻ എനിക്ക് വയ്യ.. പട്ടാപകലിലും കിളിപറന്ന് ഞാൻ അവിടെത്തന്നെ നിന്നു..
മുന്നിൽ അവളുണ്ട്. പക്ഷെ അവളല്ല അത്… നിളയ്ക്കൊരു മുഖംമൂടിയിട്ടത് പോലെ. !!
സത്യമെന്താണെന്നറിയാതെ എനിക്ക് വട്ടുപിടിക്കുന്നപോലെ തോന്നി.
എന്ത് ചെയ്യും, എവിടെ തുടങ്ങും ?. അവൾക്കെന്തായിരിക്കും പറ്റിയത് ? ഇങ്ങനെ സ്വയം ചോദ്യങ്ങളുമിട്ടുകൊണ്ട് ഞാൻ പുറത്തേക്ക് നടന്നു.
അവരുടെ മുന്നിലെത്തിയത് ഞാൻ അറിഞ്ഞിരുന്നില്ല.
“എന്താണ് ജഗ്ഗു ഒരു വല്ലാത്ത ആലോചന..”
റീതുവാണ്.
“ഏഹ് ആഹ്…”
“അതേ ലീവ് എടുക്കണോ ന്ന് അലോയ്ച്ചതാ നാട്ടിൽ പോകാൻ..”
സ്വബോധം വീണ്ടെടുത്ത ഞാൻ നാവിൽ വന്ന കള്ളമങ്ങു തട്ടിവിട്ടു.
“ഓ ജി… അല്ല ജഗത്തിന്റ നാടെവിടെയാണ്.
നിളയുടെ വകയാണ്..
“ജി… ജി… ന്നല്ലേ അവൾ തുടങ്ങിയത്… ജി.. ജിത്തു അല്ലേ..”
“ഹേയ് ജഗത്ത്…”
അവൾ പിന്നെയും വിളിച്ചു.
എന്താണ് ഇത്ര വല്യ ആലോചന ?.
“ഒന്നുമില്ല.. എന്റെയൊരു പഴയ കാമുകിയെ ഓർത്തതാണ്. തന്നെപോലെ തന്നെയാണ് അയാളും കാണാൻ.
തന്നെ കാണുമ്പോ അയാളെ ഓർമ്മ വരുന്നു അതാണ്.”
അത് ഞാനൊന്ന് എറിഞ്ഞതാണ് അവൾക്ക് കൊള്ളുമോ എന്നറിയാൻ.
അതിനിടയ്ക്ക് റീതു കേറി പറഞ്ഞു..
“ഓ വെറുതെയല്ല ഇവളുടെ ഫോട്ടോ കണ്ടപ്പോൾ നീ നിന്നത്… അല്ലേ… ഇതായിരുന്നോ…”
” അത് കൊള്ളാല്ലോ നൈസ്…. എന്നിട്ട് അയാൾ ഇപ്പോഴുമുണ്ടോ.”
കണ്ണുകൾ ഒന്ന് വിടർന്നു എന്നല്ലാതെ മറ്റൊന്നും അവളുടെ മുഖത്തു ഞാൻ കണ്ടില്ല… ഞാൻ എങ്ങനെ വിശ്വസിക്കും ഇത് എന്റെ നിളതന്നെയാണോ എന്ന് !! ഇവൾക്ക് എന്ത് പറ്റിയതാവും..?
ഇങ്ങനെ മാറുവാൻ മാത്രം !!
പലവിധ ചിന്തകൾ എന്റെ തലച്ചോർ കീറി മുറിച്ചുകൊണ്ടിരുന്നപ്പോഴും ഞാൻ മറുപടി പറഞ്ഞു.
” ഇല്ല അവളുടെ കല്യാണം കഴിഞ്ഞു. അറിയില്ല എവിടെയാണെന്ന്. ”
അത് പറഞ്ഞപ്പോൾ എന്തോ അവൾ തൊട്ട് മുന്നിലുണ്ടായിട്ടും എന്റെ നെഞ്ചിൽ എന്തോ തറഞ്ഞത് പോലെ തോന്നി.
ഓ..ശരി ജഗ്ഗു എന്നാ ഞങ്ങൾ ഇറങ്ങട്ടെ.. ഫ്ലാറ്റ് ഒക്കെ സെറ്റ് ചെയ്യാനുണ്ടേ… ഫ്രീ ആണേൽ വൈകിട്ട് രണ്ടാളും അങ്ങോട്ടേക്ക് ഇറങ്ങൂ.
ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങൾ ബാക്കിയാക്കിക്കൊണ്ട് യാന്ത്രികമെ ന്നോണം ഞാൻ അവരെ യാത്രയാക്കി..
അവൾ പോകുന്നത് നോക്കി നിന്നപ്പോ അവളെന്നെ തിരിഞ്ഞൊന്നുപോലും നോക്കിയില്ല എന്നുള്ളത് എനിക്ക് ഉൾകൊള്ളാനെ കഴിഞ്ഞില്ല… !!
എത്ര വട്ടം യാത്ര പറഞ്ഞു പോയതിനു ശേഷം എന്നെ തേടിയെത്തിയ കണ്ണുകളാണത്. എന്നെ ഒരു നോക്ക് കാണുവാൻ മാത്രം പരക്കം പാഞ്ഞ മിഴികൾ.. അതാണ് ഇപ്പോ തിരിഞ്ഞൊന്ന് നോക്കാതെ പൊയ്ക്കളഞ്ഞത്…
വാതിലടച്ചു വന്ന തനുവിന്റെ ചോദ്യങ്ങൾ ഞാൻ കേട്ടതുകൂടിയില്ല.
തളർന്നാ സോഫയിലേക്ക് ചാരുമ്പോഴും ഇടനെഞ്ചിൽ മുറിപ്പാട് പോലാ കണ്ണുകൾ ഉണ്ടായിരുന്നു.
പക്ഷെ ഞാനോ തനുവോ റീതുവോ അറിഞ്ഞില്ല അതേ കണ്ണുകൾ തന്നെ ഒരു വാതിലിനപ്പുറം എന്നെ തേടിയിരുന്നു എന്നുള്ളത്.!!